- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ടയിലും കോട്ടയത്തും കനത്ത മഴ; മൂന്നിലവിൽ ഉരുൾപൊട്ടിയെന്നു സംശയം; മുണ്ടക്കയം കോസ്വേയിലും വെള്ളം കയറി; മഴ കനത്തതോടെ വീണ്ടും കുളമായി എറണാകുളത്തെ ജനജീവിതം; തലസ്ഥാനത്തും മഴ കനക്കുന്നു; വിഴിഞ്ഞത്ത് കടൽക്ഷോഭത്തിൽ വള്ളം മറിഞ്ഞ് മൽത്സ്യതൊഴിലാളി മരിച്ചു; മക്കിയിൽ 50 ലേറെ വീടുകളിൽ വെള്ളം കയറി
പത്തനംതിട്ട: സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് മഴ കനത്തതോടെ മഴക്കടുതിയും രൂക്ഷമാകുന്നു.മിക്ക പ്രദേശങ്ങളിലും വീടുകളിൽ വെള്ളം കയറിത്തുടങ്ങി. മൂന്നിലവ് പഞ്ചായത്തിൽ വീണ്ടും ഉരുൾപൊട്ടിയെന്നു സംശയം. മങ്കൊമ്പിലാണ് ഉരുൾപൊട്ടിയതെന്ന സംശയമുയർന്നത്. മീനച്ചിലാറ്റിന്റെ കൈവഴി വഴി ശക്തമായ മലവെള്ളപ്പാച്ചിലുണ്ട്. മൂന്നിലവ് ടൗണിൽ വെള്ളം കയറി. മുണ്ടക്കയം, ഇളംകാട് മേഖലയിൽ കനത്ത മഴയാണ് പെയ്യുന്നത്. ഇളംകാട് ടോപ്പിൽ മഴ കനത്തതിനെ തുടർന്ന് പുല്ലകയാറ് നിറയുന്നു. കൂട്ടിക്കൽ ചപ്പാത്തിൽ വെള്ളം കയറി. മുണ്ടക്കയം കോസ്വേയിലും വെള്ളം കയറുന്നു. ഇവിടെ ശക്തമായ മഴ തുടരുന്നു. പാലാ ഭാഗത്ത് കാര്യമായ മഴ പെയ്യുന്നില്ല. എങ്കിലും ജലനിരപ്പ് അപകടനില കടന്നിട്ടില്ല.
പത്തനംതിട്ട ജില്ലയിൽ വ്യാപകമായി മഴ തുടരുന്നതിനാൽ പമ്പ, മണിമല നദികളിൽ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ ജലനിരപ്പ് ക്രമാതീതമായി വർധിക്കാൻ സാധ്യതയുണ്ട്. നദികളുടെ ഇരു കരകളിലും താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ദുരന്തനിവാരണ അഥോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു.
ഇടുക്കി ജില്ലയിലെ മലയോര മേഖലയിലൂടെയുള്ള രാത്രിയാത്രയ്ക്കു രാത്രി 8 മുതൽ രാവിലെ 6 മണിവരെ നിരോധനം ഏർപ്പെടുത്തി. ജില്ലയിൽ ഖനന പ്രവർത്തനങ്ങളും ജലാശയങ്ങളിലെ മത്സ്യബന്ധനവും നിരോധിച്ചു. ഓഫ് റോഡ് ട്രക്കിങ്, അഡ്വഞ്ചർ ടൂറിസം, വിനോദ സഞ്ചാരത്തിനു വേണ്ടിയുള്ള സ്വകാര്യ ബോട്ടിങ് എന്നിവ താൽക്കാലികമായി ഒഴിവാക്കണമെന്നു കലക്ടർ അറിയിച്ചു. ഇന്നു മുതൽ ഓഗസ്റ്റ് 4 വരെയാണ് നിരോധനം. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണു തീരുമാനം.
