തിരുവനന്തപുരം: പിണറായി സർക്കാരിന്റെ മാനം കാത്തത് തിരുവനന്തപുരത്തെ ഷാഡോ പൊലീസാണ്. ദിലീപിന്റെ അറസ്റ്റും സ്ത്രീ പീഡകർക്കെതിരായ നടപടികളും സർക്കാരിന്റെ ഗ്ലാമർ ഉയർത്തിയിരുന്നു. അതിനിടെയാണ് തലസ്ഥാനത്ത് അക്രമം ഉണ്ടായത്. ഇത് രാജേഷിന്റെ കൊലയിലേക്കും കാര്യങ്ങളെത്തിച്ചു. ആർഎസ്എസ് നേതാവിന്റെ മരണത്തിൽ സംശയിച്ചത് സിപിഎമ്മിനേയും. അതുകൊണ്ട് തന്നെ സർക്കാരിന്റെ നീക്കത്തിൽ ഏറവരും ഉറ്റുനോക്കി. പതിവിന് വിപരീതമായി ഇവിടെ അതിവേഗം കൊലയാളികളെ പിടിച്ചു. അവർ സിപിഎമ്മുകാരായിട്ടും പൊലീസ് മുഖനോക്കാതെ ഓട്ടിച്ചിട്ടു പടിച്ചു. റബ്ബർതോട്ടത്തിലൊളിച്ച കൊലയാളി സംഘത്തെ അഞ്ചര മണിക്കൂറിലേറെ, സാഹസികമായി പിന്തുടർന്നാണ് സിറ്റി ഷാഡോ സംഘം പിടികൂടിയത്.

കീഴാറൂർ കുറ്റിയാണിക്കാട് സ്വദേശിയായ വിഷണുവിനെ പ്രധാനപ്രതി മണിക്കുട്ടൻ ഫോൺ വിളിച്ചതാണ് പൊലീസിന് തുണയായത്. അരുണിനെ പൊലീസ് പിടികൂടി. വിഷ്ണുവിന്റെ ഫോണിൽ നിന്ന് സാജുവിന് വിളിപോയതോടെ ഷാഡോ സംഘം ആ വഴിക്ക് തിരിഞ്ഞു. കള്ളിക്കാട് മേഖലയിൽ കൊലയാളിസംഘം എത്തിയെന്ന് കണ്ടെത്തിയതും ഫോൺസിഗ്‌നലുകൾ പിന്തുടർന്നായിരുന്നു. നാട്ടുകാരുടെ പിന്തുണയും സഹായകമായി മാറി.

ശ്രീകാര്യത്ത് ആർഎസ്എസ് കാര്യവാഹക് രാജേഷിനെ രാത്രിയിൽ കൊലപ്പെടുത്തിയശേഷം ബൈക്കുകളിൽ തിരുവനന്തപുരം റൂറൽ പൊലീസ് പരിധിയിലുള്ള വെള്ളനാട്, കാട്ടാക്കട ഭാഗത്തേക്ക് പ്രതികൾ പോകുന്നതായി പൊലീസിന് വിവരം കിട്ടിയിരുന്നു. ഞായറാഴച പുലർച്ചെ ഒരുമണിയോടെ പ്രതികൾ കാട്ടാക്കടയിൽ എത്തിയതായി സ്ഥിരീകരിച്ചു. വെളുപ്പിന് മൂന്നുമണിയോടെ ഇരുപതംഗ ഷാഡോ സംഘം സർവ്വസജ്ജരായി കാട്ടാക്കടയിലെത്തി. കീഴാറൂർ കുറ്റിയാണിക്കാട് സ്വദേശി ഡിങ്കൻ വിഷണുവിനെ ഒറ്റശേഖരമംഗലം പൊലീസ് പിടികൂടിയതാണ് വഴിത്തിരിവായത്.

