- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രി നിരോധിക്കാത്ത കറുപ്പ് ഊരിവാങ്ങിയത് കാക്കിയിട്ടവർ; കരിങ്കൊടി കാട്ടിയ പ്രതിഷേധക്കാരനെ ലക്ഷ്യമിട്ട് ചീറിപാഞ്ഞ കമാണ്ടോ വാഹനം; കാറിൽ ഇരുന്ന് ലാത്തി കൊണ്ട് അടിക്കുന്ന കമാണ്ടോയും! മുഖ്യമന്ത്രിയുടെ സുരക്ഷയുടേ പേരിൽ കാട്ടിക്കൂട്ടിയത് എല്ലാം പരിധി വിട്ടു; പൊലീസ് മേധാവിയോടും ഗവർണ്ണർ വിശദീകരണം തേടിയേക്കും
തിരുവനന്തപുരം: പ്രതിഷേധങ്ങളെ പൊലീസ് നേരിടുന്നതിലും ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് നിരാശ. ഏകപക്ഷീയമായി പെരുമാറുന്നുവെന്നാണ് ആക്ഷേപം. ഇക്കാര്യത്തിൽ സംസ്ഥാന പൊലീസ് മേധാവിയിൽ നിന്നും ആഭ്യന്തര വകുപ്പിൽ നിന്നും ഗവർണ്ണർ വിശദീകരണം നൽകിയേക്കും. കരിങ്കൊടിക്കാട്ടാൻ റോഡിൽ നിന്ന കോൺഗ്രസ് പ്രതിഷേധകരന് നേരെ കാറോടിച്ച് കയറ്റാൻ കമാണ്ടോ വാഹനം ശ്രമിച്ചിരുന്നു. ഇതിനൊപ്പം കാറിൽ ഇരുന്ന് പ്രതിഷേധക്കാരെ അടിക്കുന്ന കമാണ്ടോ ഫോട്ടോയും വൈറലാണ്. ഇതെല്ലാം പൊലീസിന് തന്നെ നാണക്കേടാണെന്നാണ് രാജ്ഭവന്റെ വിലയിരുത്തൽ. ആളുകളെ കാറു കയറ്റി കൊല്ലാൻ ആഞ്ഞടുക്കുന്നതാകരുത് കമാണ്ടോകളുടെ പ്രവർത്തനമെന്നാണ് ഗവർണ്ണറുടെ നിലപാട്. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാൻ സാങ്കേതിക വിദ്യയും നൂതന ഇടപെടലുകളുമാണ് കമാണ്ടോകൾ നടത്തേണ്ടത്. ഈ സാഹചര്യത്തിലാണ് ഗവർണ്ണർ പൊലീസ് മേധാവിയോട് വിശദീകരണം ചോദിക്കുക.
കോടതിയിലെ രഹസ്യമൊഴിയിൽ സ്വപ്‌നാ സുരേഷിനെതിരെ കേസെടുത്ത സാഹചര്യവും അന്വേഷിക്കും. ഇതിനൊപ്പം സർക്കാരിനെതിരെ പ്രതികരിക്കുന്നവരെ പൊലീസിനെ കൊണ്ട് നേരിടുന്നുവെന്ന പൊതു ധാരണയും ഉണ്ട്. സിപിഎം പ്രവർത്തകർക്ക് പൊലീസ് ഒത്താശയും ചെയ്യുന്നു. ഗവ. ഗെസ്റ്റ് ഹൗസിനു സമീപം മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ കരിങ്കൊടി വീശിയ കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരിയെ സിറ്റി പൊലീസ് കമ്മിഷണറുടെ കസ്റ്റഡിയിലിരിക്കെ സിപിഎം പ്രവർത്തകർ മർദിച്ചു. തളിപ്പറമ്പിലേക്കുള്ള പുറപ്പെട്ട മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഗെസ്റ്റ് ഹൗസിൽ നിന്ന് കന്റോൺമെന്റ് റോഡിൽ 100 മീറ്റർ പിന്നിടുന്നതിനു മുൻപ്, ഡിഫൻസ് സെക്യൂരിറ്റി കോർ റെക്കോഡ്‌സ് ഓഫിസിനു മുന്നിൽ വച്ചാണു ഫർഹാൻ മുണ്ടേരി കരിങ്കൊടി വീശിയും മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചത്. പിടിയിലായവരെ സംരക്ഷിക്കാൻ പോലും പൊലീസിന് കഴിയാത്ത അവസ്ഥയാണുള്ളത്.
