കോട്ടയം: അടുത്ത രണ്ടു ദിവസം കേരളത്തിന് നിർണ്ണായകം. അതിതീവ്ര മഴ രണ്ടു ദിവസവും തുടർന്നാൽ അത് വലിയൊരു പ്രതിസന്ധിയായി മാറും. മഴയുടെ പശ്ചാത്തലത്തിൽ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അതതു ജില്ലകളിലെ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. കേരള, എംജി, കാലക്കറ്റ് സർവകലാശാല ബുധനാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് ചൊവ്വാഴ്ച ആറു മരണമുണ്ടായി. കാലവർഷത്തിൽ ഇതുവരെ

കോതമംഗലം കുട്ടമ്പുഴ ഉരുളൻതണ്ണി വനത്തിൽ പശുവിനെ തീറ്റാൻ പോയ കാവനാക്കുടി പൗലോസ്(65), കോട്ടയം കൂട്ടിക്കൽ ചപ്പാത്തിൽനിന്ന് തിങ്കളാഴ്ച ഒലിച്ചുപോയ കുന്നുപറമ്പിൽ റിയാസ്(47), നിലമ്പൂർ മൂത്തേടത്തെ മുഹമ്മദ് അദ്നാൻ (16), കണ്ണൂർ വെള്ളറ കോളനിയിലെ അരുവിക്കൽ ഹൗസിൽ രാജേഷ് (45), മണ്ണാളി ചന്ദ്രൻ (55), പൂളക്കുറ്റി ആരോഗ്യകേന്ദ്രം ജീവനക്കാരി നദീറ ജെ റഹീമിന്റെ രണ്ടര വയസ്സുള്ള മകൾ നൂമ തസ്മീൻ, എന്നിവരാണ് മരിച്ചത്. ഇതോടെ ആകെ മരണം 13 ആയി. മൂന്നു പേരെ കാണാതായി. തൃശൂരിൽ രണ്ടുപേരെയും പത്തനംതിട്ടയിൽ ഒരാളെയുമാണ് കാണാതായത്. മൂന്നു പേർക്ക് പരിക്കേറ്റു. 27 വീട് പൂർണമായും 126 വീട് ഭാഗികമായും തകർന്നു. 102 ക്യാമ്പിലായി 2368 പേരെ മാറ്റിപ്പാർപ്പിച്ചു.

രണ്ടു ദിവസംകൂടി അതിതീവ്ര മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ച 10 ജില്ലയിൽ റെഡ് അലർട്ടും നാല് ജില്ലയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. അച്ചൻകോവിൽ, ഗായത്രിപ്പുഴ, മീനച്ചിലാർ, മണിമലയാർ, നെയ്യാർ, കരമനയാർ നദികളിൽ കേന്ദ്ര ജല കമ്മിഷൻ പ്രളയസാധ്യതാ മുന്നറിയിപ്പ് നൽകി. മണിമലയാർ രണ്ടിടങ്ങളിൽ അപകടനിലയ്ക്ക് മുകളിലാണ് വെള്ളം. കോട്ടയത്ത് ഒരിടത്തും കണ്ണൂരിൽ നാലിടത്തും പാലക്കാട് രണ്ടിടത്തും ഉരുൾപൊട്ടി. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ കടൽക്ഷോഭത്തിൽ തീരമേഖലകളിലും വൻനാശമുണ്ട്. കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ വ്യാഴംവരെയും കർണാടകത്തിൽ ശനി വരെയും മീൻപിടിത്തം നിരോധിച്ചു.

