കാസർകോഡ്: കാസർകോഡ് സ്വദേശിനിയായ പൊതുപ്രവർത്തകയ്ക്ക് നേരെ ലൈംഗിക പീഡനം. ബലാത്സംഗം നടത്തിയ ശേഷം വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി വഞ്ചിക്കുകയും ചെയ്തു. പീഡനത്തിനിരയായ യുവതി പൊലീസിൽ നൽകിയ പരാതിന്മേൽ കേസെടുത്തെങ്കിലും പ്രതിയെ രക്ഷിക്കാൻ തിരക്കിട്ട നീക്കം നടക്കുകയാണിപ്പോൾ. കാസർകോഡ് അമ്പലത്തറ പെറൂർ സ്വദേശിയായ ജോതിഭവൻ കെ.മണികണ്ഠനെ(41)തിരെയാണ് പൊതുപ്രവർത്തകയായ യുവതിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ കേസ് എടുത്ത് ഒന്നര മാസമായിട്ടും പ്രതിക്കെതിരെ ചെറുവിരലനക്കാൻ പൊലീസിനും നിയമത്തിനും ഇതുവരെയും ആയിട്ടില്ല.

നിയമത്തിന്റെ പഴുതടക്കാൻ ഇവിടെയും പ്രതി ഉപയോഗപ്പെടുത്തിയിരിക്കുന്നത് ക്രിമിനലുകളുടെ കേന്ദ്രമായ സർക്കാർ മാനസിക രോഗ ആശുപത്രിയെയാണ്. 376, 406 ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി 82/16 ക്രൈം നമ്പർ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ കേസെടുത്തത് മുതൽ കോഴിക്കോട് കുതിരവട്ടം മാനസിക രോഗ ആശുപത്രിയിൽ വ്യജ സർട്ടിഫിക്കറ്റ് ഉണ്ടാക്കാനായി ചികിത്സയിൽ കഴിയുകയാണ്.

കുതിരവട്ടം ആശുപത്രി അധികൃതരുടെയും കേസന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് നിയമത്തിന്റെ മുന്നിൽ നിന്നും രക്ഷപ്പെടുത്താൻ പ്രതിയെ മാനസിക രോഗിയാക്കിയിരിക്കുന്നത്. പീഡനത്തിനിരയായ സ്ത്രീക്ക് ലഭിക്കേണ്ട പരിഗണനയോ മറ്റു നിയമ പരിരക്ഷയോ ഈ പൊതുപ്രവർത്തകക്ക് കിട്ടയിരുന്നില്ല. പ്രതിക്ക് വേണ്ട ഒത്താശകൾ ചെയ്യുന്നതോടൊപ്പം കേസ് അന്വേഷണം നടത്തുകയോ തെളിവുകൾ ശേഖരിക്കാനോ അന്വേഷണ ഉദ്യോഗസ്ഥൻ ഇതുരെയും തയ്യാറായിട്ടില്ല. വിവിധ കാരണങ്ങൾ പറഞ്ഞ് പ്രതിയുടെ മൊഴിയെടുക്കുന്നതിലും പൊലീസ് ഒളിച്ചോട്ടം നടത്തുകയാണ്.

വിവാഹ മോചിതയായ ശേഷം പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന യുവതി നീതി നിഷേധിക്കപ്പെടുന്നവരോടൊപ്പം നിലകൊണ്ട് പ്രവർത്തനം നടത്തി. കേരളം ഉറ്റുനോക്കിയ പല കേസുകളിലും നീതി ലഭിക്കും വരെ ഇടപെട്ടു. ഇക്കാലയളവിൽ പൊതുപ്രവർത്തനത്ത് ഉറച്ചു നിന്ന വനിതക്കുള്ള പല അംഗീകാരങ്ങളും അവാർഡുകളും യുവതിയെ തേടിയെത്തുകയുണ്ടായി. പൊതുപ്രവർത്തന രംഗത്തുള്ള നിരന്തരമായ ഇടപെടൽ പൊലീസിനും ഉന്നതരായ പലർക്കും ഇവർ കണ്ണിലെ കരടായി മാറി. പീഡനത്തിനിരയായി വഞ്ചിക്കപ്പെട്ട സ്ത്രീ പരാതി നൽകിയതോടെ ശത്രുക്കളെല്ലാം ഒരുമിച്ച് ഈ യുവതിക്കു നേരെ തിരിയുകയായിരുന്നു.

