- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലസ്ഥാനത്ത് മലയോരമേഖലകളിൽ മഴ ശക്തം; കോവളത്ത് ഒരു വീട് തകർന്നു; രണ്ട് കിണറുകൾ ഇടിഞ്ഞുതാഴ്ന്നു; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ; നെയ്യാറിലും അരുവിക്കരയിലും പേപ്പാറയിലും ഷട്ടറുകൾ തുറന്നു
തിരുവനന്തപുരം: തിരുവനന്തപുരത്തും കനത്ത മഴ തുടരുന്നു. തിരുവനന്തപുരത്ത് ഇടിയോടു കൂടിയ ശക്തമായ മഴയാണ്. ഇന്നലെ രാത്രി മുതൽ തീരപ്രദേശങ്ങളിലും മലയോരമേഖലകളിലും മഴ തുടരുകയാണ്. നഗരപ്രദേശങ്ങളിൽ ഇടവിട്ട് മാത്രമേ മഴ പെയ്യുന്നുള്ളുവെങ്കിലും മലയോരമേഖലകളിൽ മഴ ശക്തമാണ്. പൊന്മുടിയിലേയ്ക്കുള്ള യാത്ര ജില്ലാ ഭരണകൂടം നിരോധിച്ചിട്ടുണ്ട്. പൊന്മുടിയിലേയ്ക്കുള്ള വഴിയിൽ മലവെള്ളം ഇറങ്ങി റോഡുകൾ കാണാനാകാത്ത അവസ്ഥയിലാണ്. മലയോരമേഖലകളിലെ കനത്ത മഴ മൂലം കല്ലാറിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ജലാശയങ്ങളിൽ കുളിക്കാനിറങ്ങരുതെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
കനത്ത മഴയിൽ കോവളത്ത് ഒരു വീട് പൂർണമായും തകർന്നതായും റിപ്പോർട്ടുകളുണ്ട്. കഴക്കൂട്ടത്ത് ഒരു വീടിന്റെ ചുമർ പൂർണമായും ഇടിഞ്ഞുമാറിയിരുന്നു. രണ്ട് കിണറുകളും ഇടിഞ്ഞുതാഴ്ന്നിട്ടുണ്ട്.
നെയ്യാറിലും അരുവിക്കരയിലും പേപ്പാറയിലും ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷട്ടറുകൾ തുറന്നു. നദിക്കരകളിൽ താമസിക്കുന്നവർ കനത്ത ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് ജില്ലാ ഭരണകൂടം നേരത്തെതന്നെ നൽകിയിട്ടുണ്ട്. നെയ്യാർ ഡാമിന്റെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുന്നതിനാൽ ഇനിയും ഷട്ടറുകൾ ഉയർത്താൻ സാധ്യതകളുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അമ്പൂരി, കാട്ടാക്കട, ഒറ്റശേഖരമംഗലം തുടങ്ങിയ മലയോരപ്രദേശങ്ങളിൽ പല മേഖലകളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. കോവളത്തും കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായിട്ടുണ്ട്.
നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. അസാധാരണസാഹചര്യം ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രിയും റവന്യുമന്ത്രിയും യോഗം വിളിച്ചിരുന്നു.