തലസ്ഥാനത്തും മഴ കനക്കുകയാണ്.വിഴിഞ്ഞത്ത് കടൽക്ഷോഭത്തിൽ വള്ളം മറിഞ്ഞ് മൽത്സ്യതൊഴിലാളി മരിച്ചു. തമിഴ്‌നാട് സ്വദേശി കിങ്‌സ്റ്റോൺ (27) ആണ് മരിച്ചത്. അഞ്ചുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. മറ്റുള്ളവർ രക്ഷപ്പെട്ടു. കനത്ത മഴ തുടരുന്ന തിരുവനന്തപുരത്ത് ഇന്നും നാളെയും അതിതീവ്ര മഴ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം മക്കിയിൽ 50 വീടുകളിൽ വെള്ളം കയറുന്നു. വീടിന് പുറത്തിറങ്ങാനാവത്ത അവസ്ഥയിലാണ് 200 ഓളം ആളുകൾ.
മഴ കനത്തതോടെ എറണാകുളത്തെ ജനജീവിതം വീണ്ടും കുളമായി. ഒരു ദിവസം മഴ കനത്തു പെയ്തതോടെ കാനകൾ നോക്കുകുത്തിയായി. എംജി റോഡിലും എറണാകുളം നോർത്തിലും ബ്രോഡ്‌വേയിലും ഉൾപ്പടെ പലസ്ഥലത്തെയും കടകളിൽ വെള്ളം കയറി വൻ നാശനഷ്ടമുണ്ടായി. എംജി റോഡിൽ എംജി റോഡ്‌മെട്രോ സ്റ്റേഷന് അടിയിൽ വാഹനങ്ങൾക്കു പോലും പോകാൻ സാധിക്കാത്ത വിധം വെള്ളം കെട്ടിക്കിടക്കുകയാണ്. ഇതേത്തുടർന്ന് രാവിലെ മുതൽ റോഡുകളിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്.
മഴ തോർന്നിട്ടില്ലെങ്കിലും കടയുടമകൾ രാവിലെ എത്തി കടകളിൽ നിന്നു വെള്ളം പുറത്തേക്കു കളയുകയായിരുന്നു.കാന നിർമ്മാണത്തിലെ അപാകതകളാണ് കടകളിൽ വെള്ളം കയറുന്നതിനു പ്രധാന കാരണമെന്നു കട ഉടമകൾ പറയുന്നു. ഈ വർഷം മഴയ്ക്കു മുൻപേ 'ഓപ്പറേഷൻ ബ്രേക്ത്രൂ'വിന്റെ ഭാഗമായി കാന വൃത്തിയാക്കൽ നടന്നെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ അശാസ്ത്രീയമാണെന്നാണ് ആക്ഷേപം. ഇടപ്പള്ളി ഭാഗത്തും വെള്ളക്കെട്ടു രൂക്ഷമായ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്.
കൂടുതൽ മഴ മേഘങ്ങൾ അറബിക്കടലിൽ നിന്ന് കേരളത്തിലേക്ക് എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ തെക്കൻ കേരളത്തിലും മലയോര മേഖലയിലും തീരദേശത്തും രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്കാണ് സാധ്യതയുള്ളത്. തുടക്കത്തിൽ തെക്കൻ കേരളത്തിൽ ശക്തമാകുന്ന കാലവർഷം തുടർന്ന് വടക്കൻ കേരളത്തിലേക്കും വ്യാപിക്കും.
ബുധൻ, വ്യാഴം ദിവസങ്ങളിൽ കേരളത്തിൽ കൂടുതൽ ജാഗ്രത വേണ്ടി വരും. ഈ ദിവസങ്ങളിൽ പരക്കെ അതിശക്തമായ മഴക്കാണ് സാധ്യത. അതിതീവ്രമഴ സാധ്യതയുള്ളതിനാൽ മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ സാധ്യത വർധിക്കും. ഈ ദിവസങ്ങളിൽ യാത്രകൾ പ്രത്യേകിച്ച് മലയോര മേഖലയിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണം.
അത്യാവശ്യമെങ്കിൽ മാത്രമേ വീടിന് പുറത്തിറങ്ങാവൂ എന്നും ജാഗ്രത പുലർത്തണമെന്നും കേന്ദ്ര കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരളത്തിലും ലക്ഷദ്വീപിലും മത്സ്യബന്ധത്തിന് മുന്നിറിയിപ്പുണ്ട്. ഈ ദിവസങ്ങളിൽ കടലിൽ പോകരുത്. കാഴ്ചപരിധി കുറവായിരിക്കും.കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഏഴ് ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
മറുനാടന് മലയാളി ബ്യൂറോ