കൊച്ചി: ഗുജറാത്ത് ജാംനഗറിൽ താമസിക്കുന്ന റാന്നി സ്വദേശിനിയെ മതംമാറ്റി വിവാഹംചെയ്ത് സിറിയയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് എൻ ഐ എ തയ്യാർ. ഈ വിഷയത്തിൽ ഹൈക്കോടതി നിർദ്ദേശിച്ചാൽ അന്വേഷിക്കാമെന്ന് എൻ.ഐ.എ. അറിയിച്ചു. തന്നെ വിവാഹംചെയ്ത ന്യൂ മാഹി പെരിങ്ങണ്ടി സ്വദേശി മുഹമ്മദ് റിയാസിനെതിരേ യുവതി നൽകിയ ഹർജിയിലാണിത്.

ലൈംഗികചൂഷണത്തിലൂടെ ഭീഷണിപ്പെടുത്തി മതപരിവർത്തനം നടത്തി വിവാഹം ചെയ്തെന്ന കേസിൽ അന്വേഷണം എൻ.ഐ.എ.ക്ക് വിടണമെന്നാണ് യുവതിയുടെ ആവശ്യം. ഹർജി ജനുവരി ഒമ്പതിന് പരിഗണിക്കാൻ മാറ്റി. റാന്നി സ്വദേശിനിയുടെ ഹർജിക്കാധാരമായ ആക്ഷേപത്തിൽ കേസെടുത്തിട്ടില്ല. എങ്കിലും ഹൈക്കോടതി നിർദ്ദേശിച്ചാൽ അന്വേഷിക്കാമെന്നാണ് എൻ.ഐ.എ. വാദത്തിനിടെ അറിയിച്ചത്. അതുകൊണ്ട് തന്നെ കോടതി നിലപാട് നിർണ്ണായകമാകും.

ഹർജിയിലെ ആക്ഷേപങ്ങളെക്കുറിച്ചന്വേഷിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവിക്കുവേണ്ടി അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ജി. ശ്രീധരൻ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പത്തനംതിട്ട, കണ്ണൂർ, എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവികൾക്കാണ് നിർദ്ദേശം നൽകിയത്. ഈ റിപ്പോർട്ട് പരിഗണിച്ച ശേഷം മാത്രമേ ഈ കേസിൽ കോടതി അന്തിമ തീരുമാനം എടുക്കൂ. ഹാദിയാ കേസും നിമിഷാ ഫാത്തിമാ കേസിനും സമാനമാണ് ഈ കേസും.

സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹമെന്നാണ് റിയാസിന്റെ ഹേബിയസ് കോർപ്പസ് ഹർജിയിൽ യുവതി നേരത്തേ കോടതിയിൽ പറഞ്ഞതെന്ന് റാന്നി പൊലീസ് അറിയിച്ചിട്ടുണ്ട്. അങ്ങനെയാണ് 2017 ജനുവരി 23-ന് കോടതി യുവതിയെ റിയാസിനൊപ്പം വിട്ടത്. ന്യൂമാഹിയിലെ വിലാസത്തിൽ റിയാസ് താമസിക്കാറില്ലെന്നാണ് കണ്ണൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. മറ്റുകുടുംബാംഗങ്ങൾ വല്ലപ്പോഴും വരാറുണ്ട്. റിയാസ് പത്തുവർഷമായി ബെംഗളൂരുവിലും കൊച്ചിയിലുമാണെന്നാണ് അറിഞ്ഞത്.

വിവാഹശേഷം റിയാസും യുവതിയും എറണാകുളം മന്നം പെരുവാരം അമ്പലത്തിനടുത്ത് താമസിച്ചിരുന്നെന്ന് റിപ്പോർട്ടിൽ പൊലീസ് പറയുന്നു. കേരള പൊലീസ് അന്വേഷിച്ചില്ലെന്ന ആക്ഷേപം ശരിയില്ല. പൊലീസിന് യുവതിയുടെ പരാതി കിട്ടിയിട്ടില്ല. സംഭവം ബെംഗളൂരുവിലും വിദേശത്തുമായി നടന്നെന്നാണ് പറയുന്നത്- പൊലീസ് കോടതിയെ അറിയിച്ചു.

ബെംഗളൂരുവിൽ അനിമേഷൻ കോഴ്സ് പഠിക്കുന്ന സമയത്താണ് മുഹമ്മദ് റിയാസിനുമായി യുവതി പ്രണയത്തിലായത്. 2015 നവംബറിൽ റിയാസ് ശാരീരിക ബന്ധം പുലർത്തിയെന്നും ഇതു ചിത്രീകരിച്ചത് കാണിച്ച് ഭീഷണിപ്പെടുത്തി മതം മാറ്റിയാണ് വിവാഹം കഴിച്ചതെന്നും ഹർജിയിൽ പറയുന്നു. മതം മാറിയതോടെ മുസ്ലിം എന്ന പേര് സ്വീകരിച്ചു. വ്യാജ രേഖ ചമച്ച് ആധാർ കാർഡ് ഉണ്ടാക്കി 2016 മെയ്‌ 21 ന് റിയാസ് വിവാഹം രജിസ്റ്റർ ചെയ്തു. പിന്നീട് ഹർജിക്കാരിയെ സൗദിയിലേക്കും സിറിയയിലേക്കും കൊണ്ടുപോകാനായി പാസ്പോർട്ട് എടുപ്പിച്ചു. സക്കീർ നായിക്കിന്റെ മതപ്രഭാഷണമനുസരിച്ച് പർദ ധരിക്കാനും ഐസിസിനെ പിന്തുണയ്ക്കാനും പറഞ്ഞു. റിയാസിനെ ഭയന്ന് 2016 ഒക്ടോബർ 15 ന് ബെംഗളൂരുവിൽ നിന്ന് അഹമ്മദാബാദിലേക്ക് പോയെന്നും ഹർജിയിൽ പറയുന്നു.

എന്നാൽ യുവതിയെ പിതാവ് തടങ്കലിലാക്കിയെന്നാരോപിച്ച് റിയാസ് നൽകിയ ഹർജിയിൽ തനിക്ക് റിയാസിനൊപ്പം പോകാൻ ഇഷ്ടമാണെന്ന് അവർ പറഞ്ഞിരുന്നു. തുടർന്ന് 2017 ജനുവരി 23 ന് റിയാസിനൊപ്പം പോകാൻ അനുവദിച്ച് ഹൈക്കോടതി ഉത്തരവായി. ഇതിനുശേഷം താൻ റിയാസിന്റെയും മാതാപിതാക്കളുടെയും നിയന്ത്രണത്തിലായെന്നും മാതാപിതാക്കളെ ഫോണിൽ വിളിക്കാൻ പോലും അനുവദിച്ചില്ലെന്നും പെൺകുട്ടി ആരോപിക്കുന്നു.

റിയാസും മാതാപിതാക്കളും ചേർന്ന് തന്നെ ജിദ്ദയിലേക്ക് കൊണ്ടുപോയി മാനസികമായും ശാരീരികമായും ഉപദ്രവിച്ചു. സിറിയയിലേക്ക് കടത്താൻ നീക്കമുണ്ടെന്ന് അറിഞ്ഞതോടെ രക്ഷപ്പെട്ട് ഒക്ടോബർ അഞ്ചിന് അഹമ്മദാബാദിലെത്തിയെന്നും വിശദീകരിക്കുന്നു.