കറുപ്പിന് നിരോധനം ഏർപ്പെടുത്തിയിരുന്നില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിട്ടുണ്ട്. ഡിജിപിയും വിശദീകരണം പുറത്തിറക്കി. എന്നാൽ കേരളത്തിൽ ഉടനീളം മുഖ്യമന്ത്രിയുടെ കണ്ണൂർ യാത്രയ്ക്കിടെ കറുത്ത മാസ്‌കും കറുത്ത വസ്ത്രവും പൊലീസ് അനുവദിച്ചില്ല. മാസ്‌കുകൾ ഊരി മാറ്റി. ഇത് എന്തുകൊണ്ട് സംഭവിച്ചുവെന്നും ഗവർണ്ണർ അന്വേഷിക്കും. കാൽടെക്‌സിൽ, മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാട്ടുന്നതിനിടെയാണു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എം.കെ.സജീഷിന്, എസ്‌കോർട്ട് വാഹനത്തിലെ പൊലീസ് കമാൻഡോയുടെ ലാത്തിയടിയേറ്റത്. അടികൊണ്ട സജീഷ് റോഡരികിൽ വീണു. എഴുന്നേറ്റ് വീണ്ടും പ്രതിഷേധിച്ചു. വായന്തോട് വച്ചും പൊലീസ് കമാൻഡോ കാറിനു പുറത്തേക്കു ലാത്തി വീശി. ഇതെല്ലാം ആരുടെ നിർദ്ദേശ പ്രകാരമാണെന്നും രാജ്ഭവൻ അന്വേഷിക്കും. എന്നാൽ ഗവർണ്ണറുടെ ഇടപെടൽ ഉണ്ടായാൽ അതിനെ ഗൗരവത്തോടെ എടുക്കേണ്ടെന്ന നിർദ്ദേശം ഉന്നത കേന്ദ്രങ്ങൾ ബന്ധപ്പെട്ടവർ്ക്ക് നൽകിയിട്ടുണ്ട്.
വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെ ശാരീരികമായി ആക്രമിക്കാൻ കോൺഗ്രസ് നടത്തിയ ശ്രമം തീക്കൊള്ളി കൊണ്ട് തലചൊറിയലാണെന്നും അതിര് കടന്നാൽ ബുദ്ധിമുട്ടേണ്ടിവരുമെന്നുമുള്ള ഭീഷണിയുമായി എച്ച്. സലാം എംഎൽഎയുടെ ഫേസ്‌ബുക് കുറിപ്പ് ചർച്ചയായിട്ടുണ്ട്. പൊലീസിന്റെ സഹായമില്ലാതെ പിണറായിക്ക് സുരക്ഷ നൽകാൻ കേരളത്തിലെ കമ്മ്യുണിസ്റ്റുകാരുടെ കരുത്തിന്റെ ചെറിയ അംശം മതി എന്നും ജനങ്ങളോടുള്ള ഉത്തരവാദിത്തം ദൗർബല്യമായി കാണേണ്ടെന്നുമാണ് എംഎൽഎ കുറിപ്പിൽ പറയുന്നത്. എന്നാൽ ഈ എംഎൽഎയ്‌ക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കുന്നില്ല. ഇതെല്ലാം പൊലീസിന്റെ ഏകപക്ഷീയ നടപടിയാണെന്ന വിലയിരുത്തൽ സജീവമാണ്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. മുഖ്യമന്ത്രിയുടെ പിഎയുടെയും ഗൺമാന്റെയും പരാതിയിലാണ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ്, ജില്ലാ സെക്രട്ടറി നവീൻ കുമാർ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരുടെ രക്തപരിശോധന പൊലീസ് നടത്തിയില്ല. വിമാനത്തിലെ പ്രതിഷേധത്തിൽ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് പരാതി നൽകാൻ മുഖ്യമന്ത്രിയുടെ ഓഫിസ് നീക്കമാരംഭിച്ചു. എന്നാൽ യൂത്ത് കോൺഗ്രസുകാരെ ശാരീരികമായി ആക്രമിച്ച ഇപി ജയരാജനെതിരെ കേസുമില്ല.
