കൊച്ചി: പണ്ടൊരു കോട്ടയം കളക്ടർക്ക് ഒരു പരാതി ലഭിക്കുന്നു. വീട്ടിലേക്ക് പോകാൻ അയൽപക്കക്കാരൻ വഴിതടയുന്നു എന്നായിരുന്നു പരാതി. അന്വേഷിച്ചപ്പോൾ വഴിതടയുന്നയാൾ കളക്ടറുടെ അമ്മായിയപ്പൻ തന്നെ. മരുമകന്റെ മര്യാദയുടെ ഭാഷ അമ്മായിയപ്പന് മനസ്സിലാകാതെ പോയപ്പോൾ കളക്ടറുടെ അധികാരം ഉപയോഗിച്ച് മതിലുപൊളിച്ച് ആവലാതിക്കാരന് നീതി നടത്തിക്കൊടുത്തൊരു കളക്ടർ. പത്താംക്‌ളാസ് മുതൽ പഠിച്ച കോഴ്‌സുകൾക്കും ഐഎഎസിനുമെല്ലാം ഒന്നാം റാങ്ക് നേടിയ രാജു നാരായണസ്വാമി എന്ന ഈ മിടുക്കനെ പിണറായി സർക്കാരും കൈവിട്ടു. ഇതോടെയാണ് കേന്ദ്ര സർക്കാരിന് കഴിയിലെ നാളികേര വികസന ബോർഡിലെത്തിയത്. ഇവിടേയും പക്ഷേ രാജു നാരായണ സ്വാമിക്ക് രക്ഷയില്ല.

ഇപ്പോൾ രാജു നാരായണ സ്വാമിക്ക് നാളികേര വികസന ബോർഡിലും സ്വസ്ഥതയില്ല. അഴിമതിക്കാർക്കെതിരേ നടപടി സ്വീകരിച്ചതിന്റെ പേരിൽ നാളികേര വികസന ബോർഡ് ചെയർമാൻ രാജു നാരായണ സ്വാമിക്ക് സഹപ്രവർത്തകന്റെ വധഭീഷണി എത്തുകയാണ്. ബെംഗളൂരു റീജ്യണൽ ഓഫീസ് ഡയറക്ടറായിരുന്ന ഹേമചന്ദ്ര വധഭീഷണി മുഴക്കിയതായി രാജു നാരായണ സ്വാമി കേന്ദ്ര കാർഷിക മന്ത്രാലയത്തിൽ രേഖാമൂലം പരാതിപ്പെട്ടു. രാജു നാരായണ സ്വാമി നാളികേര വികസന ബോർഡ് ചെയർമാനായ ശേഷം നടത്തിയ അന്വേഷണത്തിൽ അഴിമതിക്കാരനെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥനാണ് ഹേമചന്ദ്ര. നിലവിൽ ഇയാൾ സസ്പെൻഷനിലാണ്. ഹേമചന്ദ്രയ്ക്കും ഹോൾട്ടി കൾച്ചർ കമ്മിഷണർ എംഎൻഎസ് മൂർത്തിക്കുമെതിരെ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. കാർഷിക ഉപകരണങ്ങൾ വാങ്ങിയതിലും കേന്ദ്രഫണ്ട് വിനിയോഗിച്ചതിലും 15 കോടിയുടെ ക്രമക്കേടുണ്ടെന്നാണ് സ്വാമി നിയോഗിച്ച അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. ഇതോടെയാണ് വധഭീഷണി എത്തിയത്.

തനിക്കെതിരേ നടപടിയുണ്ടായാൽ ഗുണ്ടകളെ ഉപയോഗിച്ച് ചെയർമാനെ കൊല്ലുമെന്ന് ഹേമചന്ദ്ര ഫോണിൽ വിളിച്ചു പറഞ്ഞതായി അന്വേഷണത്തിന് നേതൃത്വം കൊടുത്ത ചെന്നൈ ഡെപ്യൂട്ടി ഡയറക്ടർ ജയപാണ്ടിയാണ് രാജു നാരായണ സ്വാമിയെ അറിയിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 17ന് ഹേമചന്ദ്ര തന്നെ വിളിച്ച് ചെയർമാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ഇതുസംബന്ധിച്ച് ജയപാണ്ടി നൽകിയ കത്തിൽ പറയുന്നു. ബോർഡിൽനിന്ന് ലഭിക്കുന്ന വരുമാനം വേണ്ട തനിക്ക് ജീവിക്കാനെന്ന് ഇയാൾ പറഞ്ഞതായും മോശം വാക്കുകൾ ഉപയോഗിച്ച് ചെയർമാനെ അധിക്ഷേപിച്ചതായും ജയപാണ്ടിയുടെ കത്തിലുണ്ട്. ഈ കത്ത് ഉൾപ്പെടെയാണ് രാജു നാരായണ സ്വാമി പരാതി നൽകിയിരിക്കുന്നത്.

നാളികേര വികസന ബോർഡ് ചെയർമാനായി സ്ഥാനമേറ്റ് ആറു മാസത്തിനുള്ളിൽ തന്നെ അഴിമതിക്കാരായ ഉദ്യോഗസ്ഥർ തന്നെ പുറത്താക്കാൻ ശ്രമിക്കുന്നതായി രാജു നാരായണസ്വാമി കൊച്ചിയിലെ കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഇതിന് പുതിയ തലം നൽകുന്നതാണ് പുതിയ വിഷയവും. കൃഷി വകുപ്പ് സെക്രട്ടറിയായിരിക്കെ കൃഷി വകുപ്പ് ഡയറക്ടറായിരുന്ന ബിജു പ്രഭാകറുമായി നാരായണസ്വാമി ഇടഞ്ഞിരുന്നു. ഇതോടെയാണ് പിണറായി സർക്കാരും സ്വാമിയെ കൈവിട്ടത്. പണിയില്ലാതെ ഈച്ചയടിച്ചിരുന്ന മിടുക്കനെ കേന്ദ്ര സർക്കാർ കൈവിട്ടില്ല. അങ്ങനെയാണ് നാളികേര വികസന ബോർഡിലെത്തിയത്.

കഴിഞ്ഞ 20 വർഷത്തിനിടെ വിവിധ വകുപ്പുകളിലായി 20ലേറെ സ്ഥലംമാറ്റങ്ങളാണ് രാജു നാരായണ സ്വാമിക്കുണ്ടായിട്ടുള്ളത്. 2001-02 കാലത്ത് കാസർകോട് കലക്ടറായിരിക്കെ കുമ്പളയിലെ ഒരു സ്വകാര്യ ആശുപത്രി മെഡിക്കൽ കോളേജാക്കി ഉയർത്തണമെന്ന ഒരു മന്ത്രിയുടെ ആവശ്യത്തിന് കൂട്ടുനിൽക്കാതിരുന്നതുൾപ്പെടെ തട്ടിപ്പുകൾക്കു കൂട്ടുനിൽക്കാതിരുന്നതോടെ രാജുനാരായണസ്വാമി യുഡിഎഫ് സർക്കാരുകളുടെ നോട്ടപ്പുള്ളിയാകുകയായിരുന്നു. വി എസ് മുഖ്യമന്ത്രിയും സിപിഐ മന്ത്രിയായിരുന്ന കെപി രാജേന്ദ്രൻ റവന്യൂമന്ത്രിയുമായിരുന്ന കാലത്ത് നടന്ന മൂന്നാർ ദൗത്യത്തിന്റെ ചുക്കാൻ അന്നത്തെ ഇടുക്കി ജില്ലാ കളക്ടറായിരുന്ന രാജുനാരായണസ്വാമിക്കായിരുന്നു. 2007 മെയ് മുതൽ ഒക്ടോബർ വരെയുള്ള കാലത്തു നടന്ന മൂന്നാർ ദൗത്യത്തിൽ റവന്യൂ നിയമങ്ങളിൽ രാജുവിനുണ്ടായ അവഗാഹമായിരുന്നു സർക്കാരിന്റെ നടപടികളുടെ ധൈര്യം. പല രാഷ്ട്രീയ കാരണങ്ങളാലും ദൗത്യം പൂർണതയിലെത്തിയില്ലെങ്കിലും നിയമപരമായി തിരിച്ചുപിടിച്ച ഭൂമി സർക്കാരിന് മുതൽക്കൂട്ടായിത്തന്നെ തുടരുന്നു.

