കൊച്ചി: കോഴിക്കോട് സ്വദേശിനിയായ നടിയുടെ പരാതിപ്രകാരം കേസെടുത്തതിനു പിന്നാലെ നടനും നിർമ്മാതാവുമായ വിജയ് ബാബു ഒളിവിലെന്ന് പൊലീസ്. വിജയ് ബാബുവിനെ ഇതുവരെ പൊലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഫോണിൽ ആക്ടീവായ നടൻ വിദേശത്തേക്ക് കടന്നുവെന്നാണ് അറിയുന്നത്. അതേസമയം പീഡനക്കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ പൊലീസ് ഒരു കേസ് കൂടി എടുക്കും. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു വിജയ് ബാബു ഫേസ്‌ബുക്ക് ലൈവിലെത്തി പീഡനക്കേസിലെ പരാതിക്കാരിക്കെതിരെ സംസാരിച്ചത്. ലൈവിൽ ഇരയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്മേൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യും.

കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ വിജയ് ബാബുവുമായി പൊലീസ് ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഗോവയിലാണ് എന്ന മറുപടിയാണ് പൊലീസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക പൊലീസ് സംഘം ഗോവയിൽ പോയി അന്വേഷിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പിന്നീട് പ്രതിയുമായി ബന്ധപ്പെടാൻ പൊലീസിന് സാധിച്ചിട്ടുമില്ല. വിജയ് ബാബുവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ളവയുടെ സഹായത്താലാണ് പൊലീസിന്റെ അന്വേഷണം നടക്കുന്നത്.

കൊച്ചിയിലെ ഫ്‌ളാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയിലെ ആരോപണം. ഈ മാസം 22നാണ് യുവതി എറണാകുളം സൗത്ത് പൊലീസിൽ പരാതി നൽകിയത്. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ,ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

പരാതി വാർത്തയായതിന് പിന്നാലെ തെറ്റ് ചെയ്തിട്ടില്ലെന്ന വിശദീകരണവുമായി വിജയ്ബാബു ഫേസ്‌ബുക്ക് ലൈവിലൂടെ രംഗത്തുവന്നു. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയായിരുന്നു ലൈവ്. താൻ തെറ്റ് ചെയ്യാത്തതിനാൽ കേസ് ഭയക്കുന്നില്ലെന്നായിരുന്നു വിജയ് ബാബുവിന്റെ വിശദീകരണം. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബു അതിനുള്ള കേസ് നേരിടാൻ തയ്യാറാണെന്നും ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞു. പരാതിക്കാരിക്കും കുടുംബത്തിനുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും യഥാർഥ ഇര താനാണെന്നും വിജയ് ബാബു പറഞ്ഞു.

ബലാത്സംഗകേസിലെ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. ഇപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്ത് പറയാനാകില്ലെന്നും അന്വേഷണം പൂർത്തിയാക്കിയതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്ത് പറയാൻ സാധിക്കുകയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ വിജയ് ബാബു ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. വിജയ് ബാബു കേരളത്തിലില്ല എന്നും സംസ്ഥാനം വിട്ടു എന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേരളത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക ടീം വിജയ് ബാബുവിനെ തിരഞ്ഞുകൊണ്ടുള്ള അന്വേഷണത്തിലാണ്. വിജയ് ബാബു ഗോവയിലെത്തിയിട്ടുണ്ട് എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഗോവയിലെത്തിയിരുന്നു. എന്നാൽ പൊലീസ് അവിടെ എത്തിയപ്പോഴേക്കും വിജയ് ബാബു കടന്നുകളഞ്ഞതായി മീഡിയ വൺ റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഗോവക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ജനങ്ങൾക്ക് സുപരിചിതനായ ആളായതുകൊണ്ട് അധികകാലം വിജയ് ബാബുവിന് ഒളിവിൽ കഴിയാനാവില്ലെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം മുൻകൂർ ജാമ്യത്തിന് വിജയ് ബാബു ശ്രമം തുടങ്ങിയെന്ന് സൂചനയുണ്ട്. താര സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമാണ് വിജയ് ബാബു. കേസെടുത്ത സാഹചര്യത്തിൽ വിജയ് ബാബുവിനെ സംഘടനയിൽ നിന്ന് പുറത്താക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായതോടെ ദിലീപിനെ സംഘടനയിൽ നിന്നും മാറ്റിയിരുന്നു. ഇത് ഏറെ ചർച്ചയായിരുന്നു.

അമ്മ തെരഞ്ഞെടുപ്പിൽ വിജയ് ബാബു വിമതനായാണ് മത്സരിച്ച് ജയിച്ചത്. മോഹൻലാലിന്റെ പാനലിനെ തോൽപ്പിച്ചാണ് ജയിച്ചത്. എന്നാൽ ജയിച്ച ശേഷം മോഹൻലാലിനോട് ചേർന്ന് പ്രവർത്തിക്കുകയായിരുന്നു വിജയ് ബാബു. അതുകൊണ്ട് തന്നെ അമ്മ എടുക്കുന്ന നിലപാട് നിർണ്ണായകമാകും. ചുരുക്കം സിനിമയിൽ അഭിനയിച്ച നടി ഒരു സിനിമയിൽ നായികയായും അഭിനയിച്ചിട്ടുണ്ട്.