ചെന്നൈ: രാഷ്ട്രീയപ്രവേശം ഉപേക്ഷിക്കുന്നെന്ന അഭ്യൂഹങ്ങൾക്കിടെ നടൻ രജനീകാന്ത് ആർഎസ്എസ്. സൈദ്ധാന്തികൻ എസ്. ഗുരുമൂർത്തിയുമായി ചർച്ച നടത്തി. പോയസ് ഗാർഡനിലെ താരത്തിന്റെ വീട്ടിലായിരുന്നു ഗുരുമൂർത്തിയുമായുള്ള കൂടിക്കാഴ്ച. ഇത് രണ്ടുമണിക്കൂറോളം നീണ്ടു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, രജനിയുടെ രാഷ്ട്രീയപ്രവേശത്തെക്കുറിച്ചാണ് ചർച്ച നടന്നതെന്നാണ് വിവരം.

രാഷ്ട്രീയപ്രവേശ പ്രഖ്യാപനത്തിന് മുമ്പും രജനി ഗുരുമൂർത്തിയുമായി ചർച്ച നടത്തിയിട്ടുണ്ട്. രാഷ്ട്രീയ ഉപദേശകനായിക്കൂടിയാണ് ഗുരുമൂർത്തിയെ രജനി പരിഗണിക്കുന്നത്. ഈനിലയിൽ കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രസക്തിയുണ്ടെന്നാണ് വിലയിരുത്തൽ. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന രജനീകാന്തിന്റെ വെളിപ്പെടുത്തിലിനെത്തുടർന്നാണ് രാഷ്ട്രീയപ്രവേശം ഉപേക്ഷിക്കുന്നെന്ന് അഭ്യൂഹം പടർന്നത്. പ്രായവും ആരോഗ്യവും പരിഗണിച്ച് കോവിഡ് കാലത്ത് പൊതുരംഗത്തിറങ്ങേണ്ടെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. അതിനാൽ ഉടൻ പാർട്ടിപ്രഖ്യാപനമുണ്ടാകില്ലെന്നാണ് സൂചന.

താരം രാഷ്ട്രീയത്തിലേക്കില്ലെന്ന പ്രചാരണത്തെത്തുടർന്ന് ആരാധകർ രജനിയെ കാണാൻ പോയസ് ഗാർഡനിലെ വസതിക്ക് മുന്നിലേക്ക് കൂട്ടമായി എത്തിയിരുന്നു. എന്നാൽ, അവരെ കാണാനോ അഭിവാദ്യം ചെയ്യാനോ രജനി തയ്യാറായിട്ടില്ല. അതേസമയം, രജനിയെ രാഷ്ട്രീയത്തിലേക്ക് സ്വാഗതംചെയ്ത് സംസ്ഥാനത്ത് പലയിടത്തും പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. തങ്ങളുടെ സമ്മർദത്താൽ താരം തീരുമാനം പുനഃപരിശോധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ജനുവരിയിലെങ്കിലും പാർട്ടി പ്രഖ്യാപിച്ച് പ്രചാരണത്തിനിറങ്ങിയില്ലെങ്കിൽ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുക എളുപ്പമല്ലെന്നുള്ളതിനാൽ അന്തിമ തീരുമാനം ഉടനുണ്ടാകുമെന്നാണ് കരുതുന്നത്. രാഷ്ട്രീയപ്രവേശം സംബന്ധിച്ച് രജനി മക്കൾ മൻട്രം ഭാരവാഹികളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നാണ് താരം ഇപ്പോൾ അറിയിച്ചിരുന്നത്.

രാഷ്ട്രീയത്തിലേക്കിറങ്ങാൻ ബിജെപി. കേന്ദ്ര നേതൃത്വവും ഇറങ്ങാതിരിക്കാൻ ഡി.എം.കെ.യും രജനിക്കുമേൽ സമ്മർദം ചെലുത്തുന്നതായി റിപ്പോർട്ടുകളുണ്ട്. സ്വന്തം പാർട്ടിയുണ്ടാക്കിയില്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ രജനി ആരെ പിന്തുണയ്ക്കുമെന്നത് നിർണായകമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർക്കും പിന്തുണയില്ലെന്ന് നിലപാടെടുത്ത രജനി നദീജലസംയോജന പദ്ധതി പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയവരെ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് പരോക്ഷമായി ബിജെപി.യെ പിന്തുണച്ചിരുന്നു. എന്നാൽ എ.ഐ.എ.ഡി.എം.കെ.യുമായി സഖ്യമുണ്ടാക്കിയിട്ടും ഒരു സീറ്റിൽ പോലും ജയിക്കാൻ ബിജെപി.ക്കായില്ല. ഈ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ വേരുറപ്പിക്കാൻ ശക്തമായ ശ്രമം നടത്തുന്ന ബിജെപി. രജനിയുടെകൂടി പിന്തുണയുറപ്പിക്കാൻ നീക്കങ്ങൾ നടത്തുന്നുണ്ട്. അതിന്റെ ഭാഗമാണ് ഗുരുമൂർത്തി ഇപ്പോൾ രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് വിലയിരുത്തൽ.