കൊല്ലം: വീടിനുള്ളിൽ തൂങ്ങി മരിച്ച പതിനഞ്ചുകാരിയുടെ മരണത്തിൽ കസ്റ്റഡിയിലെടുത്ത അയൽവാസിയായ മന്ത്രവാദിനിയെ പീഡനക്കേസ് ചുമത്തി അറസ്റ്റ് ചെയ്തു. മൈനാഗപ്പള്ളി ഇടവനശ്ശേരി കൊടി മുക്കിൽ താമസിക്കുന്ന റംസീനയെയാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ മന്ത്രവാദത്തിന്റെ പേരിൽ കൊണ്ട് നടന്ന് കാഴ്ച വച്ചതിനാണ് അറസ്റ്റ്. കൂടാതെ പെൺകുട്ടിയുടെ മൂത്ത സഹോദരിയേയും പലർക്കും കാഴ്ച വച്ചിരുന്നതായും പൊലീസ് കണ്ടെത്തി. ഇതിനും കേസ് എടുത്തിട്ടുണ്ട്. മന്ത്രവാദിനി റംസീനയെ പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോൾ ഇവരുടെ പക്കൽ നിന്നും 12 സിം കാർഡുകളും 8 മെമ്മറി കാർഡുകളും ഉറക്കഗുളികകൾ , ഒന്നര ലക്ഷം രൂപ എന്നിവ കണ്ടെടുത്തിരുന്നു.

റംസീന കേരളത്തിലെ സെക്‌സ് റാക്കറ്റുമായി അടുത്തബന്ധമുള്ളയാളാണെന്ന് പൊലീസ് പറയുന്നു. ഇവരുടെ വലയിൽ പെട്ട കൂടുതൽ ആളുകൾ ഉണ്ട് എന്നും അവരെ പറ്റി അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ നാലിനാണ് മൈനാഗപ്പള്ളി കടപ്പാ എൽ.വി.എച്ച്.എസ്സിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനി മൈനാഗപ്പള്ളി സ്വദേശിനി നജില (15)യെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹത തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിൽ അയൽവാസിയായ മന്ത്രവാദിനി പെൺകുട്ടിയെ മന്ത്രവാദത്തിനായി തമിഴ്‌നാട്ടിലേക്ക് കൊണ്ടു പോയിരുന്നതായി വിവരം ലഭിച്ചു. തുടർന്ന് മന്ത്രവാദിനിയായ അയൽവാസി റംസീനയെ ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ ഇവർ മരിച്ച പെൺകുട്ടിയേയും മുത്തസഹോദരിയേയും പലർക്കും കാഴ്ചവച്ചതായി സമ്മതിച്ചതോടെയാണ് മരണത്തിലെ ദുരൂഹത മറനീക്കി പുറത്ത് വന്നത്.

ചെറുപ്പക്കാരിയായ റംസീന നാട്ടിലെ അറിയപ്പെടുന്ന ഒരു മന്ത്രവാദിനിയാണ്. ഏറെ നാളായി കൊടി മുക്കിലെ വീട്ടിൽ മന്ത്രവാദം നടത്തി വരികയായിരുന്നു ഇവർ. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവർ ഇവിടെ കാര്യസാധ്യത്തിനായി വന്നു പോകുന്നുണ്ടായിരുന്നു. ഏറെയും ബാധ ഒഴിപ്പിക്കൽ ചടങ്ങാണ് നടത്തിയിരുന്നത്. ഹൈന്ദവ രീതിയിലുള്ള പൂജാദികർമ്മങ്ങളാണ് മന്ത്രവാദത്തിന് റംസീന ഉപയോഗിച്ചിരുന്നത്. വീട്ടിൽ വച്ചിരിക്കുന്ന കന്നാസിൽ കടൽ വെള്ളം ശേഖരിച്ച് വച്ചിട്ടുണ്ട്. ഇത് പുണ്യ വെള്ളമാണെന്ന് പറഞ്ഞ് കാര്യസാധ്യത്തിനെത്തുന്നവർക്ക് കൊടുത്തിരുന്നു.

