ഡെന്റിസ്റ്റായി കേരളത്തിലെ പ്രമുഖ ആശുപത്രികളിൽ 'വായിൽ നോക്കി' നടന്ന രാജീവ് പിള്ളയ്ക്കു വെള്ളിത്തിര ഹരമായപ്പോഴാണ് ഉള്ള പണി ഉപേക്ഷിച്ചു സിനിമയുടെ ലോകത്തേക്കെത്തിയത്. മോഡലിങ് വഴിയാണ് സിനിമയിലേക്കുള്ള വഴി തുറന്നത്. അവസാനം വിജയിക്കുക തന്നെ ചെയ്തു ബോളിവുഡിൽ 'ഗുരുദക്ഷിണ' എന്ന ചിത്രത്തിലേക്ക് നായകനായിത്തന്നെ രാജീവിനു ക്ഷണം ലഭിച്ചു.

ആദ്യ ചിത്രത്തിന്റെ പേരിലല്ല ഇന്നു രാജീവ് വാർത്തകളിൽ നിറയുന്നത്. വാതുവയ്പ്പുകേസിൽ ശ്രീശാന്ത് പിടിക്കപ്പെടുമ്പോൾ കൂടെയുണ്ടായിരുന്നത് രാജീവ് ആയിരുന്നു. കേസിലെ പ്രധാന പ്രതിയും ശ്രീശാന്തിന്റെ സുഹൃത്തുമായ ജിജുവിന്റെ ഫോണിലേക്കു ശ്രീശാന്തിന്റെ അറസ്റ്റ് വാർത്ത അറിയിച്ചത് രാജീവ് പിള്ളയായിരുന്നുവെന്ന് പൊലീസ് പുറത്തു വിട്ടു. വാതുവയ്പ്പിൽ രാജീവിനും ബന്ധമുണ്ടെന്ന് വരെ വാർത്തകൾ പുറത്തുവന്നു. താൻ ഇക്കാര്യത്തിൽ തികച്ചും നിരപരാധിയാണെന്നാണ് രാജീവ് പറയുന്നത്. ഇതെന്റെ ജീവിതത്തിലെ കഷ്ടകാലമാണ് ഓരോ ദിവസവും പേടി സ്വപ്നം പോലെയാണ് എന്റെ ജീവിതത്തിലിപ്പോൾ കടന്നു പോകുന്നത്. തന്റെ ജീവിതത്തെ മാറ്റി മറിച്ച ആ ദിവസം രാജീവ് ഓർക്കുന്നു

  • അന്നു വൈകുന്നേരം ശരിക്കും എന്താണ് സംഭവിച്ചത് ?

മൂന്ന് ആഴ്ച്ച മുൻപ് നടന്ന സംഭവം ഇന്നും ഒരു ദുഃസ്വപ്നം പോലെയാണ് എനിക്ക് തോന്നുന്നത്. ശരിയല്ലാത്ത സമയത്ത് ശരിയല്ലാത്ത സ്ഥലത്തായിരുന്നു ഞാൻ. എന്റെ പുതിയ ചിത്രമായ ഗരുദക്ഷിണയിൽ ശ്രീശാന്ത് ഒരു അതിഥി കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടായിരുന്നു. ഇതേക്കുറിച്ച് സംസാരിക്കാനാണ് ഞാനന്ന് ശ്രീശാന്തിനെ കാണാൻ പോയത്. സംസാരിച്ച ശേഷം ഒരു സെലിബ്രിറ്റി പാർട്ടിയിലും ഞാൻ ശ്രീയ്‌ക്കൊപ്പം പങ്കെടുത്തു. ബോളിവുഡിലെ ചില പ്രശസ്തരും ശ്രീശാന്തും ചേർന്ന സെലിബ്രിറ്റി മാനേജ്‌മെന്റ് കമ്പനിയാണ് ആ പാർട്ടി സംഘടിപ്പിച്ചത്. പാർട്ടിക്കിടെ ഞങ്ങൾ കമ്പനിയുടെ ഉടമയെ പരിചയപ്പെടാൻ പോകുന്ന വഴിയാലാണു ശ്രീശാന്തിനെ അറസ്റ്റ് ചെയ്യാൻ പൊലീസെത്തിയത്.

