ചെന്നൈ: രണ്ട് മക്കളെ കൊലപ്പെടുത്തി കാമുകനൊപ്പം ഇറങ്ങിപ്പോയ ചെന്നൈ സ്വദേശിനി അഭിരാമിയുടെ ഭർത്താവ് വിജയ്ക്ക് ആശ്വസവുമായി നടൻ രജനീകാന്ത്. കാമുകനായ സുന്ദരത്തിനൊപ്പം ഒളിച്ചോടി കേരളത്തിൽ താമസിക്കാൻ പുറപ്പെട്ട അഭിരാമിയെ പൊലീസ് പിടികൂടിയിരുന്നു. രജനിയുടെ വീട്ടിലെത്തിയാണ് വിജയ് അദ്ദേഹത്തെ കണ്ടത്. രജനീകാന്തിന്റെ കടുത്ത ആരാധകനാണ് വിജയ്. കൊല്ലപ്പെട്ട തന്റെ രണ്ടുമക്കളും രജനിയുടെ ആരാധകരായിരുന്നു എന്ന് വിജയ് രജനിയോടു പറഞ്ഞു. കാലാ എന്ന ചിത്രത്തിലെ ഡയലോഗുകൾ വച്ചു മക്കൾ കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഡബ്സ്മാഷ് വിഡിയോകളും ചെയ്തിരുന്നതായി ഈ അച്ഛൻ പറഞ്ഞപ്പോൾ കേട്ടുനിന്നവരും ഒപ്പം രജനിയും വിതുമ്പി. വിങ്ങിപ്പൊട്ടി നിൽക്കുന്ന വിജയ്യെ ആശ്വസിപ്പിക്കാൻ രജനീകാന്തും പാടുപെട്ടു. വിജയിനെ ആശ്വസിപ്പിക്കുന്ന രജനിയുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.

രണ്ടു മക്കളെയും കൊന്ന് കാമുകനായ സുന്ദരത്തിനൊപ്പം കേരളത്തിൽ താമസിക്കുകയായിരുന്നു അഭിരാമിയുടെ ലക്ഷ്യം. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ഭർത്താവും സ്വകാര്യ ബാങ്ക് ജീവനക്കാരനുമായ വിജയ്യും അഭിരാമിയും എട്ടു വർഷം മുൻപാണു പ്രണയിച്ചു വിവാഹം കഴിച്ചത്. അടുത്തകാലത്താണ് കുണ്ട്രത്തൂരിലെ അഗസ്തീശ്വർ കോവിൽ സ്ട്രീറ്റിലേക്കു മാറിയത്. ഇരുവർക്കുമിടയിൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.മകൻ അജയ് (ഏഴ്), മകൾ കർണിക (നാല്) എന്നിവരെ പാലിൽ വിഷംകൊടുത്തുകൊന്നശേഷം വീട്ടിൽനിന്ന് രക്ഷപ്പെടുകയായിരുന്നു

ഇതിനിടെ വീടിനു സമീപത്തെ ബിരിയാണി കടയിലെ സുന്ദരവുമായി അഭിരാമി അടുത്തു. കടുത്ത പ്രണയത്തിലേക്കു മാറുകയും ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഇതിന്റെ ഭാഗമായാണു ഭർത്താവിനെയും കുട്ടികളെയും കൊല്ലാൻ പദ്ധതിയിട്ടത്. വെള്ളിയാഴ്ച രാത്രി അഭിരാമി വിഷവുമായി കാത്തുനിന്നു. ബാങ്കിലെ തിരക്കുകാരണം വിജയ് വരാൻ വൈകുമെന്നറിയിച്ചു. ഇതിനെ തുടർന്നു മക്കൾക്കു ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയ ശേഷം വീടുവിട്ടിറങ്ങി. ജോലി പൂർത്തിയാക്കി പുലർച്ചെ അഞ്ച് മണിയോടെ വിജയ് വീട്ടിലെത്തിയപ്പോഴാണു വീടിനുള്ളിൽ മക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.''

അഭിരാമിയുടെ മോബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിൽ നാഗർകോവിലിലെ ലോഡ്ജിൽ നിന്നും പിടികൂടി. കോയമ്പേട് ബസ് ടെർമലിന് സമീപം ഇരുചക്രവാഹനം ഉപേക്ഷിച്ച് നാഗർകോവിലിലേക്ക് പോവുകയായിരുന്നു അഭിരാമി. എന്നാൽ കാമുകൻ സുന്ദരം ചെന്നൈയിൽ തങ്ങി. പൊലീസ് അന്വേഷണമടക്കമുള്ള കാര്യങ്ങൾ അറിഞ്ഞശേഷം അഭിരാമിക്കൊപ്പം ചേരുകയായിരുന്നു ലക്ഷ്യം. അതുവരെ അഭിരാമിയോട് നാഗർകോവിലിൽ താമസിക്കാനും പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം ചെന്നൈയിൽ വച്ച് സുന്ദരത്തെയും പൊലീസ് അറസ്റ്റ് ചെയ്തു.