- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുതല മൂരികൾ കൂട്ടത്തോടെ മണ്ണിന് പുറത്തേക്ക്; ഒരിക്കലും വറ്റാത്ത പുഴകളും തോടുകളും വറ്റി വരളുന്നു; ഭൂമി പിളർന്നതും വീടുകൾ താഴുന്നതും പതിവാകുന്നു; എങ്ങും പച്ചപ്പ് നഷ്ടപ്പെട്ട പ്രതീതി; മഹാപ്രളയത്തിന് ശേഷം രണ്ടാഴ്ച തികയും മുമ്പ് പ്രകൃതിയാകെ മാറുമ്പോൾ ആശങ്കയോടെ ഭൗമ ശാസ്ത്രജ്ഞരും; കാത്തിരിക്കുന്നത് മഹാവരൾച്ചയെന്ന ആശങ്ക എങ്ങും ശക്തം
കോഴിക്കോട്: വെള്ളം ഇരച്ചു കയറി. വേണ്ടതിൽ അധികം മഴയും കിട്ടി. ഡാമുകളെല്ലാം നിറഞ്ഞുകവിഞ്ഞു. എന്നിട്ടും ഉടൻ വരൾച്ച എത്തുമോ? ആശങ്കയിലാണ് കേരളം. കാലാവസ്ഥാ വ്യതിയാനം കേരളത്തെ അത്ര ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഭൗമ ശാസ്ത്രജ്ഞർക്കും എന്താണ് സംഭവിക്കുന്നത് എന്നതിൽ വ്യക്തമായ ഉത്തരങ്ങളില്ല. പ്രളയബാധിത പ്രദേശങ്ങളിൽ ഭൂജലനിരപ്പു ക്രമാതീതമായി താഴുന്നതു ആശങ്കപ്പെടുത്തുന്നതാണ്. ഇതു സംബന്ധിച്ച് കോഴിക്കോട് ആസ്ഥാനമായ സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ് (സിഡബ്ല്യുആർഡിഎം) പഠിക്കും. സംസ്ഥാനത്തെ അണക്കെട്ടുകളിലും വേമ്പനാട്ടു കായലിലും ഉൾപ്പെടെ ജലാശയങ്ങളിലെ ജലനിരപ്പു താഴുന്ന സാഹചര്യത്തിലാണിത്. പെരുമഴയ്ക്കുശേഷം രണ്ടാഴ്ചയോളം മഴയുണ്ടാകാതിരുന്നതാണു വരൾച്ചയ്ക്കു കാരണമെന്നാണു നിഗമനം. പുഴകളിലെ ശക്തമായ ഒഴുക്കുമൂലം ജലനിർഗമന മാർഗങ്ങൾ തുറക്കുകയും വെള്ളം പെട്ടെന്നു കടലിലേക്ക് ഒഴുകിപ്പോവുകയും ചെയ്തു. പലയിടങ്ങളിലും പൊഴി മുറിക്കുകയും ചെയ്തിരുന്നു. ഇതു കൊണ്ട് തന്നെ വെള്ളമൊന്നും ഭൂമിയിലേക്ക് താഴ്ന്നില്ല. ഇ
കോഴിക്കോട്: വെള്ളം ഇരച്ചു കയറി. വേണ്ടതിൽ അധികം മഴയും കിട്ടി. ഡാമുകളെല്ലാം നിറഞ്ഞുകവിഞ്ഞു. എന്നിട്ടും ഉടൻ വരൾച്ച എത്തുമോ? ആശങ്കയിലാണ് കേരളം. കാലാവസ്ഥാ വ്യതിയാനം കേരളത്തെ അത്ര ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഭൗമ ശാസ്ത്രജ്ഞർക്കും എന്താണ് സംഭവിക്കുന്നത് എന്നതിൽ വ്യക്തമായ ഉത്തരങ്ങളില്ല. പ്രളയബാധിത പ്രദേശങ്ങളിൽ ഭൂജലനിരപ്പു ക്രമാതീതമായി താഴുന്നതു ആശങ്കപ്പെടുത്തുന്നതാണ്. ഇതു സംബന്ധിച്ച് കോഴിക്കോട് ആസ്ഥാനമായ സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ് (സിഡബ്ല്യുആർഡിഎം) പഠിക്കും. സംസ്ഥാനത്തെ അണക്കെട്ടുകളിലും വേമ്പനാട്ടു കായലിലും ഉൾപ്പെടെ ജലാശയങ്ങളിലെ ജലനിരപ്പു താഴുന്ന സാഹചര്യത്തിലാണിത്.
