ന്യൂഡൽഹി: എസി സ്ലീപ്പർ കോച്ചുകളിൽ ലഭിക്കുന്ന പുതപ്പിൽ നാറ്റം അനുഭവപ്പെടുന്നുണ്ടെന്നു നിരവധി തവണ പരാതി ഉയർന്നിട്ടുണ്ട്. ഇപ്പോഴിതാ അതിനു കാരണം റെയിൽവെ സഹമന്ത്രി തന്നെ രാജ്യസഭയിൽ പറഞ്ഞിരിക്കുന്നു.

ട്രെയിനുകളിലെ പുതപ്പ് കഴുകുന്നത് രണ്ട് മാസത്തിലൊരിക്കൽ മാത്രമാണെന്ന് കേന്ദ്ര റെയിൽവെ സഹമന്ത്രി മനോജ് സിൻഹ അറിയിച്ചു. രാജ്യസഭയിലെ ചോദ്യോത്തരവേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ട്രെയിനിലെ എ.സി സ്ലീപ്പർ കോച്ചിൽ ലഭിക്കുന്ന പുതപ്പുകൾ ചൊറിച്ചിലും നാറ്റവും അനുഭവിപ്പിക്കുന്നുണ്ടെങ്കിൽ അത് സ്വാഭാവികം മാത്രമെന്ന് മന്ത്രിയുടെ മറുപടി വ്യക്തമാക്കിയിരിക്കുകയാണ്. വിരിയും തലയിണ കവറും എല്ലാ ദിവസവും കഴുകാറുണ്ടെന്നും എന്നാൽ പുതപ്പ് രണ്ട് മാസം കൂടുമ്പോഴേ കഴുകാറുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി.

41ഓളം യന്ത്രവത്കൃത അലക്കുകേന്ദ്രങ്ങളാണ് ഇന്ത്യൻ റെയിൽവേയ്ക്കുള്ളത്. 25 എണ്ണം കൂടി രണ്ട് വർഷത്തിനുള്ളിൽ പുതുതായി സ്ഥാപിക്കും, അലക്കുകേന്ദ്രങ്ങളില്ലാത്ത സ്ഥങ്ങളിൽ പുറം കരാർ കൊടുക്കുകയാണ് പതിവെന്നും മന്ത്രി പറഞ്ഞു.