തിരുവനന്തപുരം: ഏഷ്യാനെറ്റ് തലവനും ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖർ കായൽ കൈയേറ്റം നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. നിയമസഭയിൽ എൽദോസ് പി കുന്നപ്പിള്ളി എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കുമരകത്തുള്ള നിരാമയ റിട്രീറ്റ്സ് 94 ചതുരശ്ര മീറ്റർ കായൽ പുറമ്പോക്കും 2 ആർ 17 ചതുരശ്ര മീറ്റർ തോട് പുറമ്പോക്കും കയ്യേറിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി മറുപടിയിൽ വ്യക്തമാക്കി.

കൈയേറ്റം തിട്ടപ്പെടുത്തി കുമരകം ഗ്രാമപഞ്ചായത്തിനെ കോട്ടയം തഹസിൽദാർ ഏൽപ്പിക്കുകയും കൈയേറ്റം ഒഴിപ്പിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുള്ളതാണ്. ഇതിന്റെ ഭാഗമായി കുമരകം പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയതിനെ തുടർന്ന് നിരാമയ റിട്രീറ്റ്സ് കേരള ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തതായും മന്ത്രി ചന്ദ്രശേഖരൻ വിശദീകരിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ചെയർമാനും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ എംപി റിസോർട്ട് നിർമ്മാണത്തിനായി വേമ്പനാട് കായലും തോട് പുറമ്പോക്കും കൈയേറിയെന്നും രാജ്യാന്തര നിലവാരത്തിൽ നിർമ്മിക്കുന്ന നിരാമയ റിട്രീറ്റ് റിസോർട്ടിന് വേണ്ടി നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് മാധ്യമങ്ങൾ വാർത്ത പുറത്ത്‌വിട്ടത്.

കുമരകം കവണാറ്റിൻകരയിൽ പ്രധാന റോഡിൽനിന്ന് കായൽവരെ നീളുന്ന പുരയിടത്തിൽ ഫൈവ്സ്റ്റാർ റിസോർട്ട് നിർമ്മാണം അന്തിമഘട്ടത്തിലാണ്. ബംഗളൂരു ആസ്ഥാനമായി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ജൂപ്പിറ്റർ കാപ്പിറ്റൽ എന്ന കമ്പനിയാണ് നിരാമയ നിർമ്മിക്കുന്നത്. പെരുമ്പാവൂരിലെ സ്വകാര്യ കമ്പനിക്കുള്ള കുമരകത്തെ സ്ഥലവും നിരാമയയുടെ കൈവശമാണിപ്പോൾ.

കുമരകത്തുനിന്ന് വേമ്പനാട് കായലിലേക്ക് ഒഴുകുന്ന നേരേ മടത്തോടിന്റെ ഒരുവശം മുഴുവൻ തീരംകെട്ടി കൈയേറി റിസോർട്ട് മതിലിനുള്ളിലാക്കി. ഈ തോടിന്റെയും റാംസർ സൈറ്റിൽ ഉൾപ്പെടുന്ന അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വേമ്പനാട് കായലിന്റെയും തീരത്തോടു ചേർന്നാണ് നിർമ്മാണം. ഇവിടെയുള്ള പുറമ്പോക്കും കൈവശമാക്കി. രണ്ട് പ്ളോട്ടുകളിലായി നാല് ഏക്കറോളം തീരഭൂമിയാണ് റിസോർട്ടിന്റെ അധീനതയിലുള്ളത്. സമീപവാസികളും മറ്റ് സംഘടനകളും കൈയേറ്റം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അനധികൃത നിർമ്മാണം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജിയും നൽകി.

ഹൈക്കോടതി ഇടപെടലിനെ തുടർന്ന് കോട്ടയം താലൂക്ക് സർവെയർ അളന്ന് നൽകിയ റിപ്പോർട്ടിൽ കൈയേറ്റം സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഉന്നത റവന്യൂ അധികൃതർ മറ്റ് നടപടികൾ തടഞ്ഞു നിർത്തിയിരിക്കയാണ്. പരാതിയുടെയും കേസിന്റെയും അടിസ്ഥാനത്തിൽ കൈയേറ്റം ഒഴിപ്പിക്കാൻ കോട്ടയം തഹസിൽദാർ അഡീഷണൽ തഹസിൽദാരെ ചുമതലപ്പെടുത്തിയിരുന്നു. അനധികൃത നിർമ്മാണം ഒഴിപ്പിക്കാൻ കുമരകം പഞ്ചായത്ത് സെക്രട്ടറിക്ക് കത്തും നൽകി.

