- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഴമേഘം കടലിലേക്ക് ചോർപ്പിന്റെ ആകൃതിയിൽ ഇറങ്ങിവരുന്ന ജലസ്തംഭം; മേഘത്തിന്റെ ശക്തിയേറുമ്പോൾ ഉയരത്തിലേക്ക് ജലം വലിച്ചെടുക്കും; ബോട്ടുകളേയും വള്ളങ്ങളേയും വലിച്ചെടുക്കുന്ന വാട്ടർ സ്പൗട്ട്; അന്തരീക്ഷ ചുഴിയുണ്ടാക്കുന്ന 'വിൻഡ് ഗസ്റ്റ്'; പോരാത്തതിന് ഇരട്ട ന്യൂനമർദ്ദവും; മഴക്കെടുതിക്ക് ശമനമില്ല; കാലവർഷം തുടരുമ്പോൾ
കൊച്ചി: കാലവർഷത്തിനൊപ്പം കാറ്റും കേരളത്തിന് പ്രതിസന്ധിയാണ്. ചുഴലിക്കാറ്റിന് സമാനമായ കാറ്റിൽ നാശനഷ്ടം കേരളത്തിലുടനീളം ഉണ്ടാകുന്നു. ഇതിന് കാരണം മൺസൂൺ കാറ്റ് സംസ്ഥാനത്ത് ശക്തമാണെന്നും ഇതും മേഘങ്ങളിൽ നിന്നുള്ള വായുവും കാരണം ഉടലെടുക്കുന്ന പ്രതിഭാസമാണു ചിലയിടങ്ങളിൽ നാശമുണ്ടാക്കിയ 'വിൻഡ് ഗസ്റ്റ്' എന്ന കാറ്റെന്നും വിശദീകരണമെത്തുന്നു.
മഴയുള്ളിടത്താണ് ഈ അന്തരീക്ഷചുഴി അനുഭവപ്പെടുക. മൺസൂണിൽ വ്യാപകമാകേണ്ട മഴ പ്രാദേശികമായി മാറി. മുൻകൂട്ടി പ്രവചിക്കാനാവാത്ത ഈ പ്രതിഭാസമാണ് ഇത്. അഞ്ചോ പത്തോ മിനിറ്റു നേരത്തേക്കു മാത്രമെ നിലനിൽക്കൂ. എന്നാൽ നാശനഷ്ടങ്ങൾക്ക് കുറവുണ്ടാവുകയുമില്ല. കടലിലും കരയിലും ഒരു പോലെ അപകടം വിത്ക്കും ഈ കാറ്റ്. കോഴിക്കോട്ട് വെള്ളയിൽ ഫിഷ് ലാൻഡിങ് സെന്ററിൽ ചുഴലിക്കാറ്റിലും ജലസ്തംഭത്തിലും 5 ബോട്ടുകൾക്കു തകരാറുണ്ടായി.
വെള്ളം തൂണുപോലെ ഉയരുന്ന ജലസ്തംഭം (വാട്ടർ സ്പൗട്ട്) ഇന്നലെ രാവിലെ പത്തോടെയാണ് പ്രത്യക്ഷപ്പെട്ടത്. 5 മിനിറ്റോളം നീണ്ടുനിന്നു. മഴമേഘം കടലിലേക്ക് ചോർപ്പിന്റെ ആകൃതിയിൽ ഇറങ്ങിവരുന്നതാണ് ജലസ്തംഭം. മേഘത്തിന്റെ ശക്തിയേറുമ്പോൾ ഉയരത്തിലേക്ക് ജലം വലിച്ചെടുക്കും. അന്തരീക്ഷത്തിലെ നീരാവി, പൊടിപടലം, കാറ്റ് എന്നിവ കൂടിക്കലരുന്നതിനാൽ ഈ സമയം ഇരുട്ട് പരക്കും. അന്തരീക്ഷത്തിലെ ചൂടാണ് പ്രധാന കാരണം. മഴ പെയ്താൽ സ്തംഭം മറയും. പ്രതിഭാസം ബോട്ടുകളെ വലിച്ചെടുക്കുകയോ മറിക്കുകയോ ചെയ്യും. അതുകൊണ്ട് തന്നെ മീൻ പിടിത്തക്കാർക്ക് ഭീഷണി ഏറെയാണ്. മഴ കേരളത്തിൽ ശമനമില്ലാതെ തുടരുകയാണ്.
