- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിടിച്ചത് മൂർഖനെയെങ്കിൽ അളയിൽ ഉള്ളത് രാജവെമ്പാല! ബി അശോകനെ പുകച്ചു പുറത്തു ചാടിച്ചിട്ടും കെഎസ്ഇബിയിലെ സഖാക്കൾക്ക് രക്ഷയില്ല; അണുവിട വിട്ടുവീഴ്ച്ച ചെയ്യാതെ പുതിയ ചെയർമാൻ രാജൻ ഖോബ്രഗഡെ; സുരേഷ്കുമാറിന്റെ ശമ്പളത്തിൽ നിന്ന് 6.7 ലക്ഷം പിഴ പത്ത് ഗഡുക്കളായി തിരിച്ചു പിടിക്കാൻ ഉത്തരവിറങ്ങി
തിരുവനന്തപുരം: പിടിച്ചത് മൂർഖനെയെങ്കിൽ അളയിൽ ഉള്ളത് രാജവെമ്പാലയാണെന്നാണ് പറയുന്നത് പോലുള്ള അവസ്ഥയിലണ് കെഎസ്ഇബിയിലെ സഖാക്കൾ. ബോർഡിനെ ലാഭത്തിൽ എത്തിച്ച ബി അശോകനെ പുറത്താക്കി പടിയടച്ചപ്പോൾ പകരം വന്നയാൾ അതിലും കേമനാണെന്ന് സഖാക്കൾ നിരുവിച്ചില്ല. അതിന്റെ പ്രതിഫലനങ്ങൾ കണ്ടു തുടങ്ങിയതോടെ കെഎസ്ഇബിയിലെ ഓഫിസേഴ്‌സ് അസോസിയേഷന്റെ പ്രതീക്ഷകളെല്ലാം തെറ്റി തുടങ്ങി. ബി അശോക് തുടങ്ങിവെച്ച അച്ചടക്ക നടപടികളിൽ നിന്നും വിട്ടുവീഴ്‌ച്ചയില്ലാതെ മു്‌ന്നോട്ടു പോകാനാണ് പുതിയ ചെയർമാൻ രാജൻ ഖോബ്രഗഡെയുടെ തീരുമാനം.
ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്ത ഇനത്തിൽ ഓഫിസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം.ജി.സുരേഷ്‌കുമാർ കെഎസ്ഇബിക്കു നഷ്ടം വരുത്തിയ 6.7 ലക്ഷം രൂപ അദ്ദേഹത്തിന്റെ ശമ്പളത്തിൽനിന്ന് 10 ഗഡുക്കളായി തിരിച്ചുപിടിക്കാൻ ഖോബ്രഗഡെ ഉത്തരവിട്ടു. ഇതോടെ ചട്ടങ്ങളിൽ നിന്നും വ്യതിചലിക്കാതെ മുന്നോട്ടു പോകുന്ന ഖോബ്രഗഡെ അശോകനേക്കാൾ വലിയ അച്ചടക്കാരനാകുകയാണ്.
സുരേഷ്‌കുമാർ ഉൾപ്പെടെ യൂണിയൻ നേതൃത്വം ചെയർമാനെ സന്ദർശിച്ചപ്പോൾ നിയമപ്രകാരമേ നടപടികളുണ്ടാകുവെന്ന് അദ്ദേഹം അറിയിച്ചിരുന്നെന്നാണു സൂചന. പിന്നാലെയാണ് ഉത്തരവ്. സുരേഷ്‌കുമാർ മുന്മന്ത്രി എം.എം.മണിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്തപ്പോഴാണു വാഹനം സ്വകാര്യ ആവശ്യത്തിന് ദുരുപയോഗം ചെയ്തതായി കെഎസ്ഇബി വിജിലൻസ് വിഭാഗം കണ്ടെത്തിയത്. ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്ത വകയിൽ കെഎസ്ഇബിക്കു നഷ്ടം വരുത്തിയ 6,72,560 രൂപ അടച്ചില്ല. ഏപ്രിൽ 19നു ചെയർമാൻ നോട്ടിസ് നൽകി, രണ്ടു മാസം കഴിഞ്ഞിട്ടും പണമടച്ചില്ലെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചിരുന്നു. ഉദ്യോഗസ്ഥൻ തടസ്സവാദം ഉന്നയിച്ചിരിക്കുകയാണെന്നും ഇതു പരിശോധനയിലാണെന്നും മന്ത്രി അറിയിച്ചു.
നിലവിൽ പെരിന്തൽമണ്ണ ഇലക്ട്രിക്കൽ ഡിവിഷൻ ഓഫിസിൽ എക്‌സിക്യൂട്ടീവ് എൻജിനീയറായ സുരേഷ്‌കുമാർ മുൻ മന്ത്രി എം.എം.മണിയുടെ അസി.പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്തപ്പോൾ വാഹനം സ്വകാര്യ ആവശ്യത്തിനു ദുരുപയോഗം ചെയ്‌തെന്നാണു കണ്ടെത്തൽ. കെഎസ്ഇബി വിജിലൻസ് വിഭാഗം നൽകിയ അന്വേഷണ റിപ്പോർട്ടിനെത്തുടർന്നാണു തുക അടയ്ക്കാൻ സുരേഷ്‌കുമാറിനു ചെയർമാൻ നോട്ടിസ് നൽകിയത്.
പഴയ ഉത്തരവുകളിൽ തിരിഞ്ഞു നോട്ടം വേണ്ടെന്ന സന്ദേശം തന്നെയാണ് മന്ത്രിയും ചെയർമാനുമായി പങ്കുവെക്കുന്ന കാര്യം. പരിഷ്‌കരണം തുടരും. സംഘടനാ സ്വാതന്ത്ര്യം അനുവദിക്കാമെങ്കിലും ബോർഡിന് മുകളിൽ ശക്തിയാകാനുള്ള ശ്രമം തടയും. ഇതിന് വേണ്ടതെല്ലാം ചെയ്യാനുള്ള പച്ചക്കൊടിയാണ് വൈദ്യുത മന്ത്രിയിൽ നിന്നും മുതിർന്ന ഐഎഎസുകാരന് കിട്ടിയത്. ആരോഗ്യ വകുപ്പിനെ കോവിഡു കാലത്ത് നയിച്ചതു പോലെ വൈദ്യുത ബോർഡിനേയും മുമ്പോട്ട് കൊണ്ടു പോകാനുള്ള കരുത്ത് പുതിയ ഉദ്യോഗസ്ഥനുണ്ടെന്നാണ് കൃഷ്ണൻകുട്ടിയുടെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ ബി അശോകിന്റെ മാറ്റം കെ എസ് ഇ ബിയെ ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. ഫലത്തിൽ ഖോബ്രഗഡെയും അതിശക്തമായ നടപടികളുമായി കെ എസ് ഇ ബിയെ നയിക്കും.
കെഎസ്ഇബിയിൽ സമഗ്രമായ പരിഷ്‌കാരത്തിന് വഴിമരുന്നിട്ട ചെയർമാൻ ബി.അശോകിനെ മാറ്റിയാണ് രാജൻ ഖോബ്രഗഡെയെ നിയമിച്ചത്. കെഎസ്ഇബി ചെയർമാന്റെ പദവി പ്രിൻസിപ്പൽ സെക്രട്ടറിയുടേതിനു തത്തുല്യമായി ഉയർത്തി. ബി.അശോകിനെ കൃഷി വകുപ്പ് സെക്രട്ടറി സ്ഥാനത്തേക്കാണ് മാറ്റിയിരിക്കുന്നത്. കെഎസ്ഇബിയിലെ തൊഴിലാളി യൂണിയനുകളുമായി ഉടക്കിയ അശോകിനെ മാറ്റാൻ വലിയ സമ്മർദ്ദം സർക്കാരിന് മേലുണ്ടായിരുന്നു. കെഎസ്ഇബി ചെയർമാനായി ഒരു വർഷം തികയ്ക്കാൻ ഇരിക്കെയാണ് അശോകിനെ മാറ്റിയത്. അശോകിനെതിരെ കെഎസ്ഇബിയിലെ തൊഴിലാളി യൂണിയനകളും സിഐടിയു നേതൃത്വവും ശക്തമായ സമരവുമായി രംഗത്ത് വന്നപ്പോൾ മറുവശത്ത് ഐഎഎസ് അസോസിയേഷൻ അദ്ദേഹത്തിന് പിന്തുണ രേഖപ്പെടുത്തിയിരുന്നു. മുൻ മന്ത്രി എംഎം മണിയും സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദനും പരസ്യമായി തന്നെ അശോകിനെതിരെ തിരിഞ്ഞെങ്കിലും അദ്ദേഹത്തെ ഇതുവരെ സർക്കാർ സംരക്ഷിച്ചിരുന്നു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യവകുപ്പിന്റെ നിയന്ത്രണം നിർവഹിച്ച വ്യക്തിയാണ് രാജൻ ഖോബ്രഗഡെ. ഒരു മാസം മുൻപാണ് അദ്ദേഹത്തെ ആരോഗ്യവകുപ്പിൽ നിന്ന് ജലവിഭവ വകുപ്പിലേക്ക് മാറ്റിയത്. ഈ സ്ഥലംമാറ്റത്തിൽ അദ്ദേഹം അതൃപ്തനാണെന്ന തരത്തിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെ അവധി എടുത്തു. ഇത് റദ്ദാക്കിയാണ് ഖോബ്രഗഡെ കെ എസ് ഇ ബിയെ നയിക്കാനെത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