കാസർഗോഡ്: മതപഠനത്തിനെത്തിയ യുവതിയെ നിരവധി തവണ ബലാൽസംഗം ചെയ്തതായി മതപണ്ഡിതനെതിരെ പൊലീസിൽ പരാതി. ഖുർ-ആൻ ക്ലാസിൽ എത്തിയിരുന്ന ഭർതൃമതിയായ യുവതിയെ പാലക്കാട് സ്വദേശിയായ മതപണ്ഡിതൻ കുഞ്ഞി മുഹമ്മദ് മൗലവി എന്ന അബു ഹന്നത്ത് ബലാൽസംഗം ചെയ്തുവെന്നാണ് കേസ്.

തളിപ്പറമ്പ് മന്നയിൽ താമസിക്കുന്ന മൗലവി ഭർതൃമതിയായ യുവതികൾക്ക് പ്രത്യേകമായി മതപഠന ക്ലാസ് നടത്തിയിരുന്നു. മതകാര്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചു വിട്ടശേഷം യുവതിയെ ലൈംഗിക വിചാരങ്ങൾ കുത്തിവച്ചെന്നും അങ്ങനെ ബലാൽസംഗത്തിന് ഇരയാക്കിയെന്നുമാണ് ആരോപണം. മൗലവിക്കെതിരെ കാസർഗോഡ് വിദ്യാ നഗർ പൊലീസ് കേസെടുത്തതോടെ ഇയാൾ ഒളിവിൽ പോയിരിക്കയാണ്.

വിവിധ പ്രായക്കാർക്കായി പ്രത്യേകം പ്രത്യേകമായാണ് ക്ലാസെടുക്കാറുള്ളത്. മതകാര്യങ്ങൾ പഠിപ്പിക്കുന്നതിനോടൊപ്പം അതിരു കവിഞ്ഞ രീതിയിൽ സ്ത്രീ പുരുഷ ബന്ധങ്ങളെക്കുറിച്ചും ഇയാൾ പതിവായി പരാമർശം നടത്താറുണ്ട്. എന്നാൽ ഇതൊന്നും ഇയാൾ ജോലി ചെയ്തിരുന്ന മസ്ജിദിന്റെ ഭാരവാഹികൾ അറിഞ്ഞിരുന്നില്ല. സ്ത്രീകളെ വശീകരിക്കാനുള്ള പ്രത്യേക കഴിവും ഇയാൾക്കുണ്ടായിരുന്നുവെന്ന് പറയുന്നു. ക്ലാസിൽവച്ചുള്ള പരിചയം വളർന്ന് ഭർത്താവ് സ്ഥലത്തില്ലാത്ത വീടുകളിൽ ഈ മതപണ്ഡിതൻ തക്കം നോക്കിയെത്താറുണ്ടെന്നും അങ്ങനെ ചിലർ ഇയാളുടെ ഇംഗിതത്തിന് വഴങ്ങേണ്ടിവന്നതായും വിവരമുണ്ട്. ഒരു മാസം മുമ്പ് മറ്റൊരു ഭർതൃമതിയുടെ വീട്ടിലെത്തിയ പണ്ഡിതന്റെ കാർ ഒരു സംഘം യുവാക്കൾ തകർത്തിരുന്നു. എന്നാൽ കാർ തകർത്ത സംഭവത്തിൽ മൗലവി പൊലീസിൽ പരാതി നൽകിയില്ല. നാട്ടുകാർ പിന്നീട് പ്രതികരിച്ചുമില്ല.

മുപ്പത്തഞ്ചുകാരിയായ യുവതിയെ അവരുടെ വീട്ടിൽ വച്ചും വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയും പീഡിപ്പിച്ചതായി അവർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മതപഠന ക്ലാസിലെ സ്ത്രീപഠിതാക്കളെ ഏതൊക്കെ ക്ലാസിൽ ഇരുത്തണമെന്ന് മൗലവി തന്നെയാണ് തീരുമാനിക്കാറ്. തനിക്കു വേണ്ടുന്ന ഇരകളെ പ്രത്യേക ബാച്ചിലിരുത്തി മതപഠന ക്ലാസ് ആരംഭിക്കുകയാണ് പതിവ്. ഖുർ-ആൻ പഠനത്തിൽ ആരംഭിച്ച് ലൈംഗികതെയെക്കുറിച്ചുള്ള വിഷയങ്ങൾ വരെ ക്ലാസിൽ പരാമർശങ്ങളാകും.

ചിലർ ഇക്കാര്യത്തിൽ സംശയം പ്രകടിപ്പിക്കാറുണ്ടെങ്കിലും മനുഷ്യ ജീവിതത്തിലെ അത്യന്താപേക്ഷിതമായ കാര്യമാണ് ലൈംഗികതയെന്നും അതേക്കുറിച്ച് നല്ല അറിവുണ്ടാകണമെന്നും മൗലവി ഉദ്‌ബോധനം നടത്തും. അതിന് കൂട്ടായി ഇസ്ലാമിക ഗ്രന്ഥത്തിൽ ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങൾ ഉദ്ധരിക്കും. ഈ ക്ലാസുകളിൽ സംശയമുന്നയിക്കുന്നവെര മൗലവി പ്രത്യേകമായി നോട്ടമിടും. അങ്ങനെയുള്ളവർക്ക് പ്രത്യേകമായി ക്ലാസ് നടത്തും. അത്തരക്കാരാണ് മൗലവിയുടെ പിടിയിൽ അകപ്പെടുന്നത്. പീഡനം ആരോപിച്ച് യുവതി പൊലീസിൽ പരാതി നൽകിയതോടെ ഒളിവിൽ പോയ കുഞ്ഞി മുഹമ്മദ് മൗലവിക്കെതിരെ പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.