- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലാത്സംഗ കേസിൽ മലയിൻകീഴ് എസ്എച്ച്ഒയ്ക്കെതിരെ നടപടി; പീഡിപ്പിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയിൽ സ്റ്റേഷൻ ചുമതലയിൽ നിന്നും ഒഴിവാക്കി; പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റം; കേസ് അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറി
തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിയായ മലയിൻകീഴ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ എ.വി.സൈജുവിനെതിരെ നടപടി. ബലാത്സംഗപരാതിയെ തുടർന്ന് സൈജുവിനെ പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്. കേസിൽ പ്രതിയായ സൈജു നിലവിൽ അവധിയിലാണ്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന വനിതാ ഡോക്ടറുടെ പരാതിയിലാണ് സൈജുവിനെതിരെ കേസ് എടുത്തിരിക്കുന്നത്. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡണ്ട് കൂടിയാണ് സൈജു. തുടക്കത്തിൽ സസ്‌പെൻഷൻ ഒഴിവാക്കിയത് അസോസിയേഷൻ നേതാവെന്ന നിലയിൽ കൂടിയാണ്.
ഭർത്താവിനൊപ്പം വിദേശത്തു കഴിയുകയായിരുന്ന വനിതാ ഡോക്ടർ നാട്ടിലെത്തിയപ്പോഴാണ് സൈജുവുമായി പരിയപ്പെട്ടത്. പരാതിക്കാരി തന്റെ പേരിലുള്ള കടകൾ മറ്റൊരാൾക്ക് വാടകയ്ക്കു നൽകിയിരുന്നു. വാടകക്കാരുമായുള്ള തർക്കം പരിഹരിക്കാൻ മലയിൻകീഴ് സ്റ്റേഷനിലെത്തിയപ്പോഴാണ് എസ്‌ഐയായിരുന്ന സൈജുവിനെ പരിചയപ്പെടുന്നത്.
സൈജു വിവാഹിതനാണ്. 2019ൽ ഒരു ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമിക്കുമ്പോൾ വീട്ടിലെത്തിയ സൈജു പീഡിപ്പിച്ചുവെന്നാണ് പരാതി. പീഡന വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് പലപ്പോഴും വീട്ടിലെത്തി പീഡിപ്പിച്ചു. പണം കടംവാങ്ങി. വിവാഹ വാഗ്ദാനം നൽകുകയും ചെയ്തു. സൈജുമായുള്ള ബന്ധമറിഞ്ഞപ്പോൾ യുവതിയുടെ വിവാഹ ബന്ധം വേർപ്പെട്ടു. വിദേശത്തേക്ക് തിരിച്ചു പോകാനും കഴിഞ്ഞില്ല.
ഭാര്യയുമായി വേർപിരിഞ്ഞുവെന്നും വിവാഹം കഴിക്കുമെന്നും പറഞ്ഞ് പല വർഷങ്ങൾ കബളിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. കഴിഞ്ഞ ഡിസംബറിൽ വീട്ടിലെത്തി വീണ്ടും ശാരീരികബന്ധത്തിന് നിർബന്ധിച്ചുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. സിഐയുടെ ബന്ധുക്കൾ വിവരം അറിഞ്ഞപ്പോൾ തന്നെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് പരാതി നൽകിയതെന്ന് യുവതി പറഞ്ഞു. റൂറൽഎസ്‌പിക്ക് ആദ്യം പരാതി നൽകിയെങ്കിലും സ്വീകരിച്ചില്ല. പൊലീസ് നിസ്സഹകരണം പുറത്തായതോടെ ശനിയാഴ്ച രാത്രി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ കേസെടുത്തു. അന്വേഷണം നെടുമങ്ങാട് ഡിവൈഎസ്‌പിക്ക് കൈമാറി. അന്വേഷണം ക്രൈം ബ്രാഞ്ചിലേക്ക് മാറും.
അബുദാബിയിൽ നിന്ന് നാട്ടിലെത്തിയ യുവതിയാണ് പരാതിക്കാരി. ലോട്ടറി കടക്കാരിയെ ഒഴിപ്പിക്കാനുള്ള പരാതിയുമായാണ് യുവതി പൊലീസ് സ്റ്റേഷനിൽ ആദ്യം എത്തുന്നത്. ഈ പ്രശ്‌നത്തിനിടെയാണ് യുവതിയിൽ നിന്നും സിഐ മൊബൈൽ നമ്പർ വാങ്ങിയതെന്നാണ് പരാതിയിൽ പറയുന്നത്. പ്രശ്‌നം പരിഹരിച്ച ശേഷം ട്രീറ്റ് വേണമെന്ന് ആവശ്യപ്പെട്ടു. ഈ സമയം ചികിൽസയുമായി ബന്ധപ്പെട്ട സർജറിക്ക് ശേഷം യുവതിയെ വീട്ടിലാക്കി ഭർത്താവ് വിദേശത്തേക്ക് മടങ്ങിയിരുന്നു. ഈ സമയത്താണ് സിഐ വീട്ടിലെത്തിയത്.
