- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടൗട്ടയും യാസും നൽകിയത് റിക്കോർഡ് മഴ; ഇനി ഇടിവെട്ടി മഴ പെയ്യും ഇടവപ്പാതിക്കാലം; തെക്കുപടിഞ്ഞാറൻ കാലവർഷം ഉടൻ കേരളത്തിൽ എത്തും; മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാം; കേരളത്തിലും ലക്ഷദ്വീപിലും മീൻ പിടിത്തത്തിന് വിലക്ക്; വീണ്ടും കാലവർഷ ജാഗ്രതയിൽ കേരളം
തിരുവനന്തപുരം: ഇടവപ്പാതി അഥവാ തെക്കുപടിഞ്ഞാറൻ കാലവർഷം ഉടൻ കേരളത്തിൽ എത്തും. കാലവർഷം 31-നോ അതിനടുത്ത ദിവസങ്ങളിലോ എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കാം. വിവിധ ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂൺ ഒന്നുവരെ കേരളത്തിലും ലക്ഷദ്വീപിലും മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാം. മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശം നൽകി.
ഒരാഴ്ചയ്ക്കിടെയുണ്ടായ രണ്ടു ചുഴലിക്കാറ്റിൽ കേരളത്തിനു ലഭിച്ചത് റെക്കോഡ് മഴയാണ്. അറബിക്കടലിൽ രൂപപ്പെട്ട ടൗട്ടെ ചുഴലിക്കാറ്റും ബംഗാൾ ഉൾക്കടലിലുണ്ടായ യാസ് ചുഴലിക്കാറ്റുംമൂലം ആറുദിവസത്തിൽ കേരളത്തിൽ പെയ്തത് ശരാശരി 362.9 മില്ലിമീറ്റർ മഴ. അതുകൊണ്ട് തന്നെ കാലവർഷം തിമിർത്ത പെയ്താൽ പ്രതിസന്ധി രൂക്ഷമാകും. ഇതിന് വേണ്ട മുൻകരുതലുകൾ സർക്കാർ എടുക്കുന്നുണ്ട്. ചുഴലിക്കാറ്റുമൂലമുണ്ടാകുന്ന മഴയ്ക്ക് നേരിയ ശമനമാകുമ്പോഴാണു കേരളം കാലവർഷത്തെ നേരിടാനൊരുങ്ങുന്നത്.
കേരളത്തിൽ കാലവർഷം ഏറ്റവും നേരത്തേ എത്തിയത് 1918-ലാണ്. മെയ് 11-ന്. ഏറ്റവും വൈകി എത്തിയത് 1972 ജൂൺ 18-നാണ്. 2000 മുതൽ 2020 വരെയുള്ള കാലയളവിൽ 2009-ലാണു കാലവർഷം ഏറ്റവും നേരത്തേ എത്തിയത്- മെയ് 23-നും. അതുകൊണ്ട് തന്നെ പ്രതീക്ഷിച്ച സമയത്താണ് ഇത്തവണ കാലാവർഷം എത്തുന്നത്. എന്നാൽ അതിന് മുമ്പെത്തിയ രണ്ട് ചുഴലികൾ കേരളത്തെ മഴയാൽ സമ്പന്നമാക്കിയിട്ടുണ്ട്.
ഞായറാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നീ ജില്ലകൾക്കാണ് മഞ്ഞ മുന്നറിയിപ്പ്. 31-ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, ജൂൺ ഒന്നിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നിവിടങ്ങിൽ കനത്ത മഴ പെയ്യാം. ജൂൺ രണ്ടിന് തിരുവനന്തപുരം മുതൽ എറണാകുളംവരെയുള്ള ഏഴുജില്ലകൾക്ക് മഞ്ഞ മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടുണ്ടാക്കിയ സംവിധാനങ്ങൾ തുടരുന്നതിനാൽ കാലവർഷത്തെ മികച്ച രീതിയിൽ നേരിടാമെന്നാണ് സർക്കാർ പ്രതീക്ഷ.
ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ഏറ്റവുംകൂടുതൽ മഴപെയ്തത് പത്തനംതിട്ട ജില്ലയിലാണ് - 536.9 മില്ലിമീറ്റർ. രണ്ടും മൂന്നും സ്ഥാനങ്ങളിൽ കോട്ടയം (477.2), എറണാകുളം (469.9) ജില്ലകളാണ്. ഏറ്റവുംകുറവ് മഴ വയനാട് (208.4), കാസർകോട് (210.3) ജില്ലകളിലാണു ലഭിച്ചത്. ഈ മാസം ഒന്നുമുതൽ 31 വരെ ലഭിക്കേണ്ട ശരാശരി മഴ 223.7 മില്ലിമീറ്റർ മാത്രമാണെന്നിരിക്കെ ഇതുവരെ 548.3 മില്ലിമീറ്റർ മഴ ലഭിച്ചുകഴിഞ്ഞു. അറബിക്കടലിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റിന്റെ ഭാഗമായി കേരളത്തിൽ മഴ പെയ്യുന്നത് പതിവായിട്ടുണ്ട്.മുൻപ് ഇത്തരത്തിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റ് ഗുജറാത്ത്, ഗൾഫ്, പാക്കിസ്ഥാൻ തുടങ്ങിയ മേഖലകളെയാണു കൂടുതൽ ബാധിച്ചിരുന്നത്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കുന്നതുസാധാരണമാണ്. അടുത്തകാലത്തായി അറബിക്കടലിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റുകളുടെ എണ്ണം വർധിക്കുന്നതും കേരളത്തിൽ മഴ കൂടുതൽ ലഭിക്കുന്നതിനു കാരണമാകുന്നു. 13-16 വരെ നാലുദിവസമാണ് ടൗട്ടെയുടെ സ്വാധീനമുണ്ടായത്. ഇതിലൂടെ 268 മില്ലിമീറ്റർ മഴ ലഭിച്ചു. യാസ് സ്വാധീനമുണ്ടായത് 25, 26 തീയതികളിലാണ്. രണ്ടുദിവസത്തിൽ പെയ്തത് 94.9 മില്ലിമീറ്റർ മഴ. ടൗട്ടെ മൂലം എറണാകുളം ജില്ലയിലാണു ( 323.8 മില്ലീമീറ്റർ) കൂടുതൽ മഴ ലഭിച്ചത്. യാസിന്റെ വരവിൽ കൂടുതൽ മഴ കിട്ടിയത് പത്തനംതിട്ട ( 205.6) ജില്ലയിലും.
മറുനാടന് മലയാളി ബ്യൂറോ