- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർആർആർ ചരിത്ര വിജയം നേടണമെന്ന് പ്രാർത്ഥിച്ച് മടങ്ങിയ അച്ഛൻ; ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ച് മൾട്ടി സ്റ്റാർ സിനിമയും; ചെരുപ്പിടാതെ കറുപ്പുടത്ത് വ്രതമെടുത്ത് വിശ്വാസിയായ മകൻ; രാംചരൺ വിഷുവിന് സന്നിധാനത്ത് എത്തും; രാജമൗലി ചിത്രത്തിന്റെ വിജയാഘോഷം ശബരിമലയിലും
പത്തനംതിട്ട: ഇന്ത്യൻ സിനിമയിലെ എക്കാലത്തേയും മികച്ച ചിത്രമായി ആർ ആർ ആർ മാറുമ്പോൾ അതിന്റെ അനുഗ്രഹം ശബരിമല അയ്യപ്പ സ്വാമിക്ക് നൽകുകയാണ് നായകൻ രാംചരൺ. തെലുങ്ക് സിനിമയിലെ സൂപ്പർതാരമായ ചിരഞ്ജിവി കുറച്ചു നാൾ മുമ്പ് ശബരിമലയിൽ എത്തിയിരുന്നു. മകന്റെ സിനിമയുടെ വമ്പൻ വിജയം ഉറപ്പാക്കാനുള്ള പ്രാർത്ഥനായിയിരുന്നു ചിരഞ്ജീവിയുടേത്. പ്രാർത്ഥന ശബരിമല ശാസ്താവ് കേട്ടു. ചിത്രം വമ്പൻ വിജയമായി. അതുകൊണ്ട് തന്നെ രാംചരൺ കടുത്ത വ്രതത്തിലാണ്. വിഷുവിന് അയ്യനെ കാണാൻ മലചവിട്ട് രാംചരണമെത്തും.
ആർ.ആർ.ആറിന്റെ തകർപ്പൻ വിജയത്തിന്റെ സന്തോഷത്തിലാണ് രാംചരണും ജൂനിയർ എൻടിആറും. ചിത്രത്തിന്റെ വിജയാഘോഷങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഈയിടെ മുംബൈയിൽ നടന്ന ആഘോഷ പാർട്ടിയിൽ ചെരിപ്പിടാതെ വന്ന രാംചരണായിരുന്നു ശ്രദ്ധാകേന്ദ്രം. കറുത്ത കുർത്തയും പാന്റ്‌സും ധരിച്ച് നഗ്‌നപാദനായി എത്തിയ ചരണിനെ കണ്ട് മറ്റുള്ളവർ അമ്പരന്നെങ്കിലും പിന്നീടാണ് കാരണം മനസിലായി. ശബരിമല വ്രതത്തിലാണ് രാംചരൺ. വിഷുവിന് തെലുങ്ക് സൂപ്പർ താരം ദർശനത്തിന് എത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് അറിയിപ്പ് കിട്ടികഴിഞ്ഞു.
അല്ലു അർജുനും ഇതേ ദിവസം ശബരിമലയിൽ എത്തുമെന്ന് സൂചനകളുണ്ട്. എന്നാൽ ഇക്കാര്യം ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ആർ ആർ ആർ റിലീസിന് ശേഷം മകൻ ശബരിമലയിൽ വരുമെന്ന് അധികൃതരെ അറിയിച്ചാണ് ചിരഞ്ജീവി ശബരിമല ദർശനത്തിന് ശേഷം എത്തിയത്. അന്ന് ചിരഞ്ജീവിക്കൊപ്പമുണ്ടായിരുന്ന സ്ത്രീയുടെ പ്രായത്തെ കുറിച്ച് വിവാദമുണ്ടായി. എന്നാൽ ആചാരാനുഷ്ഠാനങ്ങൾ പാലിച്ചായിരുന്നു ചിരഞ്ജീവിയും സംഘവും എത്തിയതെന്ന് പിന്നീട് വ്യക്തമായി. അച്ഛനെ പോലെ വ്രതം നോറ്റു തന്നെയാണ് മകനും സന്നിധാനത്തേക്ക് എത്തുന്നത്.
