ന്യൂഡൽഹി: എല്ലാ റെയിൽവേ ബജറ്റ് അവതരണവും കഴിയുമ്പോൾ കേരളത്തിന് എന്തുകിട്ടിയെന്ന സ്വാഭാവിക ചോദ്യം ഉയരാറുണ്ട്. വൻകിട പദ്ധതികൾ സംസ്ഥാനത്തിന് അധികഭാരമാണെന്ന തിരിച്ചറിവിൽ അതിന് വേണ്ടി ഇവിടുത്തെ ഭരണക്കാർ കാര്യമായി അത്തരം പദ്ധതികൾക്ക് വേണ്ടി ശ്രമിക്കാറുമില്ല. പാത ഇരട്ടിപ്പിക്കലുകൾ പൂർത്തിയാക്കുകയും വൈദ്യൂതികരണവുമാണ് സംസ്ഥാനത്തെ റെയിൽവേ വികസനകാര്യത്തിൽ അടിസ്ഥാനപരമായി വേണ്ട പദ്ധതികൾ. ഈ രണ്ട് കാര്യങ്ങൾക്ക് വൻപരിഗണന ലഭിച്ചില്ലെങ്കിലും ആശ്വസിക്കാനുള്ള വക റെയിൽവേ മന്ത്രി സുരേഷ് പ്രഭു നൽക്ിയിട്ടുണ്ട്.

സംസ്ഥാനത്തിന്റെ ചിരകാല ആവശ്യമായ പാലക്കാട് കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറിക്ക് 514 കോടി രൂപ വകയിരുത്തി എന്നതാണ് സംസ്ഥാനത്തിന് റെയിൽവേ ബജറ്റിൽ ലഭിച്ച പ്രധാന പരിഗണന. അതേസമയം പദ്ധതി പിപിപ വഴിയാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്നും ബജറ്റിൽ സൂചിപ്പിക്കുന്നുണ്ട്. നിലവിൽ നവീകരണം നടക്കുന്ന റെയിൽവേ പാതകൾക്ക് കൂടുതൽ തുക വകയിരുത്തി. കേരളത്തിൽ പാത ഇരട്ടിപ്പിക്കലിന് 158 കോടി രൂപയാണ് വകയിരുത്തിയത്. കോട്ടയം വഴിയും ആലപ്പുഴ വഴിയും പാത ഇരട്ടിപ്പിക്കലിന് 600 കോടി രൂപയെങ്കിലും വേണമെന്നിരിക്കെയാണ് 158 കോടി അനുവദിച്ചത്. ഇത് അപര്യാപ്തമാണെന്നാണ് പ്രതീക്ഷ. ഇക്കാര്യത്തിൽ അതത് മണ്ഡലത്തിൽ എംപിമാർ ഉന്നയിച്ച ആവശ്യങ്ങൾക്ക് ലഭിച്ച അംഗീകാരമായി വേണം പുതിയ പാതകൾക്ക് പണം അനുവദിച്ചതിനെ കണക്കാക്കാൻ.

പാത ഇരട്ടിപ്പിക്കലിനായി കേരളത്തിന് ലഭിച്ച തുക ഇങ്ങനെയാണ്:

  • കൊല്ലം-വിതുരനഗർപാതയ്ക്ക് 8.5 കോടി
    അങ്കമാലി-ശബരിപാതയ്ക്ക് 5 കോടി
    ചെങ്ങന്നൂർ-ചിങ്ങവനം 58 കോടി
    മംഗലാപുരം-കോഴിക്കോട് പാത ഇരട്ടിപ്പക്കലിന് 4.5 കോടി
    തിരുനാവായ-ഗുരുവായൂർ പാതയ്ക്ക് ഒരു കോടി
    ചേപ്പാട-്കായംകുളം പാതഇരട്ടിപ്പക്കലിന് ഒരു കോടി
    അമ്പലപ്പുഴ-ഹരിപ്പാട് 55 കോടി
    എറണാകുളം-കുമ്പളം 30 കോടി

കൊച്ചുവേളി ടെർമിനലിന്റെ രണ്ടാം ഘട്ടത്തിന് 45 ലക്ഷം രൂപ നീക്കിവച്ചു. തിരുവനന്തപുരം - കന്യാകുമാരി പാത ഇരട്ടിപ്പിക്കലിനായി 20.58 കോടിയുടെ വിഹിതവും നീക്കിവച്ചിട്ടുണ്ട്. പുതിയ ട്രെയിനുകളെക്കുറിച്ചുള്ള പ്രഖ്യാപനം ഈ സമ്മേളനത്തിൽത്തന്നെ ഉണ്ടാകുമെന്നു കേന്ദ്രമന്ത്രി സുരേഷ് പ്രഭു പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിനു പുതിയ ട്രെയിനുകളുണ്ടോയെന്ന കാര്യം അപ്പോഴേ അറിയാനാകൂ. അതേസമയം പാതഇരട്ടിപ്പിക്കൽ പൂർത്തിയാകാതെ പുതിയ ട്രെയിനുകൾ അനുവദിക്കേണ്ടെന്ന നിലപാടാണ് കേരളത്തിലെ റെയിൽവേ വൃത്തങ്ങൾ നൽകുന്നത്.