ആലപ്പുഴ: നടനും സംവിധായകനുമായ രമേഷ് പിഷാരടിക്കൊപ്പം നടനും നിർമ്മാതാവുമായ ഇടവേള ബാബുവും ഹരിപ്പാട്ട് ഐശ്വര്യ കേരളയാത്ര വേദിയിൽ. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻ ചാണ്ടിയും ഇരുവരെയും സ്വീകരിച്ചു. കോൺഗ്രസ് നേതാക്കളുടെ ഇടപെടലിനെ തുടർന്ന് ഇരുവരും കോൺഗ്രസ് വേദിയിലേയ്ക്ക് എത്തുകയായിരുന്നു. രമേഷ് പിഷാരടി നേരത്തെ ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും ചർച്ച നടത്തിയിരുന്നു.

നടനും സംവിധായകനുമായ രമേഷ് പിഷാരടി കോൺഗ്രസിൽ ചേരുന്നവെന്ന വാർത്തകൾ പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് ഇടവേള ബാബുവും കോൺഗ്രസ് വേദിയിലെത്തിയത്. പിഷാരടി തൽക്കാലം മത്സരരംഗത്തേക്കില്ലെന്നാണ് സൂചന.

ഷാഫി പറമ്പിൽ എംഎ‍ൽഎ. കെ.സി.വിഷ്ണുനാഥ്, വി.ടി സതീശൻ. കെ.എസ് ശബരീനാഥൻ തുടങ്ങിയ കോൺഗ്രസിലെ യുവ നേതൃത്വവുമായി രമേഷ് പിഷാരടി ചർച്ച നടത്തിയിരുന്നു. ഇതേ തുടർന്നാണ് അദ്ദേഹം കോൺഗ്രസിലേക്കെത്തുന്നതെന്നാണ് റിപ്പോർട്ടുകൾ

ഐശ്വര്യ കേരള യാത്ര കൊച്ചിയിലെത്തിയപ്പോൾ മേജർ രവി ചെന്നിത്തലയ്‌ക്കൊപ്പം തൃപ്പൂണിത്തുറയിലെ വേദി പങ്കിട്ടത് വാർത്തായിരുന്നു. പിന്നാലെയാണ് സിനിമാ രംഗത്തുനിന്ന് കൂടുതൽ പേർ അണിനിരക്കുന്നത്. നടൻ ധർമജൻ ബോൾഗാട്ടി കോൺഗ്രസിനായി മൽസരിക്കുമെന്ന വാർത്തകളുണ്ടായിരുന്നു. പാർട്ടി ആവശ്യപ്പെട്ടാൽ മൽസരിക്കാൻ തയാറാണെന്ന നിലപാടിലാണ് ധർമജൻ.

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി മണ്ഡലമാണ് ധർമ്മജന് വേണ്ടി പരിഗണിക്കുന്ന ഒരു സീറ്റ്. മറ്റ് ചില സീറ്റുകളും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ധർമ്മജൻ ബാലുശ്ശേരിയിലെ വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നു. കലാരംഗത്തും പൊതുരംഗത്തുമുള്ള നിരവധി പേരെ വീട്ടിലെത്തി കാണുകയും കോൺഗ്രസ് ജില്ലാ നേതാക്കളുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് അഭ്യൂഹം ശക്തമായത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിനിടെ മൂവാറ്റുപുഴ നഗരസഭയിലേയ്ക്കു മൽസരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി ജോയ്‌സ് മേരിക്ക് ആശംസയുമായി രമേഷ് പിഷാരടി എത്തിയിരുന്നു.