ഹോമകുണ്ഡങ്ങളൊരുക്കിയാണ് പൂജ. ബാധ ഒഴിപ്പിക്കൽ കഴിഞ്ഞാൽ എത്രയും വേഗം പൂജയ്ക്കുപയോഗിച്ച സാധന സാമഗ്രികളുമായി കടലിൽ ഒഴുക്കി നിമജ്ജനം ചെയ്യുന്ന രീതിയായിരുന്നു. വലിയ പ്രശ്‌നങ്ങളുമായെത്തുന്നവരെ തമിഴ്‌നാട്ടിലെ ഏർവാടി പള്ളിയിലും റംസീന കൊണ്ടുപോയി ബാധ ഒഴിപ്പിച്ചിരുന്നതായും നാട്ടുകാർ മറുനാടനോട് പറഞ്ഞു. ഇതിനിടയിലാണ് റംസീന ഭർത്താവ് മുജീബിന്റെ സുഹൃത്തായ നാസറിന്റെ വീട്ടിൽ പോകുന്നതും ഇവരുമായ അടുത്ത ബന്ധം സ്ഥാപിച്ചതും. പല കാര്യങ്ങൾ പറഞ്ഞും കുടുംബത്തിലെ ദാരിദ്രം മാറാനായി ചില മന്ത്രവാദങ്ങൾ നടത്താമെന്നും പെൺകുട്ടിയുടെ അമ്മയെ പറഞ്ഞ് വിശ്വസിപ്പിച്ച് ആദ്യം മൂത്ത സഹോദരിയെ കൊണ്ടുപോകുകയായിരുന്നു. വീട്ടിൽ നിന്നും പോകുന്ന കുട്ടി പത്ത് ദിവസങ്ങളോളം പിന്നിട്ടിട്ടാണ് തിരികെ എത്തുന്നത്. അങ്ങനെയാണ് മരിച്ച ഇളയ കുട്ടിയേയും റംസീന കൊണ്ടു പോകാൻ തുടങ്ങിയത്. ഏർവാടി പള്ളിയിൽ പോവുകയാണെന്നാണ് വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. എന്നാൽ പെൺകുട്ടികളെ പലർക്കും കാഴ്ചവയ്ക്കാനായിരുന്നു റംസീന ഇവരെ കൊണ്ടു പൊയ്‌ക്കോണ്ടിരുന്നത്.

ലൈംഗിക പീഡനം അസഹ്യമായപ്പോഴാണ് ഇളയ കുട്ടി നജില തൂങ്ങി മരിച്ചത്. ഇതോടെയാണ് റംസീനയുടെ കള്ളി വെളിച്ചത്താവുന്നത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിയാൻ കഴിഞ്ഞത്. നാട്ടിൽ മുസ്ലിം ആചാരപ്രകാരമുള്ള പർദയാണ് റംസീന ധരിക്കാറ്. പെൺകുട്ടികളുമായി ഏർവാടിയിൽ പോകാനായി പർദ ധരിച്ച് കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തും സ്വന്തം ടൂവീലറിൽ. വെയിറ്റിങ്ങ് റൂമിൽ കയറി പർദ മാറ്റി ജീൻസും ടോപ്പുമണിയും. നിരവധി ആളുകൾ മന്ത്രവാദത്തിനായി ഇവരുടെ അടുത്ത് എത്താറുണ്ട്. അതിനാൽ വേറെയും പെൺകുട്ടികളെ ലൈംഗിക വേഴ്ചയ്ക്ക് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് അന്വേഷണ ചുമതലയുള്ള കൊല്ലം റൂറൽ എസ്‌പി സുരേന്ദ്രൻ അറിയിച്ചു.