ന്യൂഡൽഹി: ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് എത്തി ബീഫ് കഴിക്കുകയും ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തതിന് പ്രശസ്ത ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്രഗുഹയ്ക്ക് ഭീഷണി. അതേസമയം തന്നെ ഭീഷണിപ്പെടുത്തി ആളുടെ ഫോൺ നമ്പർ സഹിതം വെളിപ്പെടുത്തിക്കൊണ്ട് രാമചന്ദ്ര ഗുഹ ട്വീറ്റ് ചെയ്തു. ഗോവയിൽ എത്തിയ രാമചന്ദ്ര ഗുഹ ബീഫ് കഴിക്കുന്നതിന്റെ ഫോട്ടോ ട്വിറ്ററിൽ പങ്കുവച്ചതിനു പിന്നാലെയാണ് ഭീഷണി കോൾ ലഭിക്കുന്നത്. ഡൽഹിയിൽ നിന്ന് സഞ്ജയ് എന്നു പേരുള്ള ഒരാളാണ് തന്നെയും ഭാര്യയും ഭീഷണിപ്പെടുത്തിയതെന്നും അദ്ദേഹം ട്വിറ്ററിൽ വെളിപ്പെടുത്തി.

ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഗോവയിൽ ഉച്ചഭക്ഷണത്തിന് ബീഫ് ആകട്ടെയെന്നു കരുതി...എന്ന അടിക്കുറിപ്പോടു കൂടിയാണ് ഏഴിന് രാമചന്ദ്രഗുഹ ട്വിറ്ററിൽ ഫോട്ടോ ഇടുന്നത്. ഫോണിലൂടെയുള്ള ഭീഷണിക്കു പുറമേ ട്വിറ്ററിലൂടെ തന്നെ ഭീഷണിപ്പെടുത്തിയ ആർ കെ യാദവ് എന്ന ആളുടെ ട്വീറ്റടക്കം അദ്ദേഹം മറ്റൊരു ട്വീറ്റിലൂടെ പുറത്തുവിട്ടിട്ടുണ്ട്. റിസർച്ച് ആൻഡ് അനാലിസിസ് വിംഗി(റോ)ലെ മുൻ ഉദ്യോഗസ്ഥനാണ് ആർ കെ യാദവെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം കഴിച്ച ഭക്ഷണം അത്ര നല്ലതല്ലാത്തതിനാൽ ആ ഫോട്ടോ താൻ നീക്കം ചെയ്തുവെന്നും എന്നാൽ ബീഫ് വിഷയത്തിൽ ബിജെപിയുടെ കപടത തുറന്നുകാട്ടാൻ താൻ ഇനിയും ആഗ്രഹിക്കുന്നുണ്ടെന്നും പിന്നീട് രാമചന്ദ്രഗുഹ വ്യക്തമാക്കി. മനുഷ്യന് സ്വന്തം ഇഷ്ടപ്രകാരം തിന്നാനും വസ്ത്രധാരണം നടത്താനും സ്നേഹിക്കാനുമുള്ള അവകാശമുണ്ടായിരിക്കണമെന്നും ട്വീറ്റിൽ അദ്ദേഹം കുറിച്ചു.

ബിജെപി ഭരിക്കുന്ന സംസ്ഥാനമാണെങ്കിലും ഗോവയിൽ ബീഫിന് നിരോധനം ഏർപ്പെടുത്തിയിട്ടില്ല. ബിജെപി ഭരണമുള്ള ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബീഫിന് നിരോധനം ഏർപ്പെടുത്തിയിട്ടില്ല. മഹാരാഷ്ട്രയിൽ ബീഫ് നിരോധിച്ച ബിജെപി ഗോവയിൽ ബീഫ് നിരോധിച്ചിട്ടില്ല എന്നു വ്യക്തമാക്കാൻ കൂടിയാണ് രാമചന്ദ്രഗുഹ ചിത്രം പോസ്റ്റ് ചെയ്തതും.

