- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലി നൽകാമെന്നും സിനിമയിൽ അവസരം നൽകാമെന്നും പറഞ്ഞ് കൊച്ചിയിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും ആരോപണം; പത്തു വർഷം മുമ്പ് നടന്ന സംഭവത്തിൽ സംവിധായൻ ബാലചന്ദ്രകുമാറിനെതിരെ പീഡന പരാതിയുമായി യുവതി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്ര കുമാറിനെതിരെ പീഡന പരാതി. കണ്ണൂർ സ്വദേശിനിയായ യുവതിയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. ജോലി വാഗ്ദാനം ചെയ്തുകൊച്ചിയിൽ വിളിച്ചു വരുത്തി. ഒരു ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടിൽ വെച്ച് പീഡിപ്പിച്ചു എന്നാണ് യുവതി പരാതിയിൽ പറയുന്നത്.
പത്തു വർഷം മുമ്പാണ് സംഭവം നടന്നത്. കണ്ണൂർ സ്വദേശിനിയായ 40 കാരിയാണ് പരാതിയുമായി രംഗത്തു വന്നത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തുവന്നയാളാണ് ബാലചന്ദ്രകുമാർ. 2011 ൽ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയപ്പോൾ പരിചയപ്പെട്ട സുഹൃത്ത് നൽകിയ ഫോൺനമ്പറിന്റെ അടിസ്ഥാനത്തിലാണ് ജോലി തേടി ബാലചന്ദ്രകുമാറിനെ വിളിച്ചത്. ജോലി നൽകാമെന്നും സിനിമയിൽ അവസരം നൽകാമെന്നും വാഗ്ദാനം നൽകി വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി പരാതിയിൽ പറയുന്നു.
പീഡിപ്പിച്ച വിവരം പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ, പീഡനദൃശ്യങ്ങൾ റെക്കോഡ് ചെയ്തെന്നും, പരാതി നൽകിയാൽ വീഡിയോ പുറത്തു വിടുമെന്നും ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു. ഇത്തരത്തിലുള്ള ഒരാൾ ചാനലുകളിലെത്തി നടിയുടെ നീതിക്ക് വേണ്ടി സംസാരിക്കുന്നത് കണ്ടപ്പോഴാണ് പരാതി നൽകാൻ തോന്നിയതെന്നും യുവതി പരാതിയിൽ പറയുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷയിലെ ഉത്തരവ് തിങ്കാളാഴ്ച രാവിലെ 10.15 ന് പ്രഖ്യാപിക്കാനിരിക്കേയാണ് ബാലചന്ദ്രകുമാറിനെതിരെ പീഡന പരാതി എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. ദിലീപിനെതിരെ ശക്തമായ വാദങ്ങളാണ് കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ കോടതിയിൽ നടത്തിയത്. പ്രതികൾക്കു സംരക്ഷണ ഉത്തരവു നൽകിയത് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും മുൻകൂർ ജാമ്യം നൽകിയാൽ ജനങ്ങൾക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപെടുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു.
നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടന്നത് ദിലീപിന്റെ മുൻ ഭാര്യ മഞ്ജു വാര്യരുടെ പേരിലുള്ള ഫ്ളാറ്റിലെന്ന് പ്രോസിക്യൂഷൻപറഞ്ഞിരുന്നു. ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ദിലീപെന്ന പ്രതിയുടെ ചരിത്രം കണക്കിലെടുക്കണമെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ പറഞ്ഞു.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ പീഡന ദൃശ്യങ്ങൾ കോടതിയിൽ നിന്നും ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട. സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകി. സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച അതിജീവിത ദൃശ്യം അനുമതിയില്ലാതെ തുറന്നത് ഞെട്ടിക്കുന്ന സംഭവമാണെന്ന് കത്തിൽ പറയുന്നു. ദൃശ്യം ചോർന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടെന്നും അതിജീവിത കത്തിൽ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