കുന്ദമംഗലം: സർക്കാരിന്റെ യാതൊരു അനുമതിയുമില്ലാതെ ചാത്തമംഗലം വെള്ളന്നൂരിൽ പ്രവർത്തിച്ചിരുന്ന ടീം ബി ചാരിറ്റബിൾ ട്രസ്റ്റിന്റെ ഫ്ലാറ്റിൽ പൊലീസ് റെയ്ഡ് നടത്തി. കുന്ദമംഗലം പൊലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ ജയൻ ഡൊമിനിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പൊലീസിന്റെ കൃത്യനിർവ്വഹണത്തിന് തടസ്സം നിന്ന അഞ്ചു പോരെ പൊലീസ് അറസ്റ്റ് ചെയ്തു. ടീം ബി ചാരിറ്റബിൾ ട്രസ്റ്റ് മാനേജർ പുവാട്ടുപറമ്പ് കളരി പുറായിയിൽ യാസർ അറാഫത്ത്, അർജുൻ, ജംഷീർ, ഷാഹുൽ, അജ്മൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  സാമൂഹ്യ വകുപ്പ് സീനിയർ സൂപ്രണ്ട് ജോസഫ് റിബല്ലോ സ്ഥലത്തെത്തിയിരുന്നു.

ഈ സ്ഥാപനത്തിന് സാമൂഹ്യനീതി വകുപ്പ് അനുമതി നൽകിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ട്രസ്റ്റിൽ താമസിച്ചിരുന്ന രണ്ടു പ്രായമായ സ്ത്രീകളേയും ഒരു പുരുഷനേയും സാമൂഹ്യ നീതി വകുപ്പ് ഏറ്റെടുത്തു. രണ്ടു പുരുഷന്മാരും 22 വയസ്സുള്ള ഒരു യുവതിയും സ്വന്തം വീടുകളിലേക്ക് പോവുകയാണെന്ന് അറിയിച്ചതിനെ തുടർന്ന് പൊലീസ് ഇവരെ വീടുകളിലേക്ക് പറഞ്ഞു വിട്ടു.

ഒരു മാസം മുമ്പ് മണാശ്ശേരി സ്വദേശിയായ യുവതിയെ ഇവിടെ താമസിപ്പിച്ചിരുന്നു. ഈ യുവതിയെ ഇവിടെ നിന്ന് കാണാതായതോടെയാണ് ഫോർവേഡ് ബ്ലോക്ക് സംസ്ഥാന കമ്മറ്റിയംഗം ബഷീർ പുവാട്ടുപറമ്പിൽ ചെയർമാനായ ടീം ബി ചാരിറ്റബിൾ ട്രസ്റ്റിനെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇവിടെ താമസിപ്പിച്ച യുവതിക്ക് ഫ്ലാറ്റിൽ വെച്ച് കഞ്ചാവും മയക്കും മരുന്നും നൽകാൻ ശ്രമിച്ചതായി യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഈ ഫ്ലാറ്റിൽ അന്യ സ്ഥലങ്ങളിൽ നിന്ന് ആളുകളെത്തിയതിനെ തുടർന്ന് ടീം ബി ചാരിറ്റബിൾ ട്രസ്റ്റിനെ കുറിച്ചും ഇവിടെ നടക്കുന്ന അനാശാസ്യ പ്രവർത്തനങ്ങളെ കുറിച്ചും അന്വേഷണം നടത്തണമെന്ന് ഡിവൈ.എഫ്.ഐ ആവശ്യപ്പെട്ടിരുന്നു.

ഫോർവേഡ് ബ്ലോക്ക് സംസ്ഥാന സമിതി അംഗമായ ബഷീർ പൂവ്വാട്ടുപറമ്പ് ചെയർമാനായിട്ടുള്ള സ്ഥാപനമാണ് ടീം ബി ചാരിറ്റബിൾ ട്രസ്റ്റ്. പൂവ്വാട്ടുപറമ്പിലും വെള്ളന്നൂരിലുമായി രണ്ട് ഹോസ്റ്റലുകളാണ് സ്ഥാപനത്തിനുള്ളത്. രോഗികളും മാനസികപ്രശ്‌നങ്ങളുമുള്ള ചിലയാളുകളും വീടില്ലാത്ത അനാഥരായ ചിലയാളുകളുമാണ് രണ്ടിടങ്ങളിലുമായുള്ളത്. കുടുംബപ്രശ്‌നങ്ങൾക്ക് ഇടനിലക്കാരായി നിന്ന് പരിഹാരം കണ്ടെത്തുകയും അവരിൽ നിന്ന് പണം കൈപറ്റിയുമാണ് ട്രസ്റ്റിന്റെ പ്രവർത്തനം. എന്നാൽ ട്രസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്നത്. അന്തേവാസികളെ ട്രസ്റ്റിലുള്ളവർ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നും ട്രസ്റ്റിൽ നിന്നും നേരത്തെ കഞ്ചാവ് കണ്ടെത്തിയിരുന്നുവെന്നുമെല്ലാമുള്ള ആരോപണങ്ങൾ ഈ ഘട്ടത്തിൽ ഉയർന്നു വരുന്നുണ്ട്