തിരുവനന്തപുരം: കേരളത്തിൽ കാലവർഷത്തിനു മുമ്പേ തീവ്രമഴസാധ്യത പ്രവചിച്ച് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മറ്റന്നാൾവരെ 40-50 കിലോമീറ്റർ വേഗത്തിൽ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത. ബുധനാഴ്ചവരെ വിവിധ ജില്ലകളിൽ യെലോ അലെർട്ട്. 64.5-115.5 മില്ലിമീറ്റർ മഴ ലഭിച്ചേക്കുമെന്നാണ് അറിയിപ്പ്. ഇന്നലെ തുടങ്ങിയ മഴ ശമനമില്ലാതെ തുടരുകയാണ്. ഈ സാഹചര്യത്തിൽ മുൻകരുതലുമായി പൊലീസും സജീവമെത്തി.

എല്ലാ പൊലീസ് സ്‌റ്റേഷനുകളും സജ്ജമായിട്ടുണ്ട്. എഡിജിപിമാർക്ക് ചുമതലയും നൽകി. പൊലീസ് വിന്യാസത്തിന്റെ ചുമതല എഡിജിപി ബറ്റാലിയനാണ്. രക്ഷാപ്രവർത്തനത്തിന്റെ മേൽനോട്ടം ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കും. എല്ലാ പൊലീസ് ഉദ്യോഗസ്ഥരോടും ജാഗ്രതയിൽ തുടരാൻ ഡിജിപി അനിൽകാന്ത് നിർദ്ദേശിച്ചു. പ്രത്യേക രക്ഷാ സംഘം എല്ലാ സ്റ്റേഷനുകളിലും സജ്ജമാണ്. മഴ എല്ലാ മേഖലയിലും എത്തുമെന്നതിനാലാണ് ഇത്. ഫയർഫോഴ്‌സും ദുരന്ത നിവാരണത്തിന് സജ്ജമാണെന്ന് അഗ്നിശമനാ മേധാവിയും അറിയിച്ചു. മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ും ആവശ്യപ്പെട്ടു.

ചില ജില്ലകളിൽ കേന്ദ്രകാലാവസ്ഥാവകുപ്പ് യെലോ അലെർട്ടാണു നൽകിയിരിക്കുന്നതെങ്കിലും മലയോരമേഖലകളിൽ ശക്തമായ ഇടിയോടുകൂടി മഴയ്ക്കുള്ള സാധ്യത തള്ളിക്കളയുന്നില്ല. അതിനാൽ കഴിഞ്ഞദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച സ്ഥലങ്ങളിൽ ഓറഞ്ച് അലെർട്ടിനു സമാനമായ ജാഗ്രതാനിർദ്ദേശമുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്നലെ റെഡ് അലെർട്ടായിരുന്നു. താഴ്ന്നപ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ അതീവജാഗ്രത പാലിക്കണമെന്നു കേരള ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പ് നൽകി.കേരളത്തിൽ 27-നു കാലവർഷമെത്തുമെന്നാണു കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ അറിയിപ്പ്.

സംസ്ഥാനത്ത് ഇന്നും അടുത്ത ദിവസങ്ങളിലും കാലവർഷത്തിന് മുന്നോടിയായി അതിശക്തമായ മഴ കിട്ടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കുമാണ് സാധ്യത. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖകലകളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.