ഇതിനു പിന്നാലെയായിരുന്നു ഇടുക്കിജില്ലയിലെ രാജകുമാരി ഭൂമി ഇടപാടിലും ശക്തമായ റിപ്പോർട്ടുമായി രാജു നാരായണസ്വാമി എത്തിയത്. ഇടുക്കി ജില്ലയിലെ രാജകുമാരി വില്ലേജിലെ 50 ഏക്കർ ഭൂമി കുരുവിളയുടെ മക്കൾ ഏഴു കോടി രൂപയ്ക്ക് വ്യവസായി കെജി എബ്രഹാമിന് കൈമാറാൻ ശ്രമിച്ചതായിരുന്നു കേസിനാധാരം. ഈ ഭൂമി പുറമ്പോക്കാണെന്നും കുരുവിളയുടെ ബിനാമി ഭൂമിയാണെന്നും ആരോപണം ഉയർന്നതിനെ തുടർന്ന് എബ്രഹാം ഇടപാടിൽ നിന്നും പിന്മാറി. എന്നാൽ ഏഴു കോടി തനിക്ക് തിരികെ ലഭിച്ചില്ലെന്ന് എബ്രഹാം ആരോപണമുയർത്തിയതോടെയാണ് രാജകുമാരി ഇടപാട് പുറത്തുവന്നു. കേസിൽ ശക്തമായ നിലപാട് രാജു നാരായണസ്വാമി സ്വീകരിച്ചതോടെ കുരുവിളയ്ക്ക് രാജിവയ്ക്കേണ്ടിവന്നു. രാജുനാരായണസ്വാമിയുടെ റിപ്പോർട്ടുകൾ പിന്നീട് ഇക്കാര്യം അന്വേഷിച്ച നരേന്ദ്രൻ കമ്മീഷൻ പൂർണമായും ശരിവയ്ക്കുകയും ചെയ്തു.

വിട്ടുവീഴ്ചയ്ക്കു തയ്യാറാകാതിരുന്നതിനെ തുടർന്ന് രാജുനാരായണസ്വാമിയെ യുഡിഎഫ് സർക്കാർ അടിക്കടി വകുപ്പുമാറ്റുകയായിരുന്നു. തുടക്കത്തിൽ സിവിൽസപ്ളൈസ് കമ്മീഷണറുടെ ചുമതല നൽകിയെങ്കിലും അഴിമതിക്ക് തടസ്സംനിന്നതോടെ 9 മാസത്തിനകം അവിടെനിന്ന് മാറ്റുകയായിരുന്നു. പിന്നീട് സൈനികക്ഷേമം, യുവജനക്ഷേമം, ഡ്ബ്ളിയു ടി ഓ സെൽ എന്നിങ്ങനെ അടിക്കടി സ്ഥാനംമാറ്റിയതോടെ കഴിഞ്ഞ സർക്കാരിന്റെ അഞ്ചുവർഷം ഈ മികച്ച ഉദ്യോഗസ്ഥന് പീഡനകാലമായി.

തൃശൂർ കളക്ടറായിരിക്കെ റവന്യൂ നിയമങ്ങൾ കർക്കശമായി പാലിച്ചുകൊണ്ടുതന്നെ നഗരത്തിലെ അഞ്ചുറോഡുകൾ വീതികൂട്ടി പുനർനിർമ്മിച്ചതുൾപ്പെടെ അർഹമായ സ്ഥാനം ലഭിക്കുമ്പോഴെല്ലാം ശക്തമായ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട് 1989ൽ ഐഎഎസ് പരീക്ഷയിൽ ഒന്നാംറാങ്ക് നേടി ശ്രദ്ധേയനായ രാജു നാരായണസ്വാമി. അഴിമതിക്കെതിരേ കർക്കശനിലപാട് കൈക്കൊള്ളുന്നതിനാൽ രാജു നാരായണസ്വാമി സർക്കാരുകൾക്ക് എന്നും പ്രശ്‌നക്കാരനാണ്.