കോഴിക്കോട്: ഒരു മാസത്തെ ത്യാഗപൂർണമായ വ്രതാനുഷ്ഠാനം കൊണ്ടു സ്ഫുടം ചെയ്ത മനസ്സുമായി ഇസ്‌ലാം മത വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. ദൈവത്തോടുള്ള അനുസരണയുടെ തെളിവാർന്ന രൂപം കൂടിയാണ് ഈദുൽ ഫിത്ർ. 30 ദിവസവും വ്രതാനുഷ്ഠാനത്തോടൊപ്പം രാപകൽ ഭേദമെന്യേ ആരാധന കർമങ്ങളിൽ മുഴുകിയും സക്കാത്ത് നൽകി സമ്പത്ത് ശുദ്ധീകരിച്ചും സ്രഷ്ടാവിനോടു കൂടുതൽ അടുത്ത് പാപമോചനത്തിനായി പ്രാർത്ഥിച്ചുമാണു വിശ്വാസികൾ ഒരു മാസം ചെലവഴിച്ചത്.

പെരുന്നാൾ നമസ്‌കാരത്തിനായി മുസ്‌ളിം പള്ളികളിലും ഈദ് ഗാഹുകളും വിശ്വാസികൾ എത്തി. ഈദുൽ ഫിത്തറിലെ പ്രധാന കർമ്മമാണ് ഫിത്തർ സക്കാത്ത് നൽകൽ. ഫിത്തർ സക്കാത്ത് ശേഖരിച്ച് ദൈന്യത നേരിടുന്ന കുടുംബങ്ങളിൽ എത്തിച്ച് കൊടുത്ത് അവരെയും ആഘോഷങ്ങളിൽ പങ്കാളികളാക്കണമെന്നാണ് നിർദ്ദേശം. ഫക്കീർ (തീരെ സ്വത്തില്ലാത്തവൻ), സക്കാത്ത് ജീവനക്കാരൻ, പുതുവിശ്വാസികൾ, മോചനപത്രം എഴുതപ്പെട്ടവർ, കടക്കാരൻ, യോദ്ധാവ്, യാത്രക്കാരൻ എന്നിവർക്കാണ് ഫിത്തർ സക്കാത്ത് നൽകുന്നത്.

ഒരു സ്വാഹ് - 4 മുദ്ദ്, ഒരു സ്വാഹ് 3.200 ലിറ്റർ, ഒരു സ്വാഹ് 2.60 കിലോഗ്രാം എന്നീ അളവ് പ്രകാരമാണ് ഫിത്തർ സക്കാത്ത് നൽകേണ്ടത്. റംസാൻ മാസത്തിന്റെ ആദ്യ പത്ത് ദിനങ്ങൾ റഹ്മത്തും തുടർന്നുള്ള പത്ത് ദിനങ്ങൾ പാപമോചനവും അന്ത്യ പത്ത് ദിനങ്ങൾ നരക മോചനവുമെന്നാണ് വിശ്വാസം. റംസാൻ മാസത്തിൽ ആത്മവിശുദ്ധി നേടുന്നതോടൊപ്പം ഒരു പുനർനവീകരണം കൂടിയാണ് ലക്ഷ്യമിടുന്നത്. ഇന്നലെ മഗ്‌രിബ് നമസ്‌കാരത്തിനു ശേഷം പള്ളികളിൽ നിന്നും മുസ്‌ലിം ഭവനങ്ങളിൽ നിന്നും തക്‌ബീർ ധ്വനികൾ മുഴങ്ങി. അല്ലാഹു അക്‌ബർ അല്ലാഹു അക്‌ബർ... വലില്ലാഹിൽ ഹംദ്. (ദൈവം മഹാനാണ്... സർവ സ്തുതിയും അവനു മാത്രം).

തിങ്കളാഴ്ച സംസ്ഥാനത്ത് ഒരിടത്തും മാസപ്പിറവി ദൃശ്യമാകാത്തതിനാലാണ് ചൊവ്വാഴ്ച റമദാൻ 30 പൂർത്തീകരിച്ച് ബുധനാഴ്ചയായിരിക്കും ചെറിയ പെരുന്നാളെന്ന് സംസ്ഥാനത്തെ വിവിധ ഖാദിമാർ അറിയിച്ചത്. പെരുന്നാൾ പ്രമാണിച്ച് വ്യാഴാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.