കൊച്ചി: സാബു എം ജേക്കബിന്റെ കിറ്റെക്സിൽ വീണ്ടും മിന്നൽ പരിശോധന. കൃഷി വകുപ്പും മലിനീകരണ നിയന്ത്രണബോർഡും ചേർന്നാണ് കിറ്റക്സിൽ മിന്നൽ പരിശോധന നടത്തിയത്.

നിലവിൽ 15,000 പേർ പണിയെടുക്കുന്ന കിറ്റെക്സ് കൂടി പൂട്ടിക്കാനാണ് സർക്കാർ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്ന് പരിശോധനയ്ക്ക് പിന്നാലെ സാബു പ്രതികരിച്ചു. വ്യവസായ ശാലകളിൽ തുടർച്ചയായ പരിശോധനയും മിന്നൽ പരിശോധനയും ഉണ്ടാവുകയില്ലെന്നും ഇതിനായി കേന്ദ്രീകൃത സംവിധാനം ഒരുക്കുമെന്നും വ്യവസായ മന്ത്രി ആവർത്തിച്ച് പ്രഖ്യാപിക്കുമ്പോഴാണ് കിറ്റെക്സിൽ വീണ്ടും വീണ്ടും പരിശോധനയെന്നതാണ് വിരോധാഭാസം. സർക്കാരും മന്ത്രിമാരും എന്ത് പറഞ്ഞാലും ഉദ്യോഗസ്ഥരാജാണ് കേരളത്തിൽ ഭരണം നടത്തുന്നതെന്നതിന്റെ തെളിവുകൂടിയാണിത്. ഇതിനെയാണോ ഏകജാലക വ്യവസായസംരംഭക സൗഹൃദം എന്ന് വിളിക്കുന്നതെന്നും സാബു ചോദിച്ചു.

ഇതു പതിമൂന്നാം തവണയാണ് ഉദ്യോഗസ്ഥരുടെ പരിശോധനയെന്നും കമ്പനി പൂട്ടിക്കുന്നതു ലക്ഷ്യമിട്ടാണ് ചിലരുടെ നീക്കങ്ങളെന്നും അദ്ദേഹം പറഞ്ഞു.കിറ്റെക്‌സിലെ പരിശോധനകൾ വിവാദമായതിനു പിന്നാലെ വ്യവസായശാലകളിൽ തുടർച്ചയായി മിന്നൽ പരിശോധനകളുണ്ടാവില്ലെന്നും കേന്ദ്രീകൃത സംവിധാനം ഒരുക്കുമെന്നും വ്യവസായ മന്ത്രി പി. രാജീവ് പ്രഖ്യാപിച്ചിരുന്നു. മന്ത്രിയുടെ പ്രഖ്യാപനം അവഗണിച്ച് ആവർത്തിക്കുന്ന ഈ പരിശോധനകൾ ഉദ്യോഗസ്ഥരാജാണ് ഇവിടെ നടക്കുന്നത് എന്നതിന്റെ തെളിവാണെന്ന് സാബു ജേക്കബ് കുറ്റപ്പെടുത്തി.സർക്കാർ വേട്ടയാടലിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് തുടങ്ങാനിരുന്ന 3,500 കോടിയുടെ ഉപേക്ഷിക്കുന്നതായി കിറ്റെക്‌സ് പ്രഖ്യാപിച്ചിരുന്നു.