കേരളത്തിൽ ഓഗസ്റ്റ് 2 മുതൽ 5 വരെയുള്ള ദിവസങ്ങളിൽ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ (64.5 115.5 മില്ലിമീറ്റർ) മഴയ്ക്കും, ഓഗസ്റ്റ് 2 മുതൽ 4 വരെയുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ട അതിശക്ത/ അതിതീവ്രമായ മഴയ്ക്കും (204 മില്ലിമീറ്ററിൽ കൂടുതൽ) സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 10 ജില്ലകളിൽ ഇന്നു റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണു റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

നിറപുത്തരി ചടങ്ങിനായി ശബരിമല നട ബുധനാഴ്ച തുറക്കും. ശബരിമല നിറപുത്തരി ഉത്സവം, ആറന്മുള വള്ളസദ്യ എന്നിവയുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് തടസം വരാതെ കാലാവസ്ഥ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാൻ പത്തനംതിട്ട ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം.

അതീവ ജാഗ്രതയിൽ റവന്യൂ വകുപ്പ്

റവന്യു മന്ത്രി കെ രാജൻ കലക്ടർമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ദേശീയ ദുരന്ത നിവാരണസേനയുടെ ഒമ്പതു സംഘത്തെയും ഡിഫൻസ് സെക്യൂരിറ്റി കോർപ്സ് രണ്ട് യൂണിറ്റിനെയും വിവിധ ജില്ലകളിൽ വിന്യസിച്ചു. ശബരിമലയിൽ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററുകളും 24 മണിക്കൂറും സജ്ജമായിരിക്കണമെന്ന് റവന്യു മന്ത്രി കെ രാജൻ നിർദ്ദേശിച്ചു.

കലക്ടർമാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് നിർദ്ദേശം നൽകിയത്. താലൂക്ക് സെന്ററുകളിൽ ഡെപ്യൂട്ടി തഹസിൽദാർക്ക് ചാർജ് നൽകണം. ആവശ്യമായ സാധനസാമഗ്രികളും രക്ഷാ ഉപകരണങ്ങളും ഉറപ്പാക്കണം. ജില്ലാ, താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററുകളിൽ പൊലീസ്, ഫയർഫോഴ്സ്, ജലവിഭവം, വനം വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തും. തഹസിൽദാർമാരും വില്ലേജ് ഓഫീസർമാരും ജോലിസ്ഥലത്തിന് സമീപം ക്യാമ്പ് ചെയ്യണം. വരുന്ന നാലു ദിവസവും എല്ലാ ഉദ്യോഗസ്ഥരും ഓഫീസിലുണ്ടാകണം. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ലീവ് അനുവദിക്കരുതെന്നും മന്ത്രി നിർദ്ദേശിച്ചു.

സ്‌കൂൾ അവധിയും മഴക്കെടുതി കാരണം

കൊല്ലം ജില്ലയിൽ കനത്ത മഴയുടെ പശ്ചാത്തലത്തിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിൽ കനത്ത മഴയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾക്കു മാറ്റമില്ല. വയനാട് ജില്ലയിൽ പ്രഫഷനൽ കോളജുകൾ ഉൾപെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ സ്‌കൂളുകൾക്ക് അവധി ബാധകമല്ല.

കോഴിക്കോട് ജില്ലയിൽ അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ പ്രഫഷനൽ കോളജ് ഉൾപ്പെടയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി. മലപ്പുറം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ വി. ആർ പ്രേംകുമാർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ, ഇന്റർവ്യൂ എന്നിവയ്ക്ക് മാറ്റമില്ല.

തൃശൂർ ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്നതിനാലും ശക്തമായ മഴ തുടരുന്നതിനാലും അങ്കണവാടികൾ അടക്കം നഴ്‌സറി തലം മുതൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. പരീക്ഷകൾ നേരത്തേ നിശ്ചയിച്ചതു പ്രകാരം നടക്കും.

എറണാകുളം ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്‌ച്ച അവധി ആയിരിക്കുമെന്ന് കലക്ടർ രേണുരാജ് അറിയിച്ചു. ഇടുക്കി ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിൽ അതിതീവ്രമഴയ്ക്കുള്ള സാധ്യതയെത്തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ പി.കെ. ജയശ്രീ ഉത്തരവായി.

