- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടികളുടെ സ്വത്തിന്റെ അവകാശിയായ താൻ ഒരു സെന്റ് ഭൂമി പോലുമില്ലാതെ പരമ ദരിദ്രനായി; തന്റെ മൃതദേഹം പോസ്റ്റുമോർട്ടമോ കത്തിക്കുകയോ ചെയ്യാതെ നായ്ക്കൾക്ക് ഭക്ഷണമായി നൽകണം; എല്ലാറ്റിനും ഉത്തരവാദി സഹോദരൻ രഘുചന്ദ്രബാൽ; ആത്മഹത്യാ കുറിപ്പ് ലൈബ്രറിയുടെ ചുവരിൽ ഒട്ടിച്ചു രാജഗുരു പാലിന്റെ ആത്മഹത്യ
തിരുവനന്തപുരം: തിരുവനന്തപുരം കാഞ്ഞിരംകുളം പഞ്ചായത്തിന്റെ മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവ് രഘുചന്ദ്രബാലിന്റെ സഹോദരനുമായ രാജ ഗുരു പാലിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് ഇന്നലെയാണ്. പ്രദേശത്തിനാകെ ഞെട്ടലുണ്ടാക്കുന്ന വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ ആത്മഹത്യ. രാജ ഗുരു പാലിനെ ആത്മഹത്യ ചെയ്ത നിലയിൽ' കണ്ടെത്തിയത് ലൈബ്രറിയിലായിരുന്നു.
മുൻ മന്ത്രി കൂടിയായ രഘുചന്ദ്രബാലിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. മരണത്തിലെ ദുരൂഹതയെ തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ മാറ്റിവെച്ചു. ഇന്ന് ആർഡിഒ യുടെ സാന്നിധ്യത്തിലായിരിക്കും ഇൻക്വസ്റ്റ് നടപടികൾ എന്ന് പൊലീസ് അറിയിച്ചു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കയാണ്.
ആത്മഹത്യാ കുറിപ്പിൽ തന്റെ സഹോദരനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടാണ് രാജഗുരു കത്തെഴുതിയിരിക്കുന്നത്. കോടികൾ ആസ്തിയുള്ള കുടുംബത്തിൽ ജനിച്ച രാജഗുരു ആത്മഹത്യാ കുറിപ്പിൽ കുറിച്ചിരിക്കുന്നത് താൻ നയാ പൈസ വകയില്ലാത്ത തീർത്തും ദരിദ്രനായാണ് മരിക്കുന്നത് എന്നാണ്. മന്ത്രിയായിരുന്ന രഘുചന്ദ്രബാൽ സഹോദരന്റെ സ്വത്തു പോലും പിടിച്ചുവാങ്ങിയെന്നാണ് ആത്മഹത്യാ കത്തിൽ കുറിച്ചിരിക്കുന്നത്.
മരുന്നിനോ ഭക്ഷണത്തിനോ വേണ്ട പണം പോലുമില്ല. കടംവാങ്ങി ജീവിക്കുന്നത് ഇനിയും തുടരാൻ സാധിക്കില്ലെന്നാണ് അദ്ദേഹം വിവരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പദവി അടക്കം വഹിച്ചിരുന്ന അദ്ദേഹം അവസാന കാലത്ത് യുവജന സംഘം ലൈബ്രറിയിലാണ് കഴിഞ്ഞു കൂട്ടിയത്. രാജഗുരുവിന്റെ പ്രശ്‌നം ഇതിന് മുമ്പ് കെപിസിസിയുടെ മുന്നിൽ എത്തിയതുമാണ്. സ്വാതന്ത്ര്യ സമര സേനാനിയായ പി ഗോപിനാഥൻ നായർ നേരത്തെ ഇദ്ദേഹത്തിന്റെ പ്രശ്‌നം പരിഹരിക്കണം എന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും രഘുചന്ദ്രബാലിന്റെ സഹോദരനെ കോൺഗ്രസ് നേതൃത്വം തിരിഞ്ഞു നോക്കാത്ത അവസ്ഥയുണ്ടായി.
അവിവാഹിതനായ രാജഗുരു ബാലിന്റെ ഓസ്‌ട്രേലിയയിൽ താമസിക്കുന്ന സഹോദരി അടക്കം എത്തിയ ശേഷമേ മൃതദേഹം സംസ്‌ക്കരിക്കുകയുള്ളൂ. ആത്മഹത്യാ കുറിപ്പിലും അദ്ദേഹം തന്റെ സഹോദരനെതിരെ പറഞ്ഞിട്ടുണ്ട്. പൊലീസുകാരിൽ ചിലർക്കും തന്റെ മരണത്തിൽ പങ്കുണ്ടെന്നാണ് ആരോപണം. ഇത് കൂടാതെ തന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുകയോ കത്തിക്കുകയോ ചെയ്യരുത്. പകരം, തെരുവു നായ്ക്കൾക്ക് എറിഞ്ഞു കൊടുക്കണം എന്നും അദ്ദേഹം കുറിക്കുന്നു. കുടുംബത്തോടും സഹോദരങ്ങളോടും അത്രയ്ക്ക് എതിർപ്പ് അദ്ദേഹത്തിനുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ വാക്കുകൾ.
മറുനാടന് മലയാളി ബ്യൂറോ