2019 ഒക്ടോബറിലായിരുന്നു ആദ്യ പീഡനം. ട്രീറ്റിന് എന്നു പറഞ്ഞു വന്ന ശേഷം വൈകാരിക സംഭാഷണത്തിലൂടെ യുവതിയെ കീഴ്‌പ്പെടുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.സർജറി കഴിഞ്ഞുള്ള ശാരീരിക പ്രശ്‌നങ്ങൾ പറഞ്ഞിട്ടും കേട്ടില്ല. ബലപ്രയോഗത്തിലൂടെയായിരുന്നു ആദ്യ പീഡനം. പിന്നീട് പലവട്ടം അത് തുടർന്നു. ഭാര്യയുമായി പിണക്കത്തിലാണെന്നും ഭാര്യയുമായി വിവാഹ ബന്ധം വേർപെടുത്തിയ ശേഷം വിവാഹം കഴിക്കാമെന്നും വാഗ്ദാനം ചെയ്തു പീഡനം തുടർന്നു.
സിഐയുടെ ഇടപെടൽ കാരണം കുടുംബ ബന്ധം തകർന്നു. ഭർത്താവ് ഉപേക്ഷിച്ചെന്നും പരാതിയിൽ പറയുന്നു. കൊല്ലത്തെ ബാങ്കിൽ നിന്നും പണം പിൻവലിച്ചതും നോമിനിയായി സിഐയെ ആക്കിയതും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരാതിയിൽ പറയുന്നുണ്ട്. ഇതിനിടെ ഇയാളുടെ ഭാര്യ ഭീഷണിയുമായെത്തി. പല ഫോണിൽ നിന്ന് വാട്‌സാപ്പ് ഓഡിയോ പോലും അയച്ചെന്നും യുവതി പറയുന്നു.
പരാതിയുടെ മറ്റ് വിശദാംശങ്ങൾ
ഭർത്താവ് വിദേശത്താണ്. കടമുറികൾ ഒഴിപ്പിക്കുന്നതിന് 2019 ആഗസ്റ്റിൽ മലയിൻകീഴ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയപ്പോഴാണ് അന്ന് എസ്ഐയായിരുന്ന എ.വി.സൈജുവിനെ പരിചയപ്പെട്ടത്. പരാതി പരിഹരിച്ച സൈജു, ഡോക്ടറുടെ ഫോൺനമ്പർ വാങ്ങി സൗഹൃദമുണ്ടാക്കി.
പ്രശ്‌നം പരിഹരിച്ചതിന് ചെലവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 2019 ഒക്ടോബറിൽ രാത്രിയിൽ വീട്ടിലെത്തി. ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമത്തിലായിരുന്ന ഡോക്ടറെ ബലപ്രയോഗം നടത്തി പീഡിപ്പിക്കുകയായിരുന്നു. പുറത്തുപറയരുതെന്ന് കാലുപിടിച്ച ഇയാൾ ഭാര്യയുമായി നിലവിൽ ബന്ധമില്ലെന്നും തന്നെ സംരക്ഷിക്കാമെന്നും ഉറപ്പുനൽകി. പിന്നീട് നിരന്തരം വീട്ടിലെത്തി നിർബന്ധിച്ച് പീഡിപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഭർത്താവ് ഡോക്ടറെ ഉപേക്ഷിച്ചു. കൊല്ലത്തെ ബാങ്കിലെ 12ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം നിർബന്ധിച്ച് പിൻവലിപ്പിച്ച് പള്ളിച്ചൽ ഫാർമേഴ്സ് സഹകരണ ബാങ്കിലേക്ക് മാറ്റുകയും അവകാശിയായി സൈജുവിന്റെ പേര് വയ്ക്കുകയും ചെയ്തു. ശബരിമല ഡ്യൂട്ടികഴിഞ്ഞ് ജനുവരി 24ന് വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചു. ജനുവരി 28ന് ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കാൻ ശ്രമിച്ച സിഐ സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി.
ഇതേത്തുടർന്ന് രക്തസമ്മർദ്ദം വർദ്ധിച്ച് താൻ ആശുപത്രിയിലായി. വിവാഹം കഴിഞ്ഞ് പത്തുവർഷമായെങ്കിലും കുട്ടികളില്ലാത്തതിന്റെ ചികിത്സയ്ക്കായാണ് ഡോക്ടർ നാട്ടിലെത്തിയത്. പത്തനംതിട്ടയിലെ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. മാതാപിതാക്കൾ മരിച്ച തന്നെ ഭർത്താവ് ഉപേക്ഷിച്ചെന്നും സിഐ ചതിച്ചതായും ഡോക്ടറുടെ പരാതിയിലുണ്ട്. സംഭവത്തിൽ തനിക്ക് ജീവന് ഭീഷണിയുള്ളതായും സിഐക്ക് ക്രിമിനലുകളുമായി ബന്ധമുണ്ടെന്നും പരാതിക്കാരി പറഞ്ഞു. സർക്കാരിലും പാർട്ടിയിലും പിടിപാടുള്ളതിനാൽ ഏറിയാൽ രണ്ടുമാസത്തെ സസ്‌പെൻഷനുശേഷം തിരിച്ചെത്തുമെന്ന് സിഐ തന്റെ ബന്ധുക്കളോട് ഭീഷണിപ്പെടുത്തി.
രണ്ടരലക്ഷം രൂപ തന്റെ പക്കൽ നിന്ന് വാങ്ങിയിട്ടുണ്ട്. എൽഎൽ.ബിക്ക് പഠിക്കുന്ന സിഐ ഫീസടയ്ക്കാൻ അരലക്ഷവും ഭാര്യയുടെ പിതാവിൽ നിന്ന് വാങ്ങിയ കടം തിരികെ നൽകാനും പണം വാങ്ങിയിട്ടുണ്ടെന്ന് പരാതിക്കാരി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