  • ആ സമയത്ത് താങ്കളുടെ പ്രതികരണം എന്തായിരുന്നു ?

ഞാനൊരു സാധാരണക്കാരനാണ്. എനിക്കും എന്റെ കുടുംബത്തിനും ഇത്തരത്തിലുള്ള കാര്യങ്ങളെപ്പറ്റി വിചാരിക്കാൻ പേലുമാകില്ല. എന്താണു സംഭവി#്ക്കുന്നതെന്ന് എനിക്കാദ്യം മനസ്സിലായില്ല. ഞാനാദ്യം വിചാരിച്ചത് ശ്രീശാന്ത് പാർട്ടിയിൽ പങ്കെടുത്തതുകൊണ്ടോ മറ്റോ ആണെന്നാണ്. എന്നാൽ പൊലീസ് ജിജുവിന്റെ പേര് പറഞ്ഞത് കേട്ടപ്പോഴാണ് എന്തോ കാര്യങ്ങൾ പന്തിയല്ലെന്ന് എനിക്ക് തോന്നിയത്

  • താങ്കൾക്ക് ജിജുവിനെ നന്നായി അറിയുമോ ?

ശ്രീശാന്തിനെ അറിയുന്ന എല്ലാവർക്കും ജിജുവിനേയും അറിയാം. കാരണം അവർ എപ്പോഴും ഒരുമിച്ചാണ് നടക്കുന്നത്.ചില സമയത്ത് ശ്രീശാന്ത് ജിജുവിന്റെ ഫോൺ പോലും ഉപയോഗിക്കാറുണ്ട്. അങ്ങനെയാണ് ഞാനും ജിജുവിനെ പരിചയപ്പെടുന്നത്.

  • എന്താണ് താങ്കളും ശ്രീശാന്തും തമ്മിലുള്ള ബന്ധം?

ശ്രീശാന്ത് എന്റെ നല്ല സുഹൃത്തായിരുന്നു. ഞങ്ങൾ നേരത്തേ കുടുംബ സുഹൃത്തുക്കളാണ്. ശ്രീയുടെ മൂത്ത ചേട്ടൻ ദീപു എന്റെ അടുത്ത സുഹൃത്തായിരുന്നു. അവനിലൂടെയാണ് ഞാൻ ശ്രീശാന്തിനെ പരിചയപ്പെടുന്നത്. ഒരു ക്രിക്കറ്റർ എന്ന നിലയിൽ എനിക്ക് ശ്രീശാന്തിനെ ആദ്യമേ ഇഷ്ടമായിരുന്നു. പിന്നിട് സി സി എല്ലിൽ കേരളാ സ്‌ട്രൈക്കേഴ്‌സിനുവേണ്ടി കളിക്കളത്തിലിറങ്ങിയപ്പോഴാണ് ഞാൻ ശ്രീയുമായി കൂടുതൽ അടുത്തത്. ശ്രീശാന്ത് കൊച്ചിയിൽ വരുമ്പോഴെല്ലാം ഞങ്ങളൊന്നിച്ച് പ്രാക്ടീസ് ചെയ്യാറുണ്ടായിരുന്നു. അദ്ദേഹത്തെ ഒരു നല്ല മനുഷ്യനായിട്ടേ എനിക്കിതുവരെ തോന്നിയിട്ടുളളൂ. ശ്രീശാന്ത് ഒരുപാട് പേരെ സഹായിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അച്ഛനമ്മമാരുടെ അനുസരണയുള്ള മകനായിരുന്ന ശ്രീശാന്ത് ദൈവവിശ്വാസി കൂടിയായിരുന്നു.

  • ക്രിക്കറ്റ് ലോകത്ത് ശ്രീശാന്തിന്റെ കസിൻ എന്നണല്ലോ താങ്കൾ അറിയപ്പെടുന്നത് ?