പെരുമഴയ്ക്കുശേഷം രണ്ടാഴ്ചയോളം മഴയുണ്ടാകാതിരുന്നതാണു വരൾച്ചയ്ക്കു കാരണമെന്നാണു നിഗമനം. പുഴകളിലെ ശക്തമായ ഒഴുക്കുമൂലം ജലനിർഗമന മാർഗങ്ങൾ തുറക്കുകയും വെള്ളം പെട്ടെന്നു കടലിലേക്ക് ഒഴുകിപ്പോവുകയും ചെയ്തു. പലയിടങ്ങളിലും പൊഴി മുറിക്കുകയും ചെയ്തിരുന്നു. ഇതു കൊണ്ട് തന്നെ വെള്ളമൊന്നും ഭൂമിയിലേക്ക് താഴ്ന്നില്ല. ഇത് പതിവാണെങ്കിലും ഇത്തവണത്തേതു പുതിയ പ്രതിഭാസമാണോയെന്നാണു പരിശോധിക്കുന്നത്. നദികളിലെ മണലെടുപ്പു വർധിച്ചതും വെള്ളം സംഭരിച്ചുനിർത്തുന്നതിനെ ബാധിച്ചുവെന്നു വിലയിരുത്തലുണ്ട്. പല പ്രദേശങ്ങളിലും കിണർജലം താഴുന്നതും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനൊപ്പം ചൂടും കൂടുകയാണ്. ഇതു വരൾച്ചയുടെ സൂചനയായി വിലയിരുത്തുന്നു. തുലാ വർഷവും മാറി നിൽക്കുമെന്ന സൂചനയുണ്ട്.
പ്രളയത്തിനു ശേഷം വയനാട്ടിൽ മണ്ണിനടിയിൽനിന്ന് ഇരുതലമൂരികൾ കൂട്ടത്തോടെ പുറത്തെത്തുന്നു. മണ്ണിന്റെ ജൈവാംശം നഷ്ടപ്പെട്ടും മണ്ണ് ചുട്ടുപൊള്ളിയും മണ്ണിരകൾ ചത്തൊടുങ്ങുന്നതിനു പിന്നാലെയാണു കുരുടൻ എന്നറിയപ്പെടുന്ന പാമ്പുവർഗത്തിൽപ്പെട്ട ഇരുതലമൂരികൾ വ്യാപകമായി പുറത്തെത്തുന്നത്. പനമരം, തൃശിലേരി, നടവയൽ മേഖലകളിൽ ഇടവഴികളിലും വയൽവരമ്പുകളിലും മാത്രമല്ല, വീടുകൾക്കുള്ളിൽപോലും നൂറുകണക്കിന് ഇരുതലമൂരികൾ പ്രത്യക്ഷപ്പെടുന്നു. മണ്ണിന്റെ ഈർപ്പം നഷ്ടപ്പെട്ടതാണ് ഇവ പുറത്തേക്കെത്താൻ കാരണം. ഇതിനാലാണ് ഭൂഗർഭ ജലനിരക്ക് കുറഞ്ഞതായുള്ള വിലയിരുത്തലിന് കാരണം. ഇത്തവണ വയനാടിൽ റിക്കോർഡ് മഴയാണ് പെയ്തത്. എന്നിട്ടും ഇത് സംഭവിക്കുന്നതാണ് ശാസ്ത്രജ്ഞരേയും കുഴക്കുന്നത്.
