- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിനു മുകളിലും സമീപത്തുമായി ചക്രവാതച്ചുഴിയും വടക്കൻ കേരളം മുതൽ വിദർഭ വരെ ന്യൂനമർദ പാത്തിയും; മഴ ഞായറാഴ്ച വരെ ശമനമില്ലാതെ തുടരും; അണക്കെട്ടുകൾ ഉയരുമ്പോൾ പ്രളയ ഭീതി ശക്തം; കുട്ടനാടും ആശങ്കയിൽ; മത്സ്യബന്ധനത്തിന് വിലക്ക്; തീരപ്രദേശത്ത് അതീവ ജാഗ്രത; ബംഗളൂരുവിലും ദുരിതം
തിരുവനന്തപുരം: അണക്കെട്ടുകൾ നിറയുകയാണ്. പ്രളയ ഭീതിയിലാണ് മധ്യ കേരളം. അതിനിടെ സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കേരളത്തിനു മുകളിലും സമീപത്തുമായി ചക്രവാതച്ചുഴിയും വടക്കൻ കേരളം മുതൽ വിദർഭ വരെ ന്യൂനമർദ പാത്തിയും നിലനിൽക്കുന്നതിന്റെ ഫലമായാണിത്. ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ട്. 21 വരെ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ, തീരദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുത്.
ഇന്നു കാസർകോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നു ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.
കേരളത്തിന് മുകളിലും സമീപത്തുമായി ചക്രവാത ചുഴിയും വടക്കൻ കേരളം മുതൽ വിദർഭവരെ ന്യുനമർദ്ദ പാത്തിയും നിലനിൽക്കുന്നതിന്റെ ഫലമായാണിത്. കേരള തീരത്ത് മൂന്ന് മുതൽ 3.1 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ബോട്ട്, വള്ളം തുടങ്ങിയ മൽസ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാണമെന്നും ജാഗ്രതാ നിർദേശത്തിൽ പറയുന്നു. കടൽ പ്രക്ഷുബ്ധമാവാൻ സാധ്യതയുള്ളതിനാൽ തീരദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.
വേലിയേറ്റ സമയങ്ങളിൽ കൂടുതൽ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യങ്ങളിൽ കടലിലേക്കുള്ള മഴവെള്ളത്തിന്റെ ഒഴുക്കിനെ ബാധിക്കുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും സാധ്യതയുണ്ട്. മൽസ്യബന്ധനോപാധികൾ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണം. മത്സ്യത്തൊഴിലാളികൾക്കുള്ള മൽസ്യബന്ധന വിലക്ക് അവസാനിക്കുന്നത് വരെ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും അറിയിപ്പിൽ പറയുന്നു.
കോട്ടയത്തെ മലയോര മേഖലയിൽ രാത്രിയും പുലർച്ചെയും തകർത്തു പെയ്ത് മഴ ഭീതി ഉയർത്തുകയാണ്. മണിമല, മീനച്ചിൽ ആറുകളിൽ ജലനിരപ്പ് ഉയർന്നു. ജാഗ്രതാ ലെവലിനു താഴെയാണെങ്കിലും ജലനിരപ്പ് ഉയരുകയാണ്. പ്രധാന തോടുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായി. ഇത് ആറുകളിലെ ജലനിരപ്പ് ഉയരാൻ കാരണമായി. വനമേഖല ഉൾപ്പെടെയുള്ള മലയോരത്ത് തുടർച്ചയായി പെയ്യുന്ന മഴയാണ് മിക്കപ്പോഴും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്കു കാരണമാകുന്നത്.
മഴയ്‌ക്കൊപ്പം കിഴക്കൻ വെള്ളത്തിന്റെ വരവും തുടരുന്നതോടെ കുട്ടനാട്ടിൽ ജലനിരപ്പ് മുന്നറിയിപ്പ് നിലയ്ക്കു മുകളിലെത്തി. ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ പള്ളാത്തുരുത്തിയിലും നെടുമുടിയിലും നടത്തിയ പരിശോധനയിൽ ജലനിരപ്പ് മുന്നറിയിപ്പ് നിലയ്ക്കു മുകളിലെത്തിയിരുന്നു. തോട്ടപ്പള്ളി സ്പിൽവേയുടെ 2 ഷട്ടറുകൾ കൂടി ഉയർത്തിയതോടെ ആകെ 40 ഷട്ടറുകളിൽ 37 ഷട്ടറുകളും ഉയർത്തി. കുട്ടനാടും മഴ ഭീതിയിലാണ്.
കർണ്ണാടകയിലും കേരളത്തോട് ചേർന്നുള്ള തമിഴ്‌നാട്ടിലെ സ്ഥലങ്ങളിലും മഴ ശക്തമാണ്. മഴ കനത്തതോടെ ബെംഗളൂരു നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം. കഴിഞ്ഞ 2 ദിവസവും 100 മില്ലീമീറ്ററിൽ കൂടുതൽ മഴയാണു പെയ്തത്. 3 ദിവസത്തേക്കു കൂടി മഴ തുടരാൻ സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇതിനിടെ, 2 അതിഥി തൊഴിലാളികളെ പൈപ്പിടാനുള്ള കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
വീടുകളിൽ ചെളിവെള്ളം കയറി ഇലക്ട്രോണിക് ഉപകരണങ്ങൾ നശിച്ചു. നിരത്തുകളിൽ മരമൊടിഞ്ഞു വീണ് മണിക്കൂറുകളോളം വാഹന ഗതാഗതവും വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു. ബെംഗളൂരുവിലേക്കുള്ള ചില വിമാനങ്ങൾ ചെന്നൈയിലേക്ക് തിരിച്ചുവിട്ടു. ബെള്ളാരി ഹൈവേയിലെ അടിപ്പാതകൾ മുങ്ങിയതിനെ തുടർന്ന് വിമാനത്താവളത്തിലേക്കുള്ള പലരുടെയും യാത്ര മുടങ്ങി. പീനിയയിൽ ട്രാൻസ്‌ഫോമർ വെള്ളത്തിൽ മുടങ്ങിയതിനെ തുടർന്ന് മെട്രോ സർവീസ് ചൊവ്വാഴ്ച രാത്രി സർവീസ് മുടങ്ങിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