ന്താരാഷ്ട്ര് ഡിജിറ്റൽ പണമിടപാടുകളിൽ വ്യത്യസ്തങ്ങളായ സേവനങ്ങൾ നൽകിക്കൊണ്ടിരുന്ന ക്രോസ്സ് പേ ഇനി റീട്ടെയിൽ മേഖലയിലേക്കും കടന്നു വരികയാണ്. ആഗോളവത്കൃത ലോകത്ത് ഏറെ പ്രാധാന്യമുള്ള ഒരു മേഖലയാണ് മണി ട്രാൻസ്ഫർ എന്നത്. ഈ മേഖലയിലെ പല പ്രശ്നങ്ങൾക്കും ആവശ്യങ്ങൾക്കും തനത് രീതിയിലുള്ള പരിഹാരമാർഗ്ഗങ്ങൾ ആവിഷ്‌കരിച്ചുകൊണ്ട് ആഗോളതലത്തിൽ തന്നെ ശ്രദ്ധ നേടിയ സ്ഥാപനമാണ് ക്രോസ്സ്പേ. ഇപ്പോഴിതാ യു കെയിലെ റീടെയിൽ മണി ട്രാൻസ്ഫർ മേഖലയിലും അവർ ആധിപത്യം സ്ഥാപിക്കുന്നു.

തങ്ങളുടെ സേവനമേഖല വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഐഫാസ്റ്റ് ഗ്ലോബൽ ബാങ്ക്/ ഇ സെഡ് റെമിറ്റിൽ നിന്നുമാണ് അവർ യു കെ റീടെയിൽ മണി ട്രാൻസ്ഫർ ബിസിനസ്സ് സ്വന്തമാക്കിയിരിക്കുന്നത്. 50 ൽ അധികം കറൻസികളിൽ ആഗോളതലത്തിൽ തന്നെ പണമിടപാടുകൾ സാധ്യമാക്കുന്ന സേവനങ്ങളാണ് ക്രോസ്സ്പേ നൽകുന്നത്. ഓൺലൈൻ ഉപയോഗിച്ചോ ക്രോസ്സ്പേ ആപ് ഉപയോഗിച്ചോ ലോകമാകമാനമുള്ള അമ്പതോളം രാജ്യങ്ങളിൽ ഉപയോക്താക്കൾക്ക് ഇവരുടെ സേവനം ഉപയോഗിക്കുവാൻ സാധിക്കും.

ബാങ്ക് ക്രെഡിറ്റുകൾ, മൊബൈൽ മണി എന്നീ വിധങ്ങളിൽ പണം സ്വീകരിക്കാവുന്നതാണ്. അല്ലെങ്കിൽ സ്വീകർത്താവിന്റെ രാജ്യത്തെ പ്രാദേശിക കേന്ദ്രങ്ങളിൽ നിന്നും കറൻസിയായും പണം സ്വീകരിക്കാവുന്നതാണ്. 5000 ൽ അധികം ബാങ്കുകളുമായി ഒത്തുചേർന്നാണ് ക്രോസ്സ്പേ ആഗോളതലത്തിൽ പ്രവർത്തിക്കുന്നത്. 2 ബില്യണിൽ അധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് ആക്സസും ഉണ്ട്. വിവിധ ഘടകങ്ങൾ ഏകോപിപ്പിച്ചുകൊണ്ട്, വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി പേയ്മെന്റ് എക്കോസിസ്റ്റം ഇവർ പ്രദാനം ചെയ്യുന്നു. ആഗോള തലത്തിൽ തന്നെ ബാങ്കുകളുമായുള്ള ഡയറക്ട് എ പി ഐകളിലാണ് അവരുടേ വിജയം അധിഷ്ഠിതമായിരിക്കുന്നത്. ഇതുവഴി ഒരു സിംഗിൾ എ പി ഐ വഴി ഒരു സിംഗിൾ കറൻസി ഉപയോഗിച്ച് നിരവധി പണമിടപാടുകൾ നടത്താൻ ആകും

ക്രോസ്സ്പേയും മലയാളിക്കരുത്തും

ഇന്ന് നമുക്കെല്ലാം സുപരിചിതമായ പല മണി ട്രാൻസ്ഫർ കമ്പനികളിലും പ്രവർത്തിച്ചു നേടിയ പരിചയവുമായാണ് കോഴിക്കോട്ടുകാരനായ രാകേഷ് കുര്യൻ യു കെയിൽ ക്രോസ്സ്പേ എന്ന സ്ഥാപനം ആരംഭിക്കുന്നത്. യു എ ഇ എക്സ്ചേഞ്ച്, എക്സ്പ്രസ്സ് മണി, ഓറിയന്റ് എക്സ്ചേഞ്ച് ഹോംഗ്കോങ്ങ്, ബി എഫ് സി എന്നീ പ്രമുഖ മണി ട്രാൻസ്ഫർ സ്ഥാപനങ്ങളിലെല്ലാം പ്രമുഖ തസ്തികകളിൽ ജോലി ചെയ്ത പരിചയമുള്ള വ്യക്തിയാണ് രാകേഷ് കുര്യൻ.

22 വർഷങ്ങൾക്ക് മുൻപ് ഇ സെഡ് റെമിറ്റ് യു കെ യുടെ റീടെയിൽ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനായിട്ടായിരുന്നു രാകേഷ് യു കെയിൽ എത്തുന്നത്. മണി ട്രാൻസ്ഫർ റീടെയിൽ ബിസിനസ്സ് സ്ഥാപനവും ഓൺലൈൻ പ്ലാറ്റ്ഫോമുമായിരുന്ന ഇ സെഡ് റെമിറ്റ് ക്രമേണ വളർന്ന് ഒരു യു കെ ബാങ്ക് ആയി മാറി. 2015-ൽ രാകേഷ് കുര്യൻ ബി എഫ് സി ബാങ്കിൽ നിന്നും രാജിവെച്ച് ക്രോസ്സ് പേ ആരംഭിച്ചു. ആഗോള തലത്തിൽ തന്നെയുള്ള ആധുനിക ഡിജിറ്റൽ സൊലൂഷ്യൻ ദാതാവ് എന്ന നിലയിലായിരുന്നു ക്രോസ്സ്പേയുടെ ആരംഭം.അതിനിടയിൽ 2022-ൽ ബി എഫ് സിബാങ്ക് സിംഗപ്പൂർ ആസ്ഥാനമായ ഐഫാസ്റ്റ് ഗ്ലോബൽ ബാങ്ക് ലിമിറ്റഡ് ഏറ്റെടുക്കുകയും ചെയ്തു.

2022 ജൂൺ 1 മുതൽ ഐഫാസ്റ്റ് ഗ്ലോബൽ ബാങ്കിൽ നിന്നും റീടെയിൽ ബിസിനസ്സ് വിഭാഗം ഏറ്റെടുക്കാൻ ക്രോസ്സ്പേ സമ്മതിച്ചിരുന്നു. ബി എഫ് സി ഗ്രൂപ്പിന്റെ മണി ട്രാൻസ്ഫർ സേവനം ഇ സെഡ് റെമിറ്റ് ആണ്. ഇതിന്റെ സഹസ്ഥാപകൻ കൂടിയാണ് രാകേഷ് കൂര്യൻ. 2005-ൽ ആയിരുന്നു ഇത് ആരംഭിച്ചത്. അന്ന് യു കെയുടെ മിക്ക ഭാഗങ്ങളിലും റീടെയിൽ കേന്ദ്രങ്ങൾ ഒരുക്കിയിരുന്നു. ഇന്ന് അതെല്ലാം രാകേഷിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. ഒരു കർമ്മ ചക്രം ഇവിടെ പൂർത്തിയായതുപോലെ.

രാകേഷ് കുര്യൻ; ഒരു കാർമ്മിക് സൈക്കിളിന്റെ പൂർത്തീകരണം

2005-ൽ രാകേഷ് കുര്യന്റെ കൂടി ആശയത്തിലും പരിശ്രമത്തിലും യാഥാർത്ഥ്യമായതാണ് ഇ സെഡ് റെമിറ്റ് എന്ന മണി ട്രാൻസ്ഫർ സംവിധാനം. ഇത് പ്രബലപ്പെടുത്താനും അതോടൊപ്പം വിപുലീകരിക്കുവാനും കൂടിയായിരുന്നു രാകേഷ് കുര്യൻ 22 വർഷങ്ങൾക്ക് മുൻപ് യു കെയിൽ എത്തുന്നത്. രാജ്യമാകമാനം റീടെയിൽ കേന്ദ്രങ്ങൾ ഒരുക്കുവാൻ ഈ മലയാളിക്കരുത്തിനായി. അതിന്റെ പിൻബലത്തിൽ ഇ സെഡ് റെമിറ്റും അവരുടെ മാതൃസ്ഥാപനമായ ബി എഫ് സി ബാങ്കും അഭൂതപൂർവ്വമായ വളർച്ചക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു.

ഉയരങ്ങളിലെത്തിയപ്പോഴും തന്റെ കർമ്മം ഉപേക്ഷിക്കാൻ രാകേഷിനായില്ല. വളർന്ന് പന്തലിച്ച വടവൃക്ഷത്തിന്റെ താഴെ തണലേറ്റിരുന്ന് വിശ്രമിക്കാനല്ല, മറിച്ച് പുതിയ വൃക്ഷങ്ങളെ വളർത്തിയെടുക്കാൻ അദ്ധ്വാനിക്കുക എന്നതായിരുന്നു ഈ മലയാളിയുടെ തത്വം. അതുകൊണ്ടു തന്നെയാണ് സുരക്ഷിതമായ ഒരു ജോലി ഉപേക്ഷിച്ച് 2015-ൽ സ്വന്തമായി ക്രോസ്സ്പേ എന്ന സ്ഥാപനം ആരംഭിക്കാൻ രാകേഷ് തയ്യാറായത്.

മറ്റുള്ളവർ തെളിച്ച വഴിയിലൂടെ പോകാതെ, എന്നും സ്വന്തമായ പാത വെട്ടിത്തുറക്കാൻ ആഗ്രഹിച്ചിരുന്ന രാകേഷ് കുര്യൻ ഇവിടെയും പതിവ് തെറ്റിച്ചില്ല. ഇന്നോവേഷൻ എന്ന വാക്കിനെ അതിന്റെ സമഗ്രമായ അർത്ഥത്തിൽ എടുത്ത രാകേഷ് തന്റെ ക്രോസ്സ്പേ മണി ട്രാൻസ്ഫർ സേവനത്തിലും പുതിയ കാര്യങ്ങൾ പരീക്ഷിച്ചു. ബാങ്കുകളുമായിട്ടുള്ള ഡയറക്ട് എ പി ഐ ഉൾപ്പടെയുള്ളവ അന്താരാഷ്ട്ര തലത്തിൽ തന്നെ പണമിടപാടുകൾ നടത്തുന്ന ആയാസ രഹിതമാക്കിയപ്പോൾ ക്രോസ്സ്പേയും വളർന്ന് പന്തലിക്കുകയായിരുന്നു.

വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുംസ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ, കമ്പ്യുട്ടർ എന്നിവ ഉപയോഗിച്ച് അന്താരാഷ്ട്ര പണമിടപാടുകൾ നടത്താൻ കഴിയും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത്. അതേസമയം വളരെ കുറഞ്ഞ സേവന നിരക്കും ക്രോസ്സ്പേ വാഗ്ദാനം ചെയ്യുന്നു. പേയ്മെന്റ് വ്യവസായ മേഖലയിൽ അത്യാവശ്യമായിരുന്ന ഒരു ഉയർച്ച നൽകുന്നതിനായിട്ടായിരുന്നു തങ്ങൾ ഈ യാത്ര ആരംഭിച്ചത് എന്നാണ് രാകേഷ് കുര്യൻ പറയുന്നത്.

തങ്ങളുടെ കൂട്ടായ അറിവും ബന്ധങ്ങളും പരമാവധി ഉപയോഗിച്ചിട്ടായിരുന്നു ഈ പ്ലാറ്റ്ഫോം രൂപപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് ഇന്ന് തങ്ങളുടെ ബിസിനസ്സിന്റെ നട്ടെല്ല് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപഭോക്താക്കളെ എന്നും സംതൃപ്തരാക്കുക, അതിനായി പുതിയ കണ്ടുപിടുത്തങ്ങൾക്ക് പുറകെ പോവുക എന്നതായിരുന്നു രാകേഷിന്റെ രീതി. അതു തന്നെയായിരുന്നു അന്ന് ഇ സെഡ് റെമിറ്റിന്റെ വിജയത്തിൽ കലാശിച്ചതും.

22 വർഷങ്ങൾക്കിപ്പുറം താൻ ചോരനീരാക്കി കെട്ടിപ്പടുത്ത ഈ സെഡ് റെമിറ്റ് ഇന്ന് സ്വന്തമാക്കുമ്പോൾ രാകേഷ് കുര്യൻ തന്റെ ജീവിതത്തിലെ ഒരു മഹത്തരമായ് കാർമ്മിക ചക്രം പൂർത്തിയാക്കുകയാണ്. ഒപ്പം ലോകത്ത് എവിടെയുമുള്ള മലയാളികൾക്ക് പ്രചോദനവും അഭിമാനവും ആയി മാറുകയും ചെയ്തിരിക്കുന്നു.