കണ്ണൂർ: ഗൾഫിൽ ജോലി ചെയ്യുമ്പോൾ വിവാഹ വാഗ്ദാനം നൽകി ലൈംഗിക ചൂഷണത്തിനിരയാക്കുകയും പലപ്പോഴായി അഞ്ച് ലക്ഷം രൂപയും അഞ്ച് പവൻ സ്വർണ്ണവും കവരുകയും ചെയ്‌തെന്ന പരാതിയിൽ കാങ്കോൽആലക്കാട് സ്വദേശിയ്‌ക്കെതിരെ പെരിങ്ങോം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടും തുടർ നടപടി സ്വീകരിക്കുന്നില്ലെന്ന് തിരുവനന്തപുരം സ്വദേശിനിയായ യുവതി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

അലക്കാട് കാങ്കോലിലെ മാവില വീട്ടിൽ രജീഷിനെതിരെയാണ് ജനുവരി 28ന് പെരിങ്ങോം പൊലീസ് ഇന്ത്യൻ ശിക്ഷ നിയപ്രകാരം 376(2), 420 വകുപ്പ് പ്രകാരം കേസെടുത്തിട്ടും അറസ്റ്റ് ചെയ്യാൻ തയ്യാറാവുന്നില്ലെന്നും യുവതി ആരോപിച്ചു. രജീഷിന് മുൻകൂർ ജാമ്യം കിട്ടാൻ പെരിങ്ങോം പൊലീസിലെ ചിലർ ശ്രമിക്കുകയാണ്.

2021 ഓക്ടോബർ മുതൽ ഡിസംബർ വരെ ഷാർജയിൽ വച്ചാണ് പലപ്പോഴായി പീഡിപ്പിച്ചത്. ഭാര്യയയുമായി വിവാഹ മോചനം നേടിയെന്നും കല്യാണം കഴിക്കുമെന്നും ഉറപ്പ് നൽകിയാണ് തന്റെ ഫ്‌ളാറ്റിൽ ഒന്നിച്ച് കഴിഞ്ഞത്. ഇതിനിടെ അവിടെ വച്ച് മറ്റു സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചത് ചോദിച്ചപ്പോൾ തന്നെ ക്രൂരമായി മർദിച്ചു.

ഇതിനിടെ പണവും സ്വർണ്ണവും വാങ്ങി നാട്ടിലേക്ക് മുങ്ങുകയും ചെയ്യുകയായിരുന്നു. ചതിക്കണം എന്ന ലക്ഷ്യത്തോടെയാണ് താനുമായി ബന്ധം സ്ഥാപിച്ചതെന്നും യുവതി ആരോപിച്ചു. ഷാർജയിൽ തന്റെ അടുത്ത ഫ്‌ളാറ്റിൽ താമസിച്ചിരുന്ന രജീഷ് മറ്റൊരു യുവതിയുമായുള്ള ബന്ധം താൻ ചോദ്യം ചെയ്തതിന് ഫ്‌ളാറ്റിൽ കയറി മർദ്ദിക്കുകയും തനിക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തുവെന്ന് യുവതി ആരോപിച്ചു.

ഇയാൾ തന്നെ ചതിച്ചതു കാരണം ഗൾഫിലെ ജോലിയും പോയി. താമസിക്കുന്ന ഫ്‌ളാറ്റും കൈ വെടിയേണ്ടിവന്നു. തന്നെ ചതിച്ചയാൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർക്ക് പരാതി നൽകിയതായും യുവതി അറിയിച്ചു.