ഇതോടെ മാനസികവും ശാരീരികവുമായി ചൂഷണം ചെയ്യപ്പെട്ട സംഭവത്തിൽ യുവതിക്കു നീതി നിഷേധിക്കപ്പെടുന്ന അവസ്ഥയിലെത്തി നിൽക്കുകയാണിപ്പോൾ. കേസിൽ പ്രതി ചേർക്കപ്പെട്ട മണികണ്ഠൻ കാസർകോട്ടെ അറിയപ്പെടുന്ന ഒരു അഭിഭാഷകന്റെ ഡ്രൈവറായിരുന്നു. ഈ അഭിഭാഷകന്റെ ഓഫീസ് സ്റ്റാഫായിരുന്നു പരാതിക്കാരിയായ യുവതി. അഭിഭാഷകന്റെ മരണ ശേഷം കാഞ്ഞങ്ങാട് ടൗണിൽ ടാക്‌സി ഡ്രൈവറായിരുന്നു ഇയാൾ. പൊതുരംഗത്ത് യുവതി ഏറ്റെടുത്ത ഒരു കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി അഭിഭാഷകനെ കാണാൻ പോയപ്പോയായിരുന്നു യുവതിയെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയും പീഡനത്തിനിരയാക്കുകയും ചെയ്തത്.

ഏകദേശം രണ്ടര വർഷം മുമ്പായിരുന്നു ഒരു കുടുംബത്തിന്റെ നീതിക്കുവേണ്ടി ആ കുടുംബത്തോടൊപ്പം എറണാകുളത്ത് മണികണ്ഠന്റെ കാറിൽ പോയത്. അടുത്ത ദിവസം രാവിലെ വക്കീലിനെ കണേണ്ടതു കൊണ്ട് തലേദിവസം തന്നെ എറണാകുളത്ത് എത്തിയിരുന്നു. കൂടെയുണ്ടായിരുന്ന കുടുംബം ഒരുമുറിയിലും യുവതി മറ്റൊരു മുറിയിലും തങ്ങി. ഡ്രൈവർ മണികണ്ഠൻ കാറിലും കിടന്നു. എന്നാൽ അർദ്ധ രാത്രിയോടെ യുവതിയുടെ മുറിയുടെ വാതിൽ മുട്ടിത്തുറപ്പിക്കുകയും വാതിൽ തുറന്നയുടനെ യുവതിയെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി യുവതി നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

എന്നാൽ സംഭവം പുറത്തു പറയരുതെന്നും യുവതിയെ വിവാഹം കഴിക്കാമെന്നും ഇയാൾ ഉറപ്പ് നൽകി. അവിവാഹിതനായ മണികണ്ഠന്റെ ഉറപ്പ് വിശ്വസിച്ച യുവതി അന്ന് ഇയാൾക്കെതിരെ പരാതിപ്പെടുന്നതിൽ നിന്നും പിന്മാറി. വിവാഹ വാഗ്ദാനം നൽകി പല ബന്ധുവീടുകളിലും പിന്നീട് പോവുകയുണ്ടായി. മാത്രമല്ല, പിന്നീട് പലതവണ വിവാഹം കഴിക്കാമെന്ന പേരിൽ യുവതിയെ ശാരീരികമായി ചൂഷണം ചെയ്യുകയുമുണ്ടായി. 2014 ഒക്‌ടോബർ രണ്ടിന് ക്ഷേത്രത്തിൽ പോയി ആചാര പ്രകാരം പുടവ കൈമാറുകയും നിയമപ്രകാരമുള്ള വിവാഹം പിന്നീട് നടത്താമെന്നും ഇയാൾ യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. എന്നാൽ പിന്നെയും മാസങ്ങൾ കടന്നു പോയെങ്കിലും വിവാഹ കാര്യം പറയുമ്പോൾ ഇയാൾ ഒഴിഞ്ഞു മാറുകയായിരുന്നു.

വിവാഹത്തിനായി കൂടുതൽ നിർബന്ധിച്ചതോടെ ഇയാൾ തമിഴ്‌നാട്ടിൽ പോയി സെറ്റിലാകാമെന്നു പറഞ്ഞെങ്കിലും യുവതി ഇതിനു സമ്മതിച്ചില്ല. എന്നാൽ പിന്നീട് ഇയാൾ യുവതിയിൽ നിന്നും ഒളിച്ചോടുകയും നാടുവിട്ടു താമസിക്കുകയും ചെയ്തു. ലൈംഗിക ഉദ്ധേശത്തോടുകൂടിയായിരുന്നു താനുമായി ഇടപഴകിയിരുന്നതെന്ന് ബോധ്യപ്പെടുകയും താൻ വഞ്ചിക്കപ്പെട്ടിരിക്കുന്നതായി യുവതി തിരിച്ചറിഞ്ഞതോടെയാണ് 2016 ജനുവരി 26ന് കാസർകോഡ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി സമർപ്പിച്ചത്. തുടർന്ന് ഒരുമിച്ചു മുന്നോട്ടു പോകുമോയെന്ന് വനിതാ സെൽ കൗൺസിലിംങ് നടത്തിയെങ്കിലും ഇതിലും മണികണ്ഠൻ പങ്കെടുത്തിരുന്നില്ല. ഇതോടെ കേസെടുക്കാൻ എസ്‌പി ഉത്തരവിടുകയായിരുന്നു.

പീഡനക്കേസ് ചുമത്തി എഫ്.ഐ.ആർ ഇട്ടതുമുതൽ ഇയാൾ കുതിരവട്ടം ആശുപത്രിയിൽ മാനസിക രോഗമാണെന്ന വ്യാജേന ചികിത്സ തേടിയിരിക്കുകയാണ്. പ്രതിയുടെ പെരുമാറ്റെ സാധാരണ രീതിയിലാണെന്നും യാതൊരു രോഗ ലക്ഷണവും ഇല്ലെന്നെ ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും വ്യക്തമായിരുന്നു. എന്നാൽ ഇയാൾക്ക് യാതൊരു രോഗമില്ലെന്ന് ഡോക്ടർമാർക്ക് വ്യക്തമായിട്ടും ഇവരുടെ സ്വാധീനത്തിനു വഴങ്ങി ഇവിടെ കിടത്തി ചികിത്സിച്ചിരിക്കുകയാണ്. ഇതിനെതിരെ യുവതി പബ്ലിക് പ്രോസിക്യൂട്ടർക്കും ഉന്നത പൊലീസ് അധികാരികൾക്കും പരാതി നൽകിയിരിക്കുകയാണ്. അതേസമയം പ്രതി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചതായും പ്രതിയുടെ രോഗ വിവരങ്ങൾ കൈമാറാനും ഹൈക്കോടതി പൊലീസിനോട് നിർദേശിച്ചതായി അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ പ്രേമൻ പറഞ്ഞു.

എന്നാൽ പ്രതിയുടെ മൊഴി രേഖപ്പെടുത്താൻ ഇതുവരെയും പൊലീസിനു കഴിഞ്ഞിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ സമ്മതിക്കുന്നു. പ്രതിയെ ചികിത്സിക്കുന്ന ഡോക്ടറുടെ അനുമതിയില്ലെന്നാണ് വിശദീകരണം. സർക്കാർ മാനസികരോഗ കേന്ദ്രത്തിന്റെ മറവിലാണ് വലിയ ക്രിമിനലുകൾ ഒളിച്ചു കഴിയുന്നത്. ഇതോടെ നീതി നിഷേധിക്കപ്പെടുന്നത് നിരവധി പേരാണ്. നിരാലംബയും സാമൂഹ്യ പ്രവർത്തകയുമായ തന്നെ ക്രൂരമായി പീഡിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്ത പ്രതിയെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികയും നിയമ നടപടിക്ക് വിധേയമാക്കണമെന്നുമാണ് യുവതിയുടെ അപേക്ഷ.