ന്യൂഡൽഹി: അടുത്തിടെ ഇന്ത്യൻ റെയിൽവേ പുറത്തിറക്കിയ സോളാർ ഡീസൽ മൾട്ടിപ്പിൾ യൂണിറ്റ് ട്രെയിനുകൾ (ഡെമു) വിജയമാണെന്നും താമസിയാതെ കൂടുതൽ ട്രെയിനുകളിൽ പരീക്ഷണം നടന്നേക്കുമെന്നം റിപ്പോർട്ട്. സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രെയിനുകൾ ഡീസൽ ബില്ലിനൊപ്പം കാർബൺ ബഹിർഗമനം മൂലമുണ്ടാകുന്ന പരിസ്ഥിതി മലീനീകരണവും കുറയ്ക്കുമെന്നും മാത്രമല്ല, വൻ സാമ്പത്തിക ലാഭത്തിനും വഴിയൊരുക്കുമെന്നുമാണ് റെയിൽവെ മന്ത്രാലയം കണക്കുകൂട്ടുന്നത്.

ആദ്യ ഘട്ടത്തിൽ ഡൽഹിയിലെ സരായ് റോഹില്ല സ്‌റ്റേഷനിൽ നിന്നും ഹരിയാനയിലെ ഫറൂഖ് നഗറിലേക്കായിരിക്കും ട്രെയിൻ സർവീസ് നടത്തുക. പദ്ധതി വിജയകരമാണെന്ന് തെളിഞ്ഞാൽ സർവീസ് കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കും.

ഇന്ധനാവശ്യത്തിന് ഉള്ള തുകയിൽ ഗണ്യമായ കുറവു വരാൻ ഡെമു ട്രെയിനുകൾ ഇടയാക്കുമെന്ന പ്രതീക്ഷയിലാണ് റെയിൽവെ. ഇതിന് പരിഹാരമെന്ന നിലയിൽ മാത്രമല്ല, പരിസ്ഥിതി മലിനീകരണത്തോത് കുറയ്ക്കുകയെന്ന ലക്ഷ്യവും ഡെമു ട്രെയിനുകളുടെ പ്രഖ്യാപനത്തിൽ ഉണ്ടായിരുന്നു. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മിച്ച സോളാർ ബോഗികൾ കഴിഞ്ഞ ആഴ്ചയാണ് റെയിൽവെ പുറത്തിറക്കിയത്.

4.5 കിലോവാട്ട് ശക്തിയുള്ള 16 സോളാർ പാനലുകളാണ് ഒരു ബോഗിയിൽ ഉള്ളത്. പകൽ സൗരോർജ്ജം ശേഖരിച്ചു വയ്ക്കുന്ന ബാറ്ററി ബാങ്കുകളിൽ നിന്നുള്ള വൈദ്യുതി രാത്രികാലങ്ങളിൽ ഉപയോഗിക്കാമെന്ന മേന്മയുമുണ്ട്. ആറു കോച്ചുകളുള്ള ഡെമു ട്രെയിനിൽ സോളാർ ബോഗികൾ ഉപയോഗിച്ചാൽ 21,000 ലിറ്റർ ഡീസൽ ലാഭിക്കാമെന്നാണ് കണക്കുകൾ. ട്രെയിനിന്റെ ആറ് കോച്ചുകളിലായി 16 സൗരോർജ പാനലുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഒരോ പാനലുകളും 300 വാട്ട് പീക്ക് ശേഷിയുള്ളതാണ്. കേന്ദ്ര സർക്കാരിന്റെ മേക്ക് ഇൻ ഇന്ത്യ പദ്ധതിക്കു കീഴിൽ വികസിപ്പിച്ച സോളാർ പാനലുകൾക്ക് 54 ലക്ഷം രൂപയാണ് ചെലവ്.

കൂടുതൽ ഡെമു ട്രയിനുകൾ നടപ്പായാൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ ഊർജ സംരക്ഷണത്തിൽ മാത്രം് 41,000 കോടി ലാഭിക്കണമെന്ന പദ്ധതിയാണ് റെയിൽവെ നടപ്പാക്കുന്നത്. നിലവിൽ റെയിൽവേയുടെ ചെലവിനത്തിൽ 24.16 ശതമാനവും ചെലവിടുന്നത് ഡീസൽ ഇനത്തിലാണ്. ഇത് ഗണ്യമായി കുറയും. ഇന്ധന ചെലവ് 14.72 ശതമാനത്തിലെത്തിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് സോളാർ ട്രെയിനുകൾ പുറത്തിറക്കിയത്.