- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിന് മുകളിൽ അന്തരീക്ഷ ചുഴിയും ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴിയും; സംസ്ഥാനത്ത് നാല് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ (ഓഗസ്റ്റ് മൂന്ന്) ഓഗസ്റ്റ് ഏഴ് വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മുതൽ ഓഗസ്റ്റ് അഞ്ച് വരെ ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
കേരളത്തിന് മുകളിൽ അന്തരീക്ഷ ചുഴിയും തെക്കൻ ആന്ധ്രാ പ്രദേശിനും വടക്കൻ തമിഴ്‌നാടിനും സമീപത്തായി മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴിയും നിലനിൽക്കുന്നതിനാലാണിതെന്ന് അറിയിപ്പിൽ പറയുന്നു.
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. ഈ ജില്ലകളിലെ പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധിയായിരിക്കും. ഈ ജില്ലകളിൽ വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. എംജി സർവകലാശാല വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
തിരുവല്ല താലൂക്കിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലയിലെ മറ്റു താലൂക്കുകളിലെ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.
03-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
04-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നതുകൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
03-08-2022: തിരുവനന്തപുരം, കൊല്ലം, കാസറഗോഡ്
04-08-2022: തിരുവനന്തപുരം, കൊല്ലം*
05-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
06-08-2022: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
07-08-2022:കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.
ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.
മഴക്കെടുതി; വിനോദസഞ്ചാരികളെ സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിക്കണം: മുഖ്യമന്ത്രി
മഴക്കെടുതിയിൽപ്പെടുന്ന വിനോദ സഞ്ചാരികളെ സുരക്ഷിതമായ സ്ഥലങ്ങളിൽ എത്തിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തണമെന്ന് മഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. ജില്ലാ കളക്ടർമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.
ടൂറിസം കേന്ദ്രങ്ങളിലും റിസോർട്ടുകളിലും താമസിക്കുന്നവരെ അപകടകരമായ സ്ഥിതിയില്ലെങ്കിൽ ഒഴിപ്പിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
178 ദുരിതാശ്വാസ ക്യാംപുകൾ; 5168 പേരെ മാറ്റിപ്പാർപ്പിച്ചു
മഴക്കെടുതിയെത്തുടർന്നു സംസ്ഥാനത്ത് 178 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 5168 പേരെ ഇവിടങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചു.
തൃശൂരിലാണ് ഏറ്റവും കൂടുതൽ ആളുകളെ മാറ്റിപ്പാർപ്പിച്ചത്. ഇവിടെ 37 ക്യാംപുകളിലായി 1451 പേരെ മാറ്റി. തിരുവനന്തപുരത്ത് മൂന്നു ക്യാംപുകളിലായി 41 പേർ കഴിയുന്നുണ്ട്. പത്തനംതിട്ടയിൽ 32 ക്യാംപുകളിലായി 645 പേരെയും ആലപ്പുഴയിൽ ഒമ്പതു ക്യാംപുകളിലായി 167 പേരെയും കോട്ടയത്ത് 36 ക്യാംപുകളിലായി 783 പേരെയും മാറ്റിപ്പാർപ്പിച്ചു.
ഇടുക്കിയിൽ തുറന്ന ഏഴു ദുരിതാശ്വാസ ക്യാംപുകളിലേക്ക് 128 പേരെ മാറ്റിപ്പാർപ്പിച്ചു. എറണാകുളത്ത് 19 ക്യാംപുകളിൽ 687 പേരുണ്ട്. പാലക്കാട് മൂന്നു ക്യാംപുകളിലായി 57 പേരെയും മലപ്പുറത്ത് നാലു ക്യാംപുകളിലായി 58 പേരെയും കോഴിക്കോട് 10 ക്യാംപുകളിലായി 429 പേരെയും വയനാട് 13 ക്യാംപുകളിലായി 572 പേരെയും കണ്ണൂരിൽ നാലു ക്യാംപുകളിലായി 105 പേരെയും കാസർകോഡ് ഒരു ക്യാംപിൽ 45 പേരെയും മാറ്റിപ്പാർപ്പിച്ചു.
മറുനാടന് മലയാളി ബ്യൂറോ