മണ്ണിര, ഇരുതലമൂരി, കുഴിയാന, ചിതൽ, മുയൽ, കീരി തുടങ്ങി അനേകം ജീവികളുടെ ആവാസവ്യവസ്ഥയെ പ്രളയം ബാധിച്ചതായാണു വിലയിരുത്തൽ. ഈർപ്പമില്ലാത്ത അന്തരീക്ഷത്തിൽ അധികകാലം കഴിയാൻ സാധിക്കാത്ത ഇരുതലമൂരികൾ ഇനി കൂട്ടത്തോടെ ചത്തൊടുങ്ങും. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ജീവിവർഗത്തെ വനംവകുപ്പ് നാലാം ഷെഡ്യൂളിൽ പെടുത്തിയിട്ടുണ്ട്.
മാവാടിയിലും വീണ്ടു കീറൽ
മാവടി മേഖലയിൽ ഭൂമി വീണ്ടുകീറിയ പ്രതിഭാസത്തിനു കാരണം തീവ്രമഴയെത്തുടർന്നു ഭൂമി തെന്നിമാറിയതെന്നു ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോർട്ട്. പഠനത്തിനായി കേന്ദ്ര സംഘം ഇന്നലെ സ്ഥലത്തെത്തി. മുതിർന്ന ഭൗമശാസ്ത്രജ്ഞരുടെ സംഘം ആറുദിവസം ജില്ലയിൽ തങ്ങും. വിശദമായ പഠന റിപ്പോർട്ട് തയാറാക്കി കേന്ദ്ര സർക്കാരിനു സമർപ്പിക്കും. മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ച് കർഷകർക്ക് ഭൂമി സംരക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങളും നൽകും.
നെടുങ്കണ്ടം, മാവടി, മേഘ എസ്റ്റേറ്റ്, കുമളി-മൂന്നാർ സംസ്ഥാനപാത, കൽകൂന്തൽ എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഭൂമി വിണ്ടുകീറിയ സ്ഥലങ്ങൾ, മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങൾ, വിള്ളൽവീണ വീടുകൾ എന്നിവിടങ്ങൾ സന്ദർശിച്ചു. മണ്ണിന്റെ ഘടനയും വിള്ളലിനു ശേഷമുള്ള ഭൗമ വ്യതിയാനങ്ങളും പഠനവിധേയമാക്കും.
തീച്ചൊറിയും കാലം തെറ്റിയെത്തി
അലപ്പുഴയിലെ അരൂരിന് അടുത്ത് കൈതപ്പുഴക്കായലിൽ കാലംതെറ്റി 'തീച്ചൊറി' എത്തി. 'ജെല്ലി ഫിഷ്' വിഭാഗത്തിൽപ്പെടുന്ന തീച്ചൊറി, വലകൾ കേടുവരുത്തും. തീച്ചൊറിയുടെ വെള്ളം ദേഹത്ത് തെറിച്ചുവീണാൽ ചൊറിച്ചിലുണ്ടാവുകയും പൊള്ളുകയും ചെയ്യുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. അതികഠിനമായ ഉപ്പ് കായൽജലത്തിൽ ഉണ്ടാകുമ്പോഴാണ് സാധാരണയായി തീച്ചൊറികൾ കാണപ്പെടാറുള്ളതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. മഴപെയ്ത് കായലിലെ ഉപ്പുരസം മാറിയാൽ തീച്ചൊറികൾ അപ്രത്യക്ഷമാകുന്നതാണ് പതിവ്.
എന്നാൽ കനത്തമഴയ്ക്കും പ്രളയത്തിനും ശേഷം കായലിൽ തീച്ചൊറികൾ കണ്ടത് ആശങ്കയാണ്. ഇവയെക്കുറിച്ച് ശാസ്ത്രീയമായ പഠനം നടത്തണമെന്നാണ് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നത്. പായലിനും പ്രളയത്തിനും ശേഷം ഉൾനാടൻ മത്സ്യത്തൊഴിലാളികൾ മീൻപിടിക്കാനായി ഒരുങ്ങുമ്പോഴാണ് പുതിയ വില്ലനെത്തുന്നത്. അമ്ലസ്വഭാവമുള്ള തീച്ചൊറികൾ വലകളെ ജീർണിപ്പിക്കും. കാലാവസ്ഥയിൽ വലിയ വ്യതിയാനമുണ്ടാകുന്നതിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തൽ.