കുമരകം വില്ലേജിൽ പത്താംബ്ളോക്കിൽ 302/1ൽ ഉൾപ്പെട്ടതാണ് പ്രധാന സ്ഥലം. ബ്ളോക്ക് 11ൽ രണ്ട് സർവെ നമ്പരുകളിലായും സ്ഥലമുണ്ട്. ഇവിടത്തെ കൈയേറ്റം അളന്ന് തിട്ടപ്പെടുത്തേണ്ടതുണ്ട്. തീരദേശ പരിപാലന നിയമവും മലിനീകരണ നിയമങ്ങളും മറ്റ് നിർമ്മാണച്ചട്ടങ്ങളും ലംഘിച്ചതായി പരാതിയുണ്ട്. റവന്യൂ വകുപ്പ് പരാതിയിലുള്ള നടപടികൾ വച്ചുതാമസിപ്പിക്കുന്നതായും ആക്ഷേപമുണ്ട്. രാജീവ് ചന്ദ്രശേഖർ ഇടയ്ക്ക് ഇവിടെത്തി നിർമ്മാണ പുരോഗതി വിലയിരുത്താറുണ്ട്. കുമ്മനം രാജശേഖരൻ നയിച്ചയാത്രാവേളയിലടക്കം രാജീവ് ചന്ദ്രശേഖർ ഇവിടെ വന്നതായി സമീപവാസികൾ പറഞ്ഞുവെന്നും ദേശാഭിമാനിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

ഇത്തരത്തിൽ വാർത്ത വന്നതോടെ ഏഷ്യാനെറ്റിന് എതിരെ വെല്ലുവിളിയുമായി സോഷ്യൽ മീഡിയയിലും നിരവധി പേർ സജീവമായിരുന്നു. നേരോടെ.. നിർഭയം.. നിരന്തരം എന്ന മുദ്രാവാക്യമുയർത്തി മന്ത്രിക്കെതിരെയുള്ള കയ്യേറ്റ വാർത്ത നൽകാൻ കാണിച്ച ആർജവം സ്വന്തം മുതലാളിയുടെ കയ്യേറ്റക്കാര്യത്തിൽ വാർത്ത നൽകാൻ വിനു വി ജോണും റിപ്പോർട്ടർ പ്രസാദും കാണിക്കുമോ എന്ന ചോദ്യമുയർത്തിയാണ് സോഷ്യൽ മീഡിയ എത്തുന്നത്. സമാന രീതിയിൽ മറ്റ് മാധ്യമസ്ഥാപനങ്ങളുടെയും സിപിഐ ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികളുടെയും കയ്യേറ്റങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു.

മന്ത്രി തോമസ് ചാണ്ടിയുടെ മാർത്താണ്ഡം കായൽ കയ്യേറ്റം പുറത്തുകൊണ്ടുവന്നതും ചർച്ചയാക്കിയതും ഏഷ്യാനെറ്റ് ന്യൂസാണ്. ചാനൽ റിപ്പോർട്ടറായ ടി വി പ്രസാദിന്റെ നേതൃത്വത്തിൽ പരമ്പരയായി മന്ത്രിയുടെ കായൽ കയ്യേറ്റത്തിനെതിരെ വാർത്തകൾ നൽകിയതോടെയാണ് വിഷയം വലിയ ചർച്ചയായത്. ചാനലിൽ മുഖ്യ അവതാരകൻ വിനു വി ജോണിന്റെ നേതൃത്വത്തിലുൾപ്പെടെ ചർച്ചകളും സജീവമായി. ഇതിനിടെ അന്വേഷണവും കോടതിയുടെ പരാമർശങ്ങളും വന്നതോടെയാണ് മന്ത്രിയുടെ രാജിയിലേക്ക് കാര്യങ്ങൾ എത്തുന്നത്. കായൽ കയ്യേറ്റത്തിനെതിരെ ശക്തമായ നിലപാടെടുത്തു എന്ന ക്രെഡിറ്റുമായി ഏഷ്യാനെറ്റ് നിൽക്കുന്നതിനിടെയാണ് ഏഷ്യാനെറ്റ് ്‌ന്യൂസിന്റെ ചെയർമാന് എതിരെ തന്നെ കയ്യേറ്റ ആക്ഷേപം ഉയരുന്നത്.