മുഖ്യമന്ത്രിക്കു നേരെ നടത്തിയ പ്രതിഷേധത്തിനിടെ അദ്ദേഹത്തിന്റെ ഗൺമാൻ അനിൽ കുമാറിനും പിഎ സുരേഷിനും പരുക്കേറ്റതായി ആരോപണമുണ്ട്. ഇരുവരും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പ്രതിഷേധക്കാരെ തടയുന്നതിനിടെയാണ് ഇവർക്കു പരുക്കേറ്റതെന്നാണ് പറയുന്നത്. വിമാനം പുറപ്പെടുമ്പോൾ തന്നെ ഇവർ മുഖ്യമന്ത്രിയെ നിരീക്ഷിക്കുന്നുണ്ടായിരുന്നെന്നും മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള ശ്രമം തടഞ്ഞപ്പോഴാണ് പരുക്കേറ്റതെന്നും ഗൺമാൻ പൊലീസിനു മൊഴി നൽകി. തള്ളിമാറ്റിയ ശേഷം കൊലപ്പെടുത്തുമെന്ന് ആക്രോശിച്ച് ഇവർ മുഖ്യമന്ത്രിക്കു നേരെ പാഞ്ഞടുത്തു. മുഖ്യമന്ത്രിയെ അക്രമിക്കാൻ പാഞ്ഞടുത്തപ്പോൾ ഇ.പി.ജയരാജൻ യൂത്ത് കോൺഗ്രസുകാരെ തള്ളിമാറ്റി.
ഇതിനു ശേഷവും പ്രതിഷേധക്കാർ മുഖ്യമന്ത്രിക്കു നേരെ വന്നെന്നും ഇവരെ പിടിച്ചുമാറ്റാൻ ചെന്നപ്പോഴാണ് പരുക്കേറ്റതെന്നുമാണ് സ്റ്റാഫ് അംഗങ്ങളുടെ മൊഴി. കറുത്ത വസ്ത്രങ്ങളണിഞ്ഞാണ് വിമാനത്തിൽ കയറിയത്. ആദ്യം സീറ്റിലിരുന്ന് മുദ്രാവാക്യം വിളിച്ച ഇവർ പിന്നീട് മുഖ്യമന്ത്രിയുടെ അടുത്തേക്ക് ചെല്ലുകയായിരുന്നു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് മുദ്രാവാക്യം വിളിച്ചു. അതിനിടെ, വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുദ്രാവാക്യം വിളിച്ചെത്തിയ അദ്ധ്യാപകനെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബുവിനു നിർദ്ദേശം നൽകി.
മുട്ടന്നൂർ എയിഡഡ് യുപി സ്‌കൂൾ അദ്ധ്യാപകനായ ഫർസീൻ മജീദിനെതിരെ എത്രയും പെട്ടെന്ന് അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്നാണ് മന്ത്രി വി.ശിവൻകുട്ടി നിർദ്ദേശം നൽകിയിരിക്കുന്നത്. കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കു നേരെ മുദ്രാവാക്യം വിളികളുമായി എത്തിയത്.
മറുനാടന് മലയാളി ബ്യൂറോ