ആലപ്പുഴ ജില്ലയിൽ പ്രഫഷനൽ കോളജുകളും അങ്കണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച യൂണിവേഴ്‌സിറ്റി പരീക്ഷകൾക്കു മാറ്റമില്ല. പാലക്കാട് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ പ്രഫഷനൽ കോളജുകൾ , അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ബുധനാഴ്ച നടക്കാനിരിക്കുന്ന മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

ഇടുക്കിയിലും കനത്ത മഴ

ഇടുക്കിയിൽ മാത്രം അഞ്ച് ചെറിയ ഡാമുകൾ തുറന്നു. പാലക്കാട് പോത്തുണ്ടി അണക്കെട്ട് തുറന്നു. മംഗലംഡാം, കാഞ്ഞിരപ്പുഴ അണക്കെട്ടുകളുടെ ഷട്ടർ കൂടുതൽ ഉയർത്തി. എല്ലാ ജില്ലകളിലും കൂടുതൽ ക്യാമ്പുകൾ തുറന്നു. ചൊവ്വാഴ്ചയും വൻ നാശനഷ്ടമുണ്ടായി. ആലപ്പുഴ അപ്പർ കുട്ടനാടൻ മേഖലയിൽ വെള്ളം കയറി. നാടുകാണി ചുരത്തിൽ രാത്രിയാത്ര പൂർണമായും നിരോധിച്ചിട്ടുണ്ട്. പാലക്കാട് മംഗലംഡാം വണ്ടാഴി തളികക്കല്ല് കോളനിയിലും നെല്ലിയാമ്പതി കാരപ്പാറയിലും ഉരുൾപൊട്ടി. രക്ഷാപ്രവർത്തനത്തിന് മത്സ്യത്തൊഴിലാളികളുടെ മൂന്ന് ബോട്ടിൽ 12 പേരുടെ സംഘത്തോട് പുറപ്പെടാൻ ഫിഷറീസ് വകുപ്പ് നിർദ്ദേശിച്ചു.

കോട്ടയത്ത് മഴയുടെ ശക്തി നേരിയതോതിൽ കുറഞ്ഞെങ്കിലും അപകടഭീതി മാറിയിട്ടില്ല. കൂട്ടിക്കൽ മ്ലാക്കര പാലം ഒലിച്ചുപോയി. പത്തനംതിട്ടയിൽ കിഴക്കൻ മേഖലയിൽ മഴ ശക്തം. ചൊവ്വ രാവിലെ നേരിയ കുറവുണ്ടായി. വയനാട് മുത്തങ്ങയിൽ ദേശീയപാതയിൽ ഗതാഗതം ഭാഗികമായി മുടങ്ങി. തകരപ്പാടിമുതൽ പൊൻകുഴി കാട്ടുനായ്ക്ക കോളനിവരെയുള്ള വനഭാഗത്താണ് വെള്ളം കയറിയത്. ടൂറിസം കേന്ദ്രങ്ങൾ അടച്ചു.കൊല്ലം ഇത്തിക്കരയാറ്റിൽ പള്ളിമൺ ഭാഗത്ത് ചൊവ്വാഴ്ച പകൽ കുളിക്കാനിറങ്ങിയ അയത്തിൽ സ്വദേശി നൗഫലിനെ കാണാതായി.

എറണാകുളം കോതമംഗലം കോട്ടപ്പടി പേഴാട് ഭാഗത്ത് പൊട്ടിവീണ കമ്പിയിൽനിന്ന് വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു. മലങ്കര ഡാം തുറന്നത് കിഴക്കന്മേഖലയെ വെള്ളക്കെട്ടിലാക്കി. 547 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഭൂതത്താൻകെട്ട് ഡാമിന്റെ ഷട്ടർ ബാരിയേജിന്റെ ചങ്ങല പൊട്ടി കൗണ്ടർ വെയിറ്റ് തകരാറിലായി.