- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റാന്നി- ഉതിമൂട് കനാൽ പാലത്തിലെ നിർമ്മാണ പിഴവു മൂലം വണ്ടികൾ പാലത്തിനടിയിൽ കുരുങ്ങുന്നു; നടപടിയെടുക്കാതെ മന്ത്രി റിയാസും വകുപ്പും; ശബരിമലക്കാലത്ത് യാത്രാ ദുരിതം കൂടും; പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയിൽ ആയിരം കോടി വെള്ളത്തിലാകുമ്പോൾ
പത്തനംതിട്ട/റാന്നി: ആയിരം കോടിയോളം രൂപ ചെലവഴിച്ച് ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്ന പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ അസാധാരണമായ നിർമ്മാണ പിഴവുമൂലം വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്നില്ല. ഈ ദുരവസ്ഥ പൊതുമരാമത്ത് വകുപ്പിന്റെയും മന്ത്രി റിയാസിന്റെയും ശ്രദ്ധയിൽപ്പെട്ടിട്ടും നടപടിയെടുക്കാതെ ഒളിച്ചുകളി തുടരുകയാണ്.
പത്തനംതിട്ടയിൽ നിന്ന് റാന്നിയിലേക്ക് പോകുന്ന വഴിയിൽ ഉതിമൂട് വലിയകലുങ്കിലാണ് പിഡബ്ല്യൂഡിയുടെ നിർമ്മാണപിഴവ് മൂലം വലിയ വാഹനങ്ങൾക്ക് കടന്നുപോകാനാകാത്ത സ്ഥിതിയുണ്ടായിരിക്കുന്നത്. പമ്പാ ജലസേചന പദ്ധതിയുടെ (പിഐപി) കനാൽ സംസ്ഥാന പാതയ്ക്കു കുറുകെ നിർമ്മിച്ചിട്ടുള്ളതാണ് ഇപ്പോൾ കെണിയായിരിക്കുന്നത്. റോഡിന്റെ ഉപരിതലവും കനാലും തമ്മിലുള്ള ഉയരം കുറവാണ്. ഇതിനുള്ള പരിഹാരം തേടാൻ കരാറുകാരനോ പൊതുമരാമത്ത് വകുപ്പോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ശബരിമല തീർത്ഥാടന കാലം ആരംഭിക്കാൻ മൂന്ന് മാസം മാത്രം ബാക്കി നിൽക്കേ, ഇതിന് പരിഹാരമുണ്ടായില്ലെങ്കിൽ യാത്രാദുരിതം വർധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
കണ്ടെയ്‌നർ പോലുള്ള ഉയരം കൂടിയ വാഹനങ്ങൾ ഇതുവഴി എത്തിയാൽ കനാൽപാലത്തിൽ കുടുങ്ങും. വൈക്കോൽ കയറ്റിയ ലോറി എത്തിയാലും ഇതേ കാഴ്ചയാണ്. കഴിഞ്ഞ ദിവസവും ലോറി കുടുങ്ങിയിരുന്നു. ചക്രങ്ങളിലെ വായു മർദം കുറച്ചാണ് പിന്നീട് ലോറി കുരുക്കിൽ നിന്ന് രക്ഷപ്പെടുത്തിയത്. പാലത്തിന് താഴെ ഇത്തരത്തിലുള്ള വണ്ടികൾ കുടുങ്ങിയാൽ ഇരുവശത്തേക്കുമുള്ള ?ഗതാ?ഗതം സ്തംഭിക്കും.
എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലൂടെ കടന്നുപോകുന്ന സംസ്ഥാന പാതയാണിത്. റോഡ് വികസനം പൂർത്തിയാകുന്നതോടെ ഇതിലെ വാഹനത്തിരക്കേറും. ഉയരം കൂടിയ കണ്ടെയ്‌നറുകളും ഇതിലെ തുടരെ എത്തും. അവയെല്ലാം പാതിവഴിയിൽ ഓട്ടം അവസാനിപ്പിക്കേണ്ടിവരും. ഇതിനുള്ള പരിഹാരമാണ് സമയബന്ധിതമായി നടപ്പാക്കേണ്ടത്. സർക്കാർ ഇടപെട്ട് മേൽപാലം പണിയുന്നതിനുള്ള നടപടികളാണ് ആരംഭിക്കേണ്ടത്.