മുംബൈ താരങ്ങൾക്കെതിരേയുള്ള മൽസരത്തിൽ ഞാനെടുത്ത 75 റൺസുമായി കേരളം ജയിച്ചപ്പോൾ ശ്രീശാന്ത് ട്വിറ്ററിൽ കുറിച്ചതാണ് ഞാൻ അദ്ദേഹത്തിന്റെ കസിനാണെന്ന്. ശ്രീശാന്ത് ഇങ്ങനെ മീഡിയയോട് പറഞ്ഞത് ഞാനറിയില്ലായിരുന്നു. അന്നെനെിക്ക് 150 ഓളം ഫോൺ കോളുകൾ വന്നു. ഒടുവിൽ എന്റെ സഹോദരനാണ് പറഞ്ഞത് ശ്രീശാന്ത് ട്വിറ്ററിൽ ഇങ്ങനെയെഴുതി എന്ന കാര്യം.

  • നിങ്ങൾ തമ്മിൽ ഒരു ബന്ധവുമില്ലാതെ ശ്രീശാന്ത് എന്തിന് അങ്ങനെ എഴുതണം ?

അത് എനിക്കറിയില്ല. പക്ഷേ ഞാൻ വിചാരിക്കുന്നത് അത് ശ്രീശാന്തിന്റെ നല്ല മനസ്സുകൊണ്ടാണെന്നാണ്. അദ്ദേഹം എല്ലാവരേയും ഭായി എന്നാണ് വിളിക്കുന്നത്. സ്വന്തം സഹോദരനായാണ് എല്ലാവർക്കും എന്നെ പരിചയപ്പെടുത്താറുള്ളത്. അതിൽ എനിക്ക് ഒരു തെറ്റും തോന്നുന്നില്ല. ഒരു രാജ്യാന്തര ക്രക്കറ്റർ ഒരു സാധാരണക്കാരനെ സഹോദരനായിക്കാണുന്നത് നല്ലതല്ലേ

  • അപ്പോൾ താങ്കൾ ശ്രീശാന്തിന്റെ കസിനല്ല?

ഇതിപ്പോൾ പറയുന്നതിൽ വലിയ കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പ്രശസ്തനായിരിക്കുന്ന കാലത്ത് ശ്രീശാന്ത് എന്നെ സഹോദരനെനെ്ന് വിളിച്ചു. അന്ന് ഞാനത് അംഗീകരിക്കുകയും ചെയ്തു. ഇന്ന് തികച്ചും പരാജയപ്പെട്ട അവസ്ഥയിലാണ് ശ്രീശാന്ത് ഉള്ളത്. ഇപ്പോൾ ഞാനത് നിഷേധിക്കുമ്പോൾ ഒരു പക്ഷേ രക്ഷപ്പടാനാണെന്ന് എല്ലാവർക്കും തോന്നിയേക്കാം. എന്നാലും ശ്രീശാന്ത് എന്റെ കസിനല്ല. അതേസമയം എന്നോടെന്നും ശ്രീശാന്ത് ബഹുമാനം മാത്രമേ കാണിച്ചിട്ടുള്ളൂ. തിരിച്ച് ഞാനും അങ്ങനെയേ ചെയ്തിട്ടുളളൂ

എന്നെ വെറുതെ വിടണം. ഇക്കാര്യത്തിൽ എനിക്ക് കൂടുതലായി ഒന്നും പറയാനും ചെയ്യാനുമില്ല. എനിക്ക് എന്റെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുപോകണം. ഇതുവരെ ഒരു ട്രാഫിക്ക് സിഗ്നൽ തെറ്റിച്ച കേസു പോലും എന്റെ പേരിലുണ്ടായിട്ടില്ല. ജീവിതത്തിലെ ഏറ്റവും വലിയ കഷ്ടകാലത്തിലൂടെയാണ് ഞാനും എന്റെ കുടുംബവും ഇപ്പോൾ കടന്നുപോകുന്നത്. പ്രായമായ അച്ഛനുമമ്മയ്ക്കും ഇത് അതിജീവിക്കാനാകുമോ എന്നാണ് എന്റെ പേടി. അച്ഛൻ ഒരു ഹൃദ്രോഗി കൂടിയാണ്. സമാധാനത്തോടു കൂടി ജോലിചെയ്തു ജീവിക്കാനാകുന്ന കാലത്തെ കാത്തിരിക്കുകയാണ് ഞങ്ങൾ- രാജീവ് പറഞ്ഞു നിർത്തുന്നു.
(കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ)