കളമശേരി : കലാവസ്ഥാ വ്യതിയാന കാലത്ത് കേരളത്തിനെ വെട്ടിലാക്കാൻ കൂമ്പാര മേഘങ്ങളും. കാലവർഷം കൂടുതൽ ശക്തമാകാനുള്ള കാരണവും ഇതാണ്. കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം കേരളതീരത്തു വർധിക്കുമെന്നും അവയുടെ കനം കൂടുമെന്നും അതിനാൽ കേരളം കരുതിയിരിക്കണമെന്നും മുന്നറിയിപ്പ് എത്തി കഴിഞ്ഞു.

സാധാരണ കാലവർഷ കാലത്ത് പശ്ചിമഘട്ടത്തിനു പടിഞ്ഞാറു ഉയരം കുറഞ്ഞ മേഘങ്ങൾ രൂപംകൊള്ളും. സമീപകാലത്ത് 12 മുതൽ 14 വരെ കിലോമീറ്റർ ഉയരം വരുന്ന കൂമ്പാര മേഘങ്ങളാണു രൂപം കൊള്ളുന്നത്. ഇവ ശക്തമായ മഴയ്ക്കും മിന്നലിനും കാരണമാവും. കുറഞ്ഞ സമയം കൊണ്ട് പെയ്യുന്ന കൂടിയ അളവിലുള്ള മഴ പ്രളയവും സൃഷ്ടിക്കും. ഇതു തന്നെയാണ് സമീപ കാലത്ത് വെള്ളക്കെട്ടുകൾ കേരളത്തിൽ സജീവമാക്കുന്നത്. ശക്തമായ മഴ ജലസ്രോതസ്സുകൾക്കും കാർഷിക മേഖലയ്ക്കും ഒരു ഗുണവും ചെയ്യില്ല. എന്നാൽ ദുരിതം കൂട്ടുകയും ചെയ്യും.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്‌മോസ്ഫറിക് റഡാർ റിസർച് ഡയറക്ടർ ഡോ.എസ്.അഭിലാഷിന്റെ മേൽനോട്ടത്തിൽ ഗവേഷക വിദ്യാർത്ഥി എ.വി.ശ്രീനാഥ് നടത്തിയ പഠനമാണ് കൂമ്പാര മേഘങ്ങളിൽ മുന്നറിയിപ്പ് നൽകുന്നത്. പഠനം നേച്ചർ മാഗസിന്റെ പോർട്‌ഫോളിയോ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തോടു ചേർന്ന അറബിക്കടലിന്റെ വർധിക്കുന്ന ഉപരിതല താപനിലയും തെക്കു പടിഞ്ഞാറൻ കാറ്റിന്റെ വേഗത്തിലുള്ള വർധനയുമാണ് ഈ കാലാവസ്ഥാ സഹചര്യം ഉണ്ടാക്കുന്നത്.

2019 ഓഗസ്റ്റിൽ കേരളത്തിലുണ്ടായ പ്രളയത്തിന് കാരണം കൂമ്പാര മേഘങ്ങളും ലഘു മേഘവിസ്ഫോടനവും ആയിരുന്നു. സമാന സാഹചര്യം തുടരുകയാണ്. മേഘ വിസ്ഫോടനങ്ങൾക്കു കാരണമായി തീരുന്ന ഘടനയിലേക്കുള്ള മാറ്റമാണു പശ്ചിമതീരത്തുണ്ടാവുന്നത്. മഴയുടെ തീവ്രത കൂടുന്നതും അന്തരീക്ഷ അസ്ഥിരത വർധിക്കുന്നതും ഇത്തരം മാറ്റത്തെ സാധൂകരിക്കുന്ന സൂചകങ്ങളാണ്. കർഷകർക്ക് ഒട്ടും അനുയോജ്യമല്ല ഈ കാലാവസ്ഥാ വ്യതിയാനം.

കനത്ത മഴ ഭൗമോപരിതലത്തിലൂടെ വേഗത്തിൽ ഒഴുകിപ്പോകാനും മണ്ണൊലിപ്പു കാരണം മേൽമണ്ണിലെ പോഷകങ്ങൾ വേഗത്തിൽ നഷ്ടപ്പെട്ടു പോകാനും ഇടയാക്കും. 2 മണിക്കൂറിൽ 5 സെന്റിമീറ്റർ എന്ന തോതിൽ തീവ്രത കുറഞ്ഞ മഴ പെയ്താലും വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായേക്കാം.

അപ്രതീക്ഷിത മേഘ വിസ്ഫോടനത്തിനും സാധ്യതയുണ്ട്. ഇത് മിന്നൽ പ്രളയത്തിനും വഴിവെച്ചേക്കും. കേരള തീരത്ത് രൂപപ്പെടുന്ന കൂമ്പാര മേഘങ്ങളാണ് മേഖ വിസ്ഫോടനത്തിനുള്ള കാരണം. രണ്ട് മണിക്കൂറിനുള്ളിൽ 20 സെന്റി മീറ്റർ വരെ മഴ പെയ്യാം. 1980- 99, 2000- 2019 എന്നീ കാലയളവ് അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് മാറ്റം തിരിച്ചറിഞ്ഞത്. അറബിക്കടലിന്റെ അടിത്തട്ട് അസാധാരണമാംവിധം ചൂട് പിടിക്കുന്നതടക്കമുള്ള കാരണങ്ങളാണ് കാലാവസ്ഥ മാറ്റത്തിന് പിന്നിൽ.

122 ദിവസം നീണ്ടുനിൽക്കുന്ന മൺസൂൺ കാലയാളവിൽ രണ്ട് മൂന്ന് ദിവസം മാത്രമേ കൂമ്പാരമേഘങ്ങളുടെ സാന്നിധ്യം ഉണ്ടാകുകയുള്ളൂ. ഇതുപക്ഷേ കൂടി വരികയാണ്. വിലയ വ്യാപ്തിയുള്ള കൂമ്പാര മേഘങ്ങൾ പെട്ടെന്ന് മഴ പെയ്യിക്കും. മേഘങ്ങൾ കൂടുതൽ ഉയരത്തിൽ വളരുന്നുണ്ട്. മേഘപാളികളിൽ മാത്രം സാധാരണ രൂപപ്പെടുന്ന ഐസിന്റെ സാന്നിധ്യം ഘനീഭവിച്ചുണ്ടാവുന്ന മഴ വെള്ളത്തിന്റെ അളവിലും വർധനവ് ഉണ്ടാക്കിയിട്ടുണ്ട്.