സംസ്ഥാനത്ത് ഇന്നും പരക്കെ മഴക്കാണ് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടും. വടക്കൻ ജില്ലകളിൽ തന്നെയാണ് കൂടുതൽ മഴ സാധ്യത. ആറ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. അറബിക്കടലിലെ ഇരട്ട ന്യൂനമർദ്ദമാണ് മഴ ശക്തമായി തുടരാൻ കാരണം. എന്നാൽ ഇനിയുള്ള ദിവസങ്ങളിൽ മഴയുടെ ശക്തി കുറയാനാണ് സാധ്യത. രൂക്ഷമായ കടലാക്രമണ മുന്നറിയിപ്പുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.
വടക്ക് കിഴക്കൻ അറബിക്കടലിൽ സൗരാഷ്ട്ര കച്ച് തീരത്തിന് സമീപമാണ് ശക്തികൂടിയ ന്യൂനമർദ്ദം നിലനിൽക്കുന്നത്. പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യുന മർദ്ദം ശക്തി പ്രാപിച്ചു തീവ്ര ന്യൂനമർദ്ദമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടൽ. ഒഡിഷ തീരത്തിനും സമീപപ്രദേശത്തിനും മുകളിലായും ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമാണ്. ജൂലൈ 17 മുതൽ മൺസൂൺ പാത്തി വടക്കോട്ടു സഞ്ചരിക്കാൻ സാധ്യതയുള്ളതിനാൽ ഉത്തരേന്ത്യയിൽ പരക്കെ മഴ ലഭിക്കുമെന്നാണ് പ്രവചനം.
സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ കാറ്റ് വീശുന്നത് അപൂർവ പ്രതിഭാസമെന്ന് കാലാവസ്ഥാ രംഗത്തെ വിദഗ്ദ്ധർ. കാലാവസ്ഥാ വ്യതിയാനം മൂലം മേഘങ്ങളുടെ ഘടനയിൽ വന്ന മാറ്റമാണ് കാരണമെന്നാണ് വിശദീകരണം. കാറ്റിന്റെ ദിശയോ വേഗമോ നിർണയിക്കാനാവാത്തതിനാൽ പ്രതിരോധിക്കുക എളുപ്പമല്ലെന്നും വിദഗ്ദ്ധർ പറയുന്നു. മാർച്ച് ഏപ്രിൽ മാസങ്ങളിൽ കൂന്പാര മേഘങ്ങൾ കാരണം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കാറ്റും മഴയും അനുഭവപ്പെടാറുണ്ടെങ്കിലും തെക്ക് പടിഞ്ഞാറൻ കാലവർഷത്തിനിടെ ഇത് കാണാറില്ല.
മേഘങ്ങൾ ചിലയിടത്ത് മാത്രം കൂടിച്ചേരുന്നതാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിലെ കാറ്റിന് കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. മേഘങ്ങളിൽ നിന്ന് വരുന്ന കാറ്റും അന്തരീക്ഷത്തിലെ കാറ്റും സംയോജിക്കുമ്പോഴാണ് ശക്തമായ ചുഴിയുണ്ടാകുന്നത്. മണിക്കൂറിൽ 60 മുതൽ 80 കിലോമീറ്റർ വരെയാണ് കാറ്റിന്റെ വേഗം. കോഴിക്കോട്ടും കോതമംഗലത്തും അനുഭവപ്പെട്ട കാറ്റിന് തീവ്രത കൂടുതലായിരുന്നെന്നും വിദഗ്ദ്ധർ പറയുന്നു. സമീപകാലത്തായി ഇത്തരം ചുഴികൾ വരുന്നത് വർധിച്ചതായും ഇക്കാര്യത്തിൽ കൂടുതൽ പഠനം വേണമെന്നും കാലാവസ്ഥാ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
മറുനാടന് മലയാളി ബ്യൂറോ