ഇതിന്റെ ഭാഗമായിട്ടാണ് കറുപ്പുടുത്തതും ചെരിപ്പ് ഉപേക്ഷിച്ചതും. എല്ലാ വർഷവും വ്രതം അനുഷ്ഠിക്കാറുണ്ട് രാംചരൺ. രാം ചരണും പിതാവും നടനുമായ ചിരഞ്ജീവിയും വർഷങ്ങളായി ശബരിമലയിൽ ദർശനം നടത്താറുണ്ട്. എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം 1000 കോടി കളക്ഷൻ പിന്നിട്ടിരുന്നു. ആർ.ആർ.ആറിന്റെ പ്രമോഷനുകൾ പൂർത്തിയാക്കിയ രാം ചരൺ ഇപ്പോൾ തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിൽ ജോയിൻ ചെയ്തിട്ടുണ്ട്.
സംവിധായകൻ ശങ്കറിന്റെ ആർസി 15ന്റെ ചിത്രീകരണം അമൃത്സർ സർവകലാശാലയിൽ പുനരാരംഭിച്ചിട്ടുണ്ട്. ഈ ഷെഡ്യൂൾ രണ്ടാഴ്ച നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊരട്ടാല ശിവയുടെ ആചാര്യയാണ് രാംചരണിന്റെ ഉടൻ പുറത്തിറങ്ങാൻ പോകുന്ന ചിത്രം. മെഗാ സ്റ്റാർ ചിരഞ്ജീവിയും രാം ചരണും ഒന്നിക്കുന്ന ചിത്രം ഏപ്രിൽ 29ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. കാജൽ അഗർവാൾ, പൂജ ഹെഗ്‌ഡേ, സോനു സൂദ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഇ്ത്തരം വാർത്തകൾക്കിടെയാണ് ചെരുപ്പിടാത്ത രാജ് ചരണിന്റെ ചിത്രങ്ങൾ വൈറലായത്.
പൊതുവിൽ സിനിമാ താരങ്ങൾ വലിയ ഫാഷനിലുള്ള തരം വസ്ത്രങ്ങൾ ധരിച്ചാകും വിമാനയാത്ര ചെയ്യുക. എന്നാൽ രാംചരൺ തേജ മുംബയ് വിമാനത്താവളത്തിൽ വന്നിറങ്ങിയത് കണ്ട് സിനിമാ ആരാധകരെല്ലാം ഞെട്ടി. കറുപ്പ് വസ്ത്രമണിഞ്ഞ് കാലിൽ ചെരുപ്പിടാതെ തോളിൽ കാവി നിറമുള്ള ഒരു തുണിയുമിട്ടാണ് രാംചരൺ മുംബയിൽ വന്നെത്തിയത്.താരത്തിന്റെ ഈ സിമ്പിൾ ലുക്ക് ബോളിവുഡിലെ താരങ്ങളെല്ലാം ഒന്ന് കണ്ടുപഠിക്കേണ്ടതാണെന്നാണ് ചിത്രം കണ്ട ആരാധകരെല്ലാം പറയുന്നത്.
ശബരിമല ദർശനത്തിനായി 41 ദിവസത്തെ വ്രതമെടുത്തിരിക്കുകയാണ് രാംചരൺ എന്ന് വാർത്തകൾ വന്നിരുന്നു. ചിരഞ്ജീവിയെപ്പോലെ രാംചരണും കടുത്ത അയ്യപ്പ ഭക്തനാണ്. രാംചരണും ജൂനിയർ എൻടിആറും നായകവേഷത്തിലെത്തിയ രാജമൗലിയുടെ ആർആർആർ ലോകമാകെ ഇത്ര വലിയൊരു വിജയം നേടിയപ്പോഴും വിശ്വാസങ്ങളെ മുറുകെപിടിക്കുകയാണ് ചിരഞ്ജീവി കുടുംബം.
മറുനാടന് മലയാളി ബ്യൂറോ