കോഴിക്കോട്: പ്രമുഖ സ്റ്റീൽ കമ്പനിയായ കള്ളിയത്ത് ഗ്രൂപ്പിലെ രേഖകളിൽ വൻ തിരിമറിയെന്ന് ആദായ നികുതി വകുപ്പ്. കേരളത്തിൽ ആദായ നികുതി വകുപ്പ് കണ്ടെത്തിയ ഏറ്റവും വലിയ തട്ടിപ്പാണ് ഈ ഗ്രൂപ്പിൽ കണ്ടെത്തിയത്. കള്ളിയത്ത് സ്റ്റീലിന്റെ ഫാക്ടറികൾ, ഷോറൂമുകൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയനിലാണ് നികുതിവെട്ടിപ്പ് പിടികൂടിയത്. 200 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

നോട്ട് നിരോധനത്തിന് ശേഷം അസാധുവായ നോട്ടുകൾ ഉപയോഗിച്ച് വിൽപ്പന നടന്നതായി പരിശോധനയിൽ കണ്ടെത്തി. കള്ളിയത്ത് ഗഫൂർ, നൂർഷാ മുഹമ്മദ്, യാസിർ അറഫത്ത് എന്നിവരുടെ ഉടമസ്ഥതയിലുള്ള കള്ളിയത്ത്, കൈരളി, ഭാരതി എന്നീ ഫാക്ടറികളിലും ഷോറൂമുകളിലുമാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. നോട്ട് അസാധുവാക്കലിന് ശേഷം കള്ളപ്പണം വെളുപ്പിക്കാൻ കള്ളിയത്തിലെ സംവിധാനങ്ങളെ ആരെങ്കിലും ഉപയോഗിച്ചോ എന്നതാണ് പ്രധാനമായും ആദായ നികുതി വകുപ്പ് പരിശോധിച്ചത്. ഇത് സാധൂകരിക്കുന്ന നിരവധി തെളിവുകൾ ആദായ നികുതി വകുപ്പിന് ലഭിച്ചിട്ടുണ്ട്.

കോഴിക്കോട്, പാലക്കാട്, എറണാകുളം തമിഴ്‌നാട്ടിലെ കരൂർ, കാങ്കയം എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലാണ് പരിശോധന നന്നത്. 37 സ്ഥലങ്ങളിലായി നടന്ന പരിശോധനയിൽ 200ലധികം ജീവനക്കാരാണ് പങ്കെടുത്തത്. ആദായനികുതി വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഹെന്നി ജോണിന്റെ നിർദ്ദേശത്തെ തുടർന്ന് ജോയിന്റെ ഡയറക്ടർ ഇയാസ് അഹമ്മദ്, ഡെപ്യൂട്ടി ഡയറക്ടർ ബെൻ മാത്യു വർക്കി, ഇന്റലിജൻസ് ഓഫീസർ കൃഷ്ണകാന്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. അതി നിർണ്ണായക രഹസ്യ വിവരമാണ് പ്രിൻസിപ്പൽ ഡയറക്ടർക്ക് ലഭിച്ചത്. ഈ സൂചനയിൽ പ്രഥാമികമായി സ്ഥിരീകരണവും ലഭിച്ചു. അതിന് ശേഷമായിരുന്നു പരിശോധന.

കള്ളിയത്ത് ഗഫൂർ, നൂർഷാ മുഹമ്മദ്, യാസിർ അറഫത്ത് എന്നിവരുടെ ഉടമസ്ഥതയിലുള്ള കള്ളിയത്ത്, കൈരളി, ഭാരതി എന്നീ ഫാക്ടറികളും ഷോറൂമുകളും പരിശോധിച്ചു.  കള്ളിയത്ത് ഉടമ അബ്ദുൾ ഗഫൂറിന്റെ കുടുംബ ചരിത്രം കേരളത്തിലെ ഇരുമ്പു വ്യവസായത്തിന്റെ ചരിത്രം കൂടിയാണ്. 1890ൽ പൊന്നാനിയിൽ ആദ്യമായി ഹാർഡ് വെയർ ബിസിനസ്സ് തുടങ്ങുന്നതു മുതലാണ് ഈ കമ്പനികളുടെ ചരിത്രം തുടങ്ങുന്നത്. വമ്പൻ വ്യവസായ സാമൃജ്യമായി വളർന്ന കള്ളിയത്ത് ഗ്രൂപ്പ് കുറച്ചു നാളുകളായി കേന്ദ്ര ഇന്റലിജൻസിന്റെ നിരീക്ഷണത്തിലാണ്. : ഐഎസുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞ പീസ് ഫൗണ്ടേഷനു കീഴിൽ പ്രവർത്തിക്കുന്ന പീസ് ഇന്റർനാഷണൽ സ്‌കൂളുമായി ഈ ഗ്രൂപ്പിന് ബന്ധമുണ്ടായിരുന്നു. ഇതേ തുടർന്ന് കേന്ദ്ര ഇന്റലിജൻസ് നോട്ടമിട്ട സ്ഥാപനത്തിലാണ് ഇപ്പോൾ പരിശോധനയും തെളിവെടുപ്പും നടന്നത്.

പീസ് ഇന്റർനാഷണൽ സ്‌കൂളിന്റെ ഡയറക്ടറാണ് കള്ളിയത്ത് ഗ്രൂപ്പിലെ നൂർഷാ. കൊച്ചി കേന്ദ്രീകരിച്ച് രാജ്യത്തിനകത്തും പുറത്തും വൻവ്യവസായം നടത്തുന്ന മറ്റ് ചിലരും ഡയറക്ടർമാരാണ്. ഇവരുടെ സാമ്പത്തിക സ്രോതസ്സ്, ഭീകരസംഘടനകളുമായും സമാന ആശയങ്ങളുമായും ഉള്ള ബന്ധം എന്നിവ ഇപ്പോൾ എൻഐഎയുടെ അന്വേഷണ പരിധിയിലാണ്. അതിനിടെയാണ് കള്ളിയത്ത് ഗ്രൂപ്പിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതും. എൻഐഎയുടെ നിർദ്ദേശാനുസരണം പാലാരിവട്ടം പൊലീസ് പീസ് സ്‌കൂളിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആദായ നികുതി വകുപ്പിന്റെ റെയ്ഡിലെ വിശദാംശങ്ങൾ എൻ ഐ എയും പരിശോധിക്കുമെന്നാണ് സൂചന. ആർക്ക് വേണ്ടിയാണ് നോട്ട് അസാധുവായതിന് ശേഷം കള്ളിയത്തിൽ കള്ളക്കളി നടന്നതെന്നതാകും പരിശോധിക്കുക.

കൊച്ചിയിലെ വ്യവസായപ്രമുഖരായ ബാബു മൂപ്പൻ, മേത്തർ കുടുംബാംഗമായ അൻവർ മേത്തർ എന്നിവരെയും പീസ് സ്‌കൂളുമായി ബന്ധപ്പെട്ട് അന്വേഷണവും പരിശോധനയും പുരോഗമിക്കുന്നുണ്ട്.