ബിജെപിക്കെതിരേ വിമർശനങ്ങൾ നടത്തിയതിന് മുമ്പും സംഘപരിവാർ, ബിജെപി അനുയായികളുടെ ഭീഷണികൾ നേരിടേണ്ടി വന്നിട്ടുള്ള ആളാണ് രാമചന്ദ്രഗുഹ. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി അധ്യക്ഷൻ അമിത് ഷായേയും വിമർശിച്ചതിന് ഭീഷണി മെയിലുകൾ ലഭിച്ച വിവരം രാമചന്ദ്രഗുഹതന്നെ പങ്കുവച്ചിരുന്നു. തന്റെ നിരീക്ഷണ, വീക്ഷണങ്ങൾ തുറന്നു പറഞ്ഞിട്ടുള്ളതിന്റെ പേരിൽ ഏറെ വിമർശനങ്ങൾ നേരിട്ടിട്ടുള്ളയാളാണ് എഴുത്തുകാരനായ രാമചന്ദ്രഗുഹ. പശുവിറച്ചി വീട്ടിൽ സൂക്ഷിച്ചുവെന്ന് ആരോപിച്ച് കൊലചെയ്യപ്പെട്ട മുഹമ്മദ് അഖ്ലാക്കിന്റെ കൊലപാതകം, അടുത്തിടെ നടന്ന ബുലന്ദ്ശഹർ അക്രമം തുടങ്ങിയ സംഭവങ്ങളിൽ രാമചന്ദ്ര ഗുഹ സർക്കാരിനെതിരേ രൂക്ഷ വിമർശനം നടത്തിയിരുന്നു. പശു സംരക്ഷണം ഏറ്റെടുത്തിരിക്കുന്ന മോദി സർക്കാരിന്റെ നയങ്ങളെ കണക്കറ്റ് വിമർശിക്കാൻ രാമചന്ദ്രഗുഹ മടികാട്ടിയിട്ടില്ല.

പരിസ്ഥിതി, സാമൂഹികം, രാഷ്ട്രീയം, ക്രിക്കറ്റ് ചരിത്രം എന്നിവയിൽ ഗവേഷണതൽപരനായ ഇന്ത്യയിലെ എഴുത്തുകാരനാണ് രാമചന്ദ്ര ഗുഹ. ദ ടെലിഗ്രാഫ്, ഖലീജ് ടൈംസ്, ദ ഹിന്ദുസ്ഥാൻ ടൈംസ് എന്നീ പത്രങ്ങളിലെ കോളമിസ്റ്റ് കൂടിയായ ഇദ്ദേഹത്തെ രാജ്യം 2009 ൽ പത്മഭൂഷൺ പുരസ്‌കാരം നൽകി ബഹുമാനിച്ചിരുന്നു. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവായ രാമചന്ദ്രഗുഹയുടെ പ്രശസ്തമായ കൃതിയാണ് ഇന്ത്യ ആഫ്റ്റർ ഗാന്ധി. പത്മഭൂഷൺ കൂടാതെ നിരവധി പുരസ്‌ക്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
അമേരിക്കൻ പ്രസിദ്ധീകരണമായ 'ഫോറിൻ പോളിസി' മെയ് 2008 ൽ ലോകത്തിലെ 100 ബുദ്ധീജീവികളിൽ ഒരാളായി രാമചന്ദ്ര ഗുഹയെ തിരഞ്ഞെടുത്തിരുന്നു.

അത് അനുചിതമാണ് എന്ന് തോന്നിയതുകൊണ്ടാണ് താൻ അത് നീക്കം ചെയ്യുന്നത് എന്നും ബീഫ് വിഷയത്തിൽ ബിജെപിയുടെ കാപട്യം എടുത്തു കാട്ടാൻ താൻ ഇനിയും ആഗ്രഹിക്കുന്നതായും രാമചന്ദ്ര ഗുഹ പറഞ്ഞു. 'മനുഷ്യന് സ്വന്തം താൽപര്യപ്രകാരം ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും സ്‌നേഹിക്കാനുമുള്ള സ്വാതന്ത്ര്യം വേണം'- പുതിയ ട്വീറ്റിൽ രാമചന്ദ്ര ഗുഹ കുറിച്ചു. തനിക്കെതിരായി സംഘ്പരിവാർ സംഘടനകളുടെ ഭീഷണിയുണ്ടെന്ന് രാമചന്ദ്ര ഗുഹ മുമ്പും വ്യക്തമാക്കിയിട്ടുണ്ട്.