കള്ളിക്കാട് പുലിപ്പാറയിലെ കുടുംബവീട്ടിൽ ഒളിതാമസത്തിന് സൗകര്യമൊരുക്കാൻ സാജു എന്ന സുഹൃത്ത് ആവശ്യപ്പെട്ടതായി വിഷണുവിൽ നിന്ന് വിവരം കിട്ടി. ഈ സമയം കള്ളിക്കാട് പള്ളിവേട്ട ഭാഗത്തെ വീടുകളിൽ ഷാഡോ സംഘം തിരച്ചിൽ നടത്തി. വിഷണുവിൽ നിന്നുള്ള വിവരപ്രകാരം അരുൺ എന്നയാളെ അവിടെനിന്ന് പിടികൂടി. കുട്ടായി എന്ന് വിളിപ്പേരുള്ള ഗിരീഷിനെക്കൂടി പിടികൂടിയതോടെ കൊലപാതകം നടത്തിയ സംഘത്തിന്റെ രഹസ്യ കേന്ദ്രം വ്യക്തമായി. സംഘത്തിൽ ചിലർക്ക് മുറിവേറ്റിട്ടുണ്ടെന്നും പ്രാഥമിക ശുശ്രൂഷയ്ക്കായി ആശുപത്രിയിൽ പോകുമെന്നും സൂചന ലഭിച്ചു.

സാജുവിനെത്തേടി പൊലീസ് വീട്ടിലെത്തിയപ്പോൾ അവിടെ കൊലയാളി സംഘമുണ്ടായിരുന്നില്ല. കുടുംബപ്രശനം പരിഹരിക്കുന്നതിനിടെയുണ്ടായ സംഘർഷത്തിൽ കൂട്ടുകാർക്ക് പരിക്കേറ്റെന്നും മരുന്നുവയ്ക്കാൻ ആശുപത്രിയിലേക്ക് പോവുകയാണെന്നും പറഞ്ഞ് ബൈക്കുകൾ വീടിനടുത്ത് വച്ചശേഷം പ്രതികൾ കാറിൽ കയറിപ്പോയെന്ന് സാജു വിവരം നൽകി. സംശയംതോന്നിയ പൊലീസ് സാജുവിനെ കസ്റ്റഡിയിലെടുത്ത് നടത്തിയ തിരച്ചിലിൽ റബ്ബർതോട്ടത്തിന്റെ ഗോഡൗണിന് പിറകിലായി രണ്ട് പൾസർ ബൈക്കുകളും ഒരു ബജാജ് ഫോർഎസ് ചാമ്പ്യൻ ബൈക്കും കണ്ടെത്തി.

കൂടുതൽ ചോദ്യംചെയ്തപ്പോൾ സാജുവിന്റെ ഒഴിഞ്ഞുകിടന്ന കുടുംബവീടായ ഗ്രേസവില്ലയിലേക്ക് മണിക്കുട്ടനും സംഘവും പോയതായി വിവരം കിട്ടി. സായുധ പൊലീസ് സംഘം വീടുവളഞ്ഞു. പൊലീസിനെ കണ്ട് പ്രതികൾ ഓടി റബ്ബർതോട്ടത്തിൽ ഒളിച്ചു. വീടിനുള്ളിൽ മൂന്ന് പായകളും രക്തംപുരണ്ട വസ്ത്രങ്ങളും ഹെൽമെറ്റുകളും കണ്ടെത്തി. വിശാലമായ റബ്ബർതോട്ടത്തിനുള്ളിലേക്ക് തിരച്ചിലിന് പൊലീസിന് നാട്ടുകാരുടെ സഹായം കിട്ടി. റബ്ബർതോട്ടത്തിന്റെ ഉൾപ്രദേശത്ത് ഒളിച്ചിരിക്കുകയായിരുന്നു കൊലയാളിസംഘം. തോട്ടത്തിലൂടെ ഒന്നരകിലോമീറ്ററോളം പ്രതികൾ ഓടി. ഷാഡോ പൊലീസ് അവരെ ഓടിച്ചിട്ട് പിടിച്ചു.

കൊലയാളി സംഘത്തിലെ മണിക്കുട്ടൻ, എബി, വിജിത്ത്, സാജു, ഷൈജു, മോനി, വിപിൻ കൂട്ടാളികളായ അരുൺ, വിഷണു, ഗീരീഷ് എന്നിവരെയാണ് പുലിപ്പാറയിൽ നിന്ന് പിടികൂടിയത്.