തിരുവനന്തപുരം: നിയമവും ചട്ടവും കൂടുതൽ കർശനമാക്കാൻ വൈദ്യുതി ബോർഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായ ജലവിഭവ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ എൻ. ഖൊബ്രഗഡെ തിങ്കളാഴ്ച ചുമതലയേൽക്കും. ഇദ്ദേഹത്തിന്റെ പദവിക്ക് അനുസരിച്ചു ചെയർമാൻ സ്ഥാനം, പ്രിൻസിപ്പൽ സെക്രട്ടറിയുടെ പദവിയിലേക്ക് ഉയർത്തി സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ആരോഗ്യവകുപ്പിൽനിന്നു ജലവിഭവ വകുപ്പിലേക്കു മാറ്റിയതിനെത്തുടർന്ന് രാജൻ ഖൊബ്രഗഡെ 2 മാസത്തെ അവധിയിലായിരുന്നു. സർക്കാരിനോട് പിണങ്ങിയായിരുന്നു ഇത്. വൈദ്യുത ബോർഡ് കിട്ടിയതോടെ അവധി റദ്ദാക്കി എത്തുകയാണ് ഈ മുതിർന്ന ഐഎഎസുകാരൻ. കെ എസ് ഇ ബിയിലെ യൂണിയൻക്കാർ പാര തുടങ്ങിയെന്ന തിരിച്ചറിവിലാണ് ഇത്. മുഖ്യമന്ത്രി പിണറായി വിജയൻ തങ്ങളെ ചതിച്ചോ എന്ന സംശയവും ഓഫീസേഴ്‌സ് അസോസിയേഷൻ അടക്കമുള്ളവർക്കുണ്ട്.

കെ.എസ്.ഇ.ബി. ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് ബി. അശോക് ഐ.എ.എസിനെ മാറ്റി പകരം പിണറായി സർക്കാർ കൊണ്ടു വരുന്നതും നിയമങ്ങളും ചട്ടങ്ങളും മാത്രം നോക്കി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനെയാണ്. അശോകിനെ കൃഷി വകുപ്പ് സെക്രട്ടറി സ്ഥാനത്തേക്കാണ് മാറ്റിയിരിക്കുന്നത്. ഇതിന്റെ ആഘോഷങ്ങളിലായിരുന്നു കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ. ഇത് അധിക സമയം നിലനിന്നില്ല. അശോകിനേക്കാൾ വലിയ തിരിച്ചടിയാണ് അസോസിയേഷനെ സംബന്ധിച്ചിടത്തോളം രാജൻ ഖൊബ്രഗഡെ. ഇത് മനസ്സിലാക്കിയ യൂണിയൻ നേതാക്കൾ ചുമതലയേൽക്കും മുമ്പേ രാജൻ ഖൊബ്രഗഡെയെ മാറ്റാൻ നീക്കം തുടങ്ങി. ഇതു മനസ്സിലാക്കിയാണ് അതിവേഗം ഖൊബ്രഗഡെ ചുമതലയേൽക്കുന്നത്.

വൈദ്യുതി ബോർഡിലെ യൂണിയനുകളുമായുള്ള തർക്കത്തിൽ അശോകിനെ മാറ്റാൻ നേരത്തെ തന്നെ സമ്മർദ്ദമുണ്ടായിരുന്നു. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് അശോകിനെ മാറ്റാൻ തീരുമാനിച്ചത്. വ്യാഴാഴ്ചയാണ് ഉത്തരവ് പുറത്തിറങ്ങിയത്.ബി. അശോകുമായി സിപിഎം. അനുകൂല സംഘടനയായ കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷൻ നേതൃത്വത്തിന് അസ്വാരസ്യമുണ്ടായിരുന്നു. അശോക് കെ.എസ്.ഇ.ബി. ചെയർമാൻ സ്ഥാനത്തേക്ക് വന്നിട്ടിണ്ട് ഒരുകൊല്ലം മാത്രമേ ആയിട്ടുള്ളൂ. അതിനിടെ സ്വീകരിച്ച പല നടപടികളും യൂണിയനുകളെ പ്രകോപിപ്പിച്ചിരുന്നു. യൂണിയൻ താൽപ്പര്യത്തിന് വഴങ്ങിയ സിപിഎമ്മിന്റെ ശക്തമായ സമ്മർദ്ദത്തേത്തുടർന്നാണ് അശോകിനെ മാറ്റിയത്. അപ്പോഴും ആശോകനോളം ശക്തനായ രാജൻ ഖൊബ്രഗഡെയെ പിണറായി നിയോഗിച്ചു. വൈദ്യുത ബോർഡിലെ പരിഷ്‌കരണങ്ങൾ മുമ്പോട്ട് കൊണ്ടു പോകാനാണ് ഇത്.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ട രാജൻ ഖൊബ്രഗഡെ രണ്ടുമാസത്തെ അവധിയിൽ പ്രവേശിച്ചിരുന്നു. അവധിക്കുള്ള കാരണം, വ്യക്തിപരമാണെന്ന് പറയുന്നുണ്ടെങ്കിലും, ആരോഗ്യവകുപ്പിൽ നിന്ന് മാറ്റിയതിലുള്ള അതൃപ്തിയെന്നാണ് സൂചന. ചീഫ് സെക്രട്ടറിയുടെ അവലോകന യോഗത്തിൽ ഏറ്റവും മോശപ്പെട്ട വകുപ്പായി വിലയിരുത്തിയത് ആരോഗ്യവകുപ്പിനെയാണെന്ന് ചൂണ്ടികാട്ടി, അദ്ദേഹം കീഴുദ്യോഗസ്ഥർക്ക് കത്ത് അയച്ചിരുന്നു. ഇതു പുറത്തായതിനുശേഷമാണ് സ്ഥാനചലനം സംഭവിച്ചത്. കോവിഡ് കാലത്തടക്കം വകുപ്പിന് നേതൃത്വം നൽകിയത് ഇദ്ദേഹമായിരുന്നു. ഈ സാഹചര്യത്തിൽ ഖൊബ്രഗഡെയുടെ അവധി വലിയ ചർച്ചകൾക്ക് വിധേയമായിരുന്നു. ഇതിനിടെയാണ് പുതിയ ഉത്തരവാദിത്തം സർക്കാർ ഏൽപ്പിക്കുന്നത്. കണക്കു കൂട്ടിയാണ് പിണറായി ഈ തീരുമാനം എടുത്തതെന്നാണ് റിപ്പോർട്ട്.

ഓഫീസേഴ്സ് അസോസിയേഷന് പൂർണ്ണമായും വഴങ്ങുന്ന ചെയർാൻ സ്ഥാപനത്തിന്റെ നാശത്തിന് കാരണമാകുമെന്ന വിലയിരുത്തൽ മുഖ്യമന്ത്രിക്കുണ്ട്. കെ എസ് ഇ ബിയെ നന്നാക്കിയേ മതിയാകൂവെന്ന പിണറായി വിജയന്റെ നിശ്ചയദാർഡ്യം ഇതിന് പിന്നിലുണ്ട്. ഇത് കെ എസ് ഇ ബിക്ക് ഗുണകരമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ. എന്നാൽ പുതിയ ആളെത്തിയാലും യൂണിയൻ നേതാക്കൾക്ക് രക്ഷയുണ്ടാകുമോ എന്ന ചർച്ചയും ആശങ്കയും ഓഫീസേഴ്സ് അസോസിയേഷനിൽ സജീവമാണ്. ആരും പറഞ്ഞാൽ വഴങ്ങാത്ത നിയമം മാത്രം നോക്കുന്ന ഐഎഎസുകാരനാണ് വരാൻ പോകുന്നത്.

ഓഫീസേഴ്സ് അസോസിയേഷൻ നേതാവായ സുരേഷ് കുമാർ നിലവിൽ പെരിന്തൽമണ്ണയിലാണ് ജോലി ചെയ്യുന്നത്. അദ്ദേഹത്തിന് സ്ഥലം മാറ്റം കിട്ടരുതെന്ന ലക്ഷ്യത്തോടെ ബി അശോക് ഒരു ഉത്തരവും പുറപ്പെടുവച്ചിരുന്നു. ഈ ഉത്തരവ് അടുത്ത ചെയർമാൻ റദ്ദാക്കിയാൽ മാത്രമേ സുരേഷ് കുമാറിന് തിരുവനന്തപുരത്ത് ജോലി കിട്ടൂ. ഇതിനൊക്കെ വഴങ്ങുന്ന ആളിനെ കെ എസ് ഇ ബി ചെയർമാനാക്കണമെന്നതാണ് ആവശ്യം. അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലം മാറ്റപ്പെട്ടവർക്കും ബോർഡ് ആസ്ഥാനത്ത് ജോലിക്ക് തിരിച്ചെത്തണമെന്ന ആഗ്രമുണ്ട്. എന്നാൽ ഇതിനൊന്നും വഴങ്ങുന്ന വ്യക്തിയല്ല ഖൊബ്രഗഡെ. ഇതാണ് അസോസിയേഷന്റെ പുതിയ അട്ടിമറി നീക്കങ്ങൾക്ക് പിന്നിലെ ചേതോവികാരം.

സംസ്ഥാനത്തെ ആരോഗ്യവകുപ്പിന്റെ പ്രവർത്തനത്തിൽ അതൃപ്തി വ്യക്തമാക്കി ചീഫ് സെക്രട്ടറി സംസ്ഥാനതല യോഗത്തിൽ ഉന്നയിച്ച വിമർശനങ്ങൾ ചൂണ്ടിക്കാട്ടി ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ ഖൊബ്രഗഡെ അയച്ച കത്ത് പുറത്തു വന്നു. ആരോഗ്യ വകുപ്പിന്റെ ഭരണപരമായ വീഴ്ചകൾ കത്തിൽ അക്കമിട്ട് നിരത്തുന്നു. വകുപ്പിലെ സ്ഥാനക്കയറ്റം, അച്ചടക്ക നടപടി, സീനിയോരിറ്റി പട്ടിക, അവധിക്രമം തുടങ്ങിയ വിഷയങ്ങളിൽ വലിയ വീഴ്ചയാണ് സംഭവിക്കുന്നത്. വകുപ്പിലെ അവധിക്രമം ഇനിയും നേരെയായിട്ടില്ല. 30, 40 വർഷം മുമ്പുള്ള കേസുകൾ കോടതിയിൽ കെട്ടിക്കിടക്കുകയാണ്. ഇതിൽ പലതിലും സർക്കാർ തോൽക്കുന്നുമുണ്ട്. നഷ്ടപരിഹാരമായി വലിയ തുക നൽകേണ്ടി വരുന്നു. കേസുകൾ ഫോളോ അപ്പ് ചെയ്യുന്നതിൽ വലിയ വീഴ്ചയാണ് സംഭവിക്കുന്നത്. ഇതിന്റെ ഭാഗമായി വരുന്ന കോടതിലക്ഷ്യ കേസുകളും മറ്റ് പ്രശ്‌നങ്ങളും, ഉദ്യോഗസ്ഥർ ജോലി കൃത്യമായി നിർവഹിക്കാത്തതിനാലെന്നും കത്തിൽ വിമർശിച്ചിരുന്നു.