ജാഗ്രതാ നിർദ്ദേശം ചുവടെ

ഒഴുക്ക് ശക്തമാകാൻ സാധ്യതയുള്ളതിനാൽ പുഴകളിലും മറ്റ് ജലാശയങ്ങളിലും ഇറങ്ങരുത്.
കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിച്ച്, അധികൃതരുടെ നിർദ്ദേശങ്ങൾ അനുസരിക്കണം.
അധികൃതർ ആവശ്യപ്പെടുമ്പോൾ ക്യാമ്പുകളിലേക്കു മാറാൻ തയാറാകണം.
വൈദ്യുതി ലൈനുകൾ പൊട്ടിവീഴുന്നതു ശ്രദ്ധയിൽപ്പെട്ടാൽ കെ.എസ്.ഇ.ബി. കൺട്രോൾ റൂം നമ്പറിൽ (1912) അറിയിക്കണം.
പുലർച്ചെ പുറത്തിറങ്ങുന്നവർ വെള്ളക്കെട്ടുകളിൽ വൈദ്യുതി ലൈനുകൾ വീണുകിടക്കുന്നില്ലെന്ന് ഉറപ്പാക്കണം.
ശബരിമലയിൽ ഇടവമാസപൂജ ദർശനത്തിനെത്തുന്നവർ ജാഗ്രത പുലർത്തണം. രാത്രി യാത്രയും ജലാശയങ്ങളിൽ ഇറങ്ങുന്നതും ഒഴിവാക്കണം.
മലയോരമേഖലകളിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുക.
വിനോദസഞ്ചാരികൾ രാത്രി യാത്ര ഒഴിവാക്കി താമസസ്ഥലത്തു തുടരണം.
ടൂറിസം വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
സുരക്ഷാസജ്ജീകരണങ്ങളില്ലാത്തതും അനുമതി ഇല്ലാത്തതുമായ ഒരു സ്ഥലത്തും പോകരുത്.
24 മണിക്കൂർ കൺട്രോൾ റൂമുകളിലേക്ക് 1077 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം.

മലയോരമേഖലകളിൽ ഉൾപ്പെടെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു. മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വകുപ്പുമേധാവികളുടെ അടിയന്തരയോഗം ചേർന്നു. സംസ്ഥാന പൊലീസ് മേധാവി, ഫയർ ആൻഡ് റെസ്‌ക്യൂ ഡയറക്ടർ ജനറൽ, കെ.എസ്.ഇ.ബി. ചെയർമാൻ, ജലസേചനവകുപ്പ് ചീഫ് എൻജിനീയർ, ദുരന്തനിവാരണവകുപ്പ് കമ്മിഷണർ, ദുരന്തനിവാരണ അഥോറിറ്റി മെമ്പർ സെക്രട്ടറി, കേന്ദ്രകാലവസ്ഥാവകുപ്പ് തിരുവനന്തപുരം കേന്ദ്രം ഡയറക്ടർ, എട്ട് ജില്ലകളിലെ കലക്ടർമാർ എന്നിവർ പങ്കെടുത്തു. നദികളിലെ ചെളിയും എക്കലും നീക്കുന്നതിന്റെ പുരോഗതി വിലയിരുത്തി.

ആലപ്പുഴ ജില്ലയിലെ വലിയ പമ്പുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്താൻ നിർദ്ദേശിച്ചു. ശബരിമല തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കും. നഗരത്തിലെ വെള്ളക്കെട്ട് നിരീക്ഷിക്കാൻ കൊച്ചി കോർപറേഷനിൽ പ്രത്യേക കൺട്രോൾ റൂം തുറക്കും. ജില്ലാ, താലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും. എല്ലാ ജില്ലയിലും കൺട്രോൾ റൂം ആരംഭിക്കാനും ജാഗ്രത പുലർത്താനും ജില്ലാ പൊലീസ് മേധാവിമാരോടു ഡി.ജി.പി. അനിൽകാന്ത് നിർദ്ദേശിച്ചു. ജില്ലാ പൊലീസ് മേധാവിമാർ ജില്ലാ കലക്ടർമാരുമായും ജില്ലാതല ദുരന്ത നിവാരണ സമിതിയുമായും നിരന്തരസമ്പർക്കം പുലർത്തണം. മണ്ണുമാന്തിയന്ത്രങ്ങളും ബോട്ടുകളും ജീവൻരക്ഷാ ഉപകരണങ്ങളും സജ്ജമാക്കണം.