തിരുവനന്തപുരം: തിരുവനന്തപുരത്ത് 23കാരിയായ യുവതിയ പീഡിപ്പിക്കാൻ ശ്രമിച്ച് ജനനേന്ദ്രിയം നഷ്ടമായ പന്മന ആശ്രമത്തിലെ സ്വാമിക്ക് യുവതിയുടെ മാതാവുമായി അടുത്ത ബന്ധം. മാതാവുമായുള്ള ബന്ധം മുതലെടുത്താണ് ഗംഗേശാനന്ദ തീർത്ഥപാദർ (54) വീട്ടിൽ കടന്നുകൂടിയതും പെൺകുട്ടിക്ക് നേരെ പീഡനശ്രമം തുടങ്ങിയതും. യുവതിയുടെ പരാതിയിൽ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്മയ്ക്കെതിരെ കേസെടുക്കാൻ പൊലീസ് തീരുമാനിച്ചു. ചോദ്യം ചെയ്യാനായി ഇവരെ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

യുവതിയെ പീഡിപ്പിക്കുന്നതിന് ഹരി സ്വാമിക്ക് മാതാവ് ഒത്താശ ചെയ്തു കൊടുത്തുവെന്നാണ് പൊലീസ് പറയുന്നത്. ഇപ്പോൾ പേട്ട പൊലീസ് സ്റ്റേഷനിലുള്ള യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഏഴ് വർഷമായി ഹരിസ്വാമി തന്നെ ഉപദ്രവിക്കുന്നുണ്ടെന്നും ഗതികെട്ടാണ് ഇത്ര കടുത്ത പ്രയോഗം നടത്തേണ്ടി വന്നതെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. 23 -കാരിയായ യുവതിയെ പ്ലസ് വണിൽ പഠിക്കുമ്പോൾ മുതൽ ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് മൊഴി.

കൊല്ലത്തെ ഒരു ആശ്രമത്തിൽ വർഷങ്ങൾക്ക് മുൻപ് പൂജയ്ക്കും പ്രാർത്ഥനയ്ക്കുമായി യുവതിയുടെ കുടുംബം എത്തിയപ്പോൾ ആണ് അവിടെ അന്തേവാസിയായ ഹരിസ്വാമി എന്ന ഗംഗേശാനന്ദ തീർത്ഥപാദം ഇവരുമായി അടുക്കുന്നത്. പിൻക്കാലത്ത് യുവതിയുടെ പിതാവ് രോഗബാധിതനായി കിടപ്പിലായതോടെ ഇയാൾ പൂജയ്ക്കും പ്രാർത്ഥനയ്ക്കുമായി ഇവരുടെ വീട്ടിലേക്ക് വന്ന് തുടങ്ങി. ഇതിനിടയിലാണ് ഇയാൾ പെൺകുട്ടിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചത്. ഇക്കാര്യം അറിഞ്ഞിട്ടും യുവതിയുടെ അമ്മ കാര്യമായി പ്രതികരിച്ചില്ലെന്നാണ് ആരോപണം. ഈ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് യുവതിയുടെ മാതാവിനെതിരെയും ഇപ്പോൾ അന്വേഷണം നടത്തുന്നത്.

ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. വീട്ടിൽ പതിവു സന്ദർശനം നടത്തിയിരുന്ന ഗംഗേശാനന്ദ തീർത്ഥപാദം ഇന്നലെ രാത്രി വീട്ടിലെത്തുമെന്ന് യുവതി അറിഞ്ഞിരുന്നു. തുടർന്ന് കത്തി കൈയിൽ കരുതി സൂക്ഷിക്കുകയായിരുന്നു. പിന്നീട് ഇയാൾ ഉപദ്രവിക്കാനെത്തിയപ്പോൾ ആണ് കത്തി ഉപയോഗിച്ച് ലിംഗം ഛേദിച്ചത്. രാത്രി 12.40-ഓടെയാണ് 54 വയസുകാരനായ ഹരിസ്വാമിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. ജനനേന്ദ്രിയം 90 ശതമാനവും മുറിഞ്ഞ് തൂങ്ങിയ അവസ്ഥയിലായിരുന്നു ഇയാൾ.

തിരിച്ച് തുന്നിച്ചേർക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ജനനേന്ദ്രിയമെങ്കിലും മൂത്രം പോകുന്നതിനും രക്തസ്രാവം നിയന്ത്രിക്കുന്നതിനുമായി പ്ലാസ്റ്റിക് സർജറി വിദഗ്ധരുടേയും യൂറോളജി വിദഗ്ധരുടേയും നേതൃത്വത്തിൽ ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇപ്പോൾ ഇയാളുടെ ആരോഗ്യനിലയിൽ മെച്ചമുണ്ട്. 15 വയസു മുതൽ പീഡനം പതിവാക്കിയ സ്വാമിക്കെതിരെ പോസ്‌കോ കുറ്റം ചുമത്തിയും കേസെടുത്തിട്ടുണ്ട്. യുവതിയ്‌ക്കെതിരെ ഇതുവരെ കേസൊന്നും പൊലീസ് രജിസ്റ്റർ ചെയ്തിട്ടില്ല. ആത്മരക്ഷയ്ക്കായി ചെയ്ത കൃത്യമെന്ന നിലയിലാണ് പൊലീസ് വിഷയം കൈകാര്യം ചെയ്യുന്നത്.