തിരുവനന്തപുരം: ചാർട്ടേഡ് അക്കൗണ്ടന്റായ സുരേഷ് പ്രഭൂവാണ് റെയിൽവേ മന്ത്രി. കണക്കുളാണ് അദ്ദേഹത്തിന് താൽപ്പര്യം. അതുകൊണ്ട് തന്നെ വൈവിധ്യവൽക്കരണത്തിന്റെ പേരിൽ നൽകുന്ന ഓരോ സേവനവും യാത്രക്കാരെ പിഴിയുന്നതായി മാറുന്നു. സാധാരണക്കാരുടെ പോക്കറ്റ് കാലിയാക്കുന്ന ചില പരിഷ്‌കാരങ്ങൾ കൂടി റെയിൽവേ ഉടൻ നടപ്പിലാക്കും.

റെയിൽവേയുടെ ടിക്കറ്റ് ബുക്കിങ്, കാൻസൽ സംവിധാനങ്ങൾ എയർ ടിക്കറ്റ് മാതൃകയിൽ അഴിച്ചുപണിയാൻ നിർദ്ദേശം. കേൾക്കുമ്പോൾ സുഖമുണ്ടെങ്കിലും യാത്രക്കാർക്ക് ഒട്ടും ഗുണകരമല്ല തീരുമാനം. വരുമാനം കുട്ടുന്നതിന് കണ്ടുപിടിച്ച ഈ പുതിയ മാർഗം ചൊവ്വാഴ്ച ഡൽഹിയിൽ ചേർന്ന റെയിൽവേ സോണൽ കമേഴ്‌സ്യൽ മാനേജർമാരുടേയും റെയിൽവേ അനുബന്ധ സേവന മേഖലയിലെ അധികൃതരുടേയും യോഗം ചർച്ച ചെയ്തു. അടുത്ത ബഡ്ജറ്റിൽ ഇത് അവതരിപ്പിച്ച് ഏപ്രിൽ മുതൽ നടപ്പാക്കാനാണ് നിർദ്ദേശം.

എയർ ടിക്കറ്റ് മാതൃകയിൽ നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് കുറഞ്ഞ നിരക്കും ഓരോ പത്തുദിവസം കഴിയുമ്പോഴും നിരക്ക് കൂട്ടികൊണ്ടുവരാനുമാണ് നിർദ്ദേശം. ബുക്ക് ചെയ്ത ടിക്കറ്റ് കാൻസൽ ചെയ്യുമ്പോഴും ഇതേ രീതി തുടരും. ഇതുവഴി യാത്രക്കാരിൽ നിന്ന് നല്ല വരുമാനമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ. 120 ദിവസം മുമ്പ് ടിക്കറ്റ് മുൻകൂർ ബുക്ക് ചെയ്യാം.നിർദ്ദേശം നടപ്പാക്കുകയാണെങ്കിൽ ഒരേ റൂട്ടിൽ കുറഞ്ഞത് പന്ത്രണ്ട് തവണ ടിക്കറ്റ് നിരക്ക് ഉയർത്താൻ കഴിയും. ദിവസം 12,600 ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. ഇതിനൊപ്പം തിരിക്ക് കൂടുമ്പോൾ അതനുസരിച്ച് നിരക്ക് ഉയർത്തുന്നതും പരിഗണനയിലുണ്ട്. നിലവിലെ തൽകാൽ സംവിധാനത്തിന് പുറമേയാകും ഇത്.

നിലവിൽ 120 ദിവസം മുമ്പായാലും യാത്ര ആരംഭിക്കുന്ന ദിവസം ബുക്ക് ചെയ്താലും ഒരേ നിരക്കിൽ ടിക്കറ്റ് വാങ്ങാം. തത്കാൽ ടിക്കറ്റ് സംവിധാനമുപയോഗിച്ച് ടിക്കറ്റെടുത്താൽ മാത്രമാണ് അധികചാർജ്ജ് നൽകേണ്ടിവരിക. ഈ സംവിധാനമാണ് അഴിച്ചുപണിയുന്നത്. ബഡ്ജറ്റിൽ നിരക്ക് വർദ്ധന വരുത്താതെ വരുമാനം കൂട്ടാനുള്ള നീക്കമാണ് ഇത്. കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിന്റേതാണ് ആശയം.

ഇകാറ്ററിങ്, മൊബൈൽ ഫോൺ ടിക്കറ്റ് കാൻസലിങ് സംവിധാനം എന്നിവ കൂടുതൽ കാര്യക്ഷമാമാക്കാനും വിപുലമാക്കാനും യോഗം തീരുമാനിച്ചു. മൊബൈൽ ഫോൺ ടിക്കറ്റ് കാൻസൽ സംവിധാനം ഡിസംബറിൽ മുംബയിൽ ആരംഭിക്കും. റെയിൽവേ സംരക്ഷണ സേനയിലേക്ക് 16000 പേരെ ഉടൻ റിക്രൂട്ട് ചെയ്യാനും ജീവനക്കാരുടെ ഒഴിവുകൾ പരിഹരിക്കാൻ നടപടിയെടുക്കാനും യോഗം തീരുമാനിച്ചു.