പാട്ന: വർഗീയവും വിവാദങ്ങളുമായ പ്രസ്താവനകളിലൂടെ വാർത്തകളിൽ നിറഞ്ഞ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീണ്ടും വിവാദ പ്രസ്താവനകളുമായി രംഗത്തെത്തി. താജ്മഹൽ ഇന്ത്യൻ സംസ്‌കാരം ഉയർത്തിപ്പിടിക്കുന്നില്ലെന്ന് പറഞ്ഞാണ് യുപി മുഖ്യമന്ത്രി രംഗത്തെത്തിയത്.

രാജ്യത്ത് വിദേശത്ത് നിന്നുള്ള വിശിഷ്ടാതിഥികളൊക്കെ സന്ദർശിക്കാനെത്തുമ്പോൾ താജ്മഹലിന്റെയും മറ്റ് മിനാരങ്ങളുടെയും പകർപ്പാണ് ഉപഹാരമായി സമർപ്പിക്കുന്നത്. എന്നാൽ ഇവയൊന്നും ഇന്ത്യൻ സംസ്‌കാരത്തെ ഉയർത്തിക്കാട്ടുന്നില്ല. അതുകൊണ്ട് തന്നെ അവർക്ക് ഭഗവത് ഗീതയുടെയും രാമായണത്തിന്റെയും പകർപ്പാണ് കൊടുക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം ബീഹാറിൽ നടന്ന റാലിക്കിടെയാണ് യോഗി ആദിത്യനാഥിന്റെ വിവാദ പ്രസ്താവന ഉണ്ടായത്. മോദി പ്രധാനമന്ത്രിയായ ശേഷം ഇന്ത്യ സന്ദർശിക്കുന്ന രാഷ്ട്രത്തലവന്മാർക്ക് സമ്മാനിക്കുന്നത് രാമായണത്തിന്റെയും മഹാഭാരതത്തിന്റെയുമൊക്കെ പകർപ്പാണ്. രാമായണം ഒരു വിദേശ പ്രസിഡന്റിന് സമ്മാനിക്കുമ്പോൾ അത് ബീഹാറിന്റെ ചരിത്രത്തെയാണ് ഊട്ടിയുറപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാംവർഷ ആഘോഷ പരിപാടിയുടെ ഭാഗമായായിരുന്നു ബീഹാറിൽ ബിജെപി യുടെ നേതൃത്വത്തിൽ റാലി സംഘടിപ്പിച്ചത്. നിതീഷ്‌കുമാർ സർക്കാർ ബീഹാറിൽ നിയമങ്ങൾ കാറ്റിൽപറത്തുകയാണ്. ജനങ്ങൾക്കിവിടെ സമാധാനമായി ജീവിക്കാനുള്ള സാഹചര്യമുണ്ടാവുന്നില്ല. ഇത് ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.