കോതമംഗലം: തന്നെ ബലാൽക്കാരം ചെയ്‌തെന്നും കബളിപ്പിച്ചെന്നും ആരോപിച്ച് കോതമംഗലം കോഴിപ്പിള്ളി സ്വദേശിയായ റട്ടേർഡ് ഡിവൈഎസ്‌പി പിജെ ജോസിനെതിരെ കൂടെ താമസിച്ചുവരുന്ന സ്ത്രീ കോടതിയിൽ.

കോട്ടയം സ്വദേശിനിയായ സാലി തോമസ്സാണ് അഡ്വക്കേറ്റ് അഞ്ജലി ചെറിയാൻ മുഖേന കോതമംഗലം കോടതിയെ സമീപിച്ചിട്ടുള്ളത്. ഹർജിയിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ കോടതി കോതമംഗലം പൊലീസിന് നിർദ്ദേശം നൽകി.സംഭവം സംമ്പന്ധിച്ച് അന്വേഷണം നടത്തി വരികയാണെന്ന് കോതമംഗലം സിഐ വിറ്റി ഷാജൻ അറിയിച്ചു.

മാട്രിമോണിയലിൽ കണ്ട പരസ്യത്തിന്റെ അടിസ്ഥാനത്തിലാണ് ബാംഗ്ലൂരിൽ ജോലിയുമായി കഴിഞ്ഞിരുന്ന താൻ ജോസുമായി പരിചയത്തിലാവുന്നതെന്നു സാലി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. നിലവിലെ വിവാഹബന്ധം വേർപെടുത്തിയെന്നാണ് വിശ്വസിപ്പിച്ചത്. വിവാഹം കഴിക്കാമെന്ന ഉറപ്പിലാണ് തന്നെ കൂടെ താമസിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു.

നോട്ടറിയുടെ മുമ്പിൽ ഭാര്യഭർത്താക്കന്മാരായി ജീവിക്കാമെന്നുള്ള ഒരു കരാറാല്ലാതെ ഇതുവരെ പള്ളിയിൽവച്ച് തന്നെ മിന്നുകെട്ടാൻ ജോസ് തയ്യാറായിട്ടില്ലെന്നും മുൻഭാര്യയുമായുള്ള ബന്ധം ജോസ് രേഖാമൂലം വേർപെടുത്തിയിട്ടില്ലന്നും ഇക്കാര്യം മറച്ച് വച്ച തന്നേ കബളിപ്പിക്കുകയായിരുന്നെന്നും പരാതിയിൽ ഇവർ ആരോപിക്കുന്നു.

ഡിവൈഎസ്‌പിയായിട്ടാണ് റിട്ടയർ ചെയ്തതെങ്കിലും ഇയാൾ നെയിംകാർഡിലും മറ്റും എഴുതുന്നത് റിട്ടേർഡ് എസ്‌പി എന്നാണെന്നും യോഗ്യതയായി എംഎ, എൽഎൽബി രേഖപ്പെടുത്തുന്നതായി അറിവിൽപെട്ടിട്ടുണ്ടെന്നും ഇതിനും പുറമേ ഇയാൾ യുകെയിൽവച്ചും 2015-ൽ കേരളത്തിൽ സപെഷ്യൽ മാര്യേജ് ആക്ട് പ്രകാരവും വിവാഹം കഴിച്ചതായി സൂചന ലഭിച്ചതായും അഭിഭാഷക വ്യക്തമാക്കി.

സാലിയുടെ പരാതി കെട്ടിച്ചമച്ചതാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തൽ. പകുതി സ്വത്ത്് എഴുതി നൽകിയ ശേഷമാണ് സാലി ജോസിനൊപ്പെ ജീവിക്കാൻ തയ്യാറായതെന്നും ഇവർ തമ്മിലുള്ള പതിവ് കുടുംമ്പ പ്രശനങ്ങൾ ആയിരിക്കാം പരാതിക്ക് കാരണമെന്നുമാണ് പൊലീസിന്റെ വിശദീകരണം.