കനാൽപാലത്തിന്റെ ഉയരം കൂട്ടാനും പൊളിച്ചു നീക്കാനും കഴിയില്ല. മേൽപാലം നിർമ്മിക്കുക മാത്രമാണ് പരിഹാരം. പുനലൂർമൂവാറ്റുപുഴ പാതയുടെ ഭാഗമായ കോന്നിപ്ലാച്ചേരി റോഡ് 300 കോടി രൂപ ചെലവഴിച്ചാണ് വികസിപ്പിക്കുന്നത്. ഇതിനായി രൂപരേഖയും എസ്റ്റിമേറ്റും തയാറാക്കിയപ്പോൾ മേൽപാലത്തെപ്പറ്റി ആരും ചിന്തിച്ചില്ല. എരുമേലി-ശബരിമല റൂട്ടിലുള്ള പ്രധാനപാതയിൽ ഇത്തരമൊരു കുരുക്കുണ്ടായത് പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടിയൊന്നുമെടുക്കാതെ കാഴ്ചക്കാരായി നിൽക്കുകയാണ്. പാലത്തിന് കീഴെ ഇനിയെന്തെങ്കിലും ?ഗുരുതരമായ അപകടമുണ്ടായി മനുഷ്യ ജീവൻ നഷ്ടപ്പെടുന്നത് വരെ അധികാരികൾ മിണ്ടാതിരിക്കും.
അടുത്തിടെ മന്ത്രി മുഹമ്മദ് റിയാസ് റാന്നിയിലെത്തിയപ്പോൾ പ്രമോദ് നാരായൺ എംഎൽഎയും മുൻ എംഎൽഎ രാജു ഏബ്രഹാമും മേൽപാലം നിർമ്മിക്കേണ്ടആവശ്യകത മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ഇതേപ്പറ്റി പരിശോധന നടത്താൻ മന്ത്രി കെഎസ്ടിപി അധികൃതരെ ചുമതലപ്പെടുത്തിയതാണ്. എന്നാൽ പിന്നീട് നടപടിയുണ്ടായില്ല.
ഇതേ റോഡിൽ തന്നെയാണ് പണി പൂർത്തിയാകാതെ കിടക്കുന്ന റാന്നി സമാന്തര പാലം. റാന്നി പാലത്തിന് സമാന്തരമായി പമ്പാ നദിയിൽ മറ്റൊരു പാലം നിർമ്മിക്കാൻ പ്രാഥമിക പ്രവർത്തനങ്ങൾ മൂന്ന് വർഷം മുൻപ് ആരംഭിച്ചെങ്കിലും പണി ഇപ്പോഴും എങ്ങുമെത്താതെ കിടക്കുകയാണ്. പമ്പാനദിക്ക് നടുവിലായി ഒന്നുരണ്ട് തൂണുകളും നിർമ്മിച്ചതൊഴിച്ചാൽ അപ്രോച്ച് റോഡിന്റെ നിർമ്മാണമോ, സ്ഥലമെടുപ്പോ ഒന്നും പൂർത്തിയായിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി തട്ടിക്കൂട്ട് വികസനമെന്ന പേരിൽ അന്നത്തെ എംഎൽഎ രാജു എബ്രഹാം നടത്തിയ പാലം പണിയാണ് എങ്ങുമെത്താതെ കിടക്കുന്നത്.
ഭരണകക്ഷിക്ക് തന്നെ വീണ്ടും എംഎൽഎയെ ലഭിച്ചിട്ടും റാന്നി പാലത്തിന്റെ നിർമ്മാണം കടലാസ്സിലും കോടതിയിലുമായി കിടക്കുകയാണ്. ഓരോ ശബരിമല കാലം വരുമ്പോഴും പാലം പണി ഉടൻ പൂർത്തിയാക്കുമെന്ന് ഭരണമുന്നണി നേതാക്കൾ പറയാറുണ്ടെങ്കിലും തൂണുകളെ നോക്കി നെടുവീർപ്പിടുകയാണ് റാന്നി നിവാസികൾ.
മറുനാടന് മലയാളി ബ്യൂറോ