ഘടനാമാറ്റത്തെ കുറിച്ച് പഠിക്കും
പ്രളയത്തെത്തുടർന്ന് ജൈവവൈവിധ്യമേഖലകളിലും മണ്ണിനും പരിസ്ഥിതിക്കും ഉണ്ടായ ഘടനാമാറ്റങ്ങൾ ശാസ്ത്രീയമായി പഠിക്കാൻ തീരുമാനം. മണ്ണിരകൾ ചാവുന്നതും കാർഷികമേഖലയിൽ രോഗങ്ങൾ പടരുന്നതുമടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാണിത്. സംസ്ഥാന ജൈവവൈവിധ്യബോർഡിന്റെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങളിലെ ബയോഡൈവേഴ്‌സിറ്റി മാനേജ്മെന്റ് കമ്മിറ്റികളുമായി ചേർന്നാണ് പഠനമെന്ന് മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ അറിയിച്ചു.
പ്രാദേശികമായി സൂക്ഷ്മസർവേ ഒരു മാസത്തിനകം പൂർത്തിയാക്കാനാണ് നിർദ്ദേശം. വിദഗ്ധരടങ്ങിയ സംസ്ഥാനതല സമിതി സർവേയും പഠനവും നിരീക്ഷിക്കും. ഈ മേഖലയിലെ 100 വിദഗ്ധരായിരിക്കും പഠനത്തിന് നേതൃത്വം നൽകുക. ഈ റിപ്പോർട്ടുകൂടി പരിഗണിച്ചാണ് സംസ്ഥാനത്തിന്റെ സുസ്ഥിരവികസനത്തിന് ഉതകുന്ന പദ്ധതികൾ ആസൂത്രണം ചെയ്യുക.
മണ്ണിന്റെ ശാസ്ത്രീയ ഘടനയെപ്പറ്റി പഠിച്ച് രൂപരേഖ തയ്യാറാക്കുമെന്ന് കൃഷിമന്ത്രി വി എസ്. സുനിൽകുമാറും അറിയിച്ചു. കേരള കാർഷിക സർവകലാശാല, ഗവേഷണ കേന്ദ്രങ്ങൾ, കൃഷിവകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരുമാണ് പഠനത്തിനുള്ളത്. പത്തു ദിവസത്തിനകം നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാർഗനിർദ്ദേശങ്ങൾ നൽകാൻ കൃഷിവകുപ്പ് ഡയറക്ടർക്കും കാർഷിക സർവകലാശാലയ്ക്കും മന്ത്രി നിർദ്ദേശം നൽകി.
കിണർവെള്ള പരിശോധന ഇന്നും നാളെയും
പ്രളയബാധിത പ്രദേശങ്ങളിലെ കിണർവെള്ളത്തിന്റെ ഗുണനിലവാര പരിശോധന ശനി, ഞായർ ദിവസങ്ങളിൽ നടക്കും. 16,232 കിണറുകളിലെ വെള്ളമാണ് പരിശോധിക്കുന്നത്. ആദ്യഘട്ടമായി പ്രളയക്കെടുതി നേരിട്ട ആറു ജില്ലകളിലെ മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവിടങ്ങളിൽനിന്നുള്ള വെള്ളം ശേഖരിക്കും. ഹരിതകേരളം മിഷൻ, തദ്ദേശ വകുപ്പ്, മലിനീകരണ നിയന്ത്രണബോർഡ് എന്നിവയ്ക്കാണ് ചുമതല. ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റും വാട്ടർ അതോറ്റിയും ഇതിൽ പങ്കാളികളാകും.