കൊച്ചി: ശ്രീലങ്കയിൽ നിന്നും കടുത്ത നെഞ്ചുവേദനയും അനിയന്ത്രിതമായ രക്തസമ്മർദ്ദവുമായി എയർ ആംബുലൻസിൽ ആസ്റ്റർ മെഡ്‌സിറ്റിയിൽ എത്തിച്ച രോഗിയുടെ ജീവൻ ഫ്രോസൺ എലിഫന്റ് ട്രങ്ക് (എഫ്ഇറ്റി) സ്റ്റെന്റ് ഗ്രാഫ്റ്റ് ഉപയോഗിച്ചുള്ള അപൂർവവും അതിസങ്കീർണവുമായ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു. ശ്രീലങ്കയിലെ കൊളംബോ സ്വദേശി ഷെയ്ൻ ബെർണാഡ് ക്രോണർ എന്ന 59 കാരനിലാണ് സങ്കീർണ ശസ്ത്രക്രിയ നടത്തിയത്.

ശ്രീലങ്കയിലെ പ്രാദേശിക ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തിന്റെ രക്തസമ്മർദ്ദം അനിയന്ത്രിതമായി തുടരുകയും ജീവന് തന്നെ ഭീഷണിയാവുകയും ചെയ്ത സാഹചര്യത്തിലാണ് ആസ്റ്റർ മെഡ്‌സിറ്റിയിലെ കൺസൾട്ടന്റ് ഇന്റർവെൻഷണൽ റേഡിയോളജസിറ്റ് ഡോ. രോഹിത് നായർക്ക് രോഗിയുടെ സിടി സ്‌കാൻ റിപ്പോർട്ട് ഉൾപ്പെടെ അയച്ചുനൽകിയത്. സിടി സ്‌കാൻ റിപ്പോർട്ട് പരിശോധിച്ച ആസ്റ്റർ മെഡ്‌സിറ്റിയിലെ ഡോക്ടർമാർ രോഗിയുടെ ശരീരത്തിലെ ഏറ്റവും വലിയ രക്തധമനിയായ അയോട്ടയുടെ ആന്തരിക പാളിയിൽ മുറിവുണ്ടാകുന്ന അയോട്ടിക് ഡിസെക്ഷൻ എന്ന ഗുരുതരാവസ്ഥയാണെന്ന് സ്ഥിരീകരിച്ചു. ഈ മുറിവുകൾ രോഗിയുടെ ഹൃദയത്തിലേക്കുള്ള രക്തധമനിയിലേക്ക് വ്യാപിക്കുന്നതായും കണ്ടെത്തി.

തുടർന്ന് ചികിത്സ നിശ്ചയിക്കാനായി ആസ്റ്റർ മെഡ്‌സിറ്റിയിലെ കാർഡിയോതൊറാസിക് ആൻഡ് വാസ്‌കുലർ സർജറി (സിടിവി എസ്) വിഭാഗം തലവനായ ഡോ. മനോജ് നായർ, സിടിവി എസ് ഇന്റൻസിവ് കെയർ സീനിയർ കൺസൾട്ടന്റ് ലീഡ് ഡോ. സുരേഷ് ജി. നായർ, കൺസൾട്ടന്റ് ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റ് ഡോ. രോഹിത് നായർ, എമർജൻസി വിഭാഗം (ഇഡി) കൺസൾട്ടന്റ് ഡോ. ജോൺസൺ എന്നീ ഡോക്ടർമാരെ ഉൾപ്പെടുത്തി മെഡിക്കൽ സംഘം രൂപീകരിച്ചു. രോഗിയെ ഉടൻ തന്നെ ആസ്റ്റർ മെഡ്‌സിറ്റിയിലേക്ക് എത്തിക്കാൻ മെഡിക്കൽ സംഘം നിർദ്ദേശം നൽകി. എന്നാൽ കൊളംബോയിൽ കോവിഡ് 19 വ്യാപനത്തെ തുടർന്നുള്ള കടുത്ത നിയന്ത്രണങ്ങൾ മൂലം രോഗിയെ കൊച്ചിയിലേക്ക് എത്തിക്കുന്നത് ബുദ്ധിമുട്ടായിരുന്നു. ഉടൻ തന്നെ ഇന്റർനാഷണൽ ക്രിറ്റിക്കൽ കെയർ എയർ ട്രാൻസ്ഫറിലെ (ഐസിസിഎടി) ഡോ. രാഹുൽ സിംഗിനെ ബന്ധപ്പെടുകയും രോഗിയെ ആസ്റ്റർ മെഡ്‌സിറ്റിയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

എയർ ആംബുലൻസിൽ ആസ്റ്റർ മെഡ്‌സിറ്റിയിൽ എത്തിച്ച രോഗിയെ വീണ്ടും സിടി സ്‌കാനിന് വിധേയമാക്കിപ്പോൾ രോഗിയുടെ വലത്തെ വൃക്കയിലേക്കും കുടലിലേക്കുമുള്ള രക്തയോട്ടത്തിന് ഭീഷണിയായി തൊറാസിക് അയോട്ടയിലെ യഥാർഥ രക്തനാളിയെ ദുർബലമാക്കികൊണ്ട് മറ്റൊരു നാളി വികസിച്ചു വരുന്നതായി കണ്ടെത്തി. വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ അടങ്ങുന്ന അടിയന്തരയോഗം ചേർന്ന് രോഗിയുടെ ജീവൻ രക്ഷിക്കാൻ ഫ്രോസൺ എലിഫന്റ് ട്രങ്ക് (എഫ്ഇറ്റി) സ്റ്റെന്റ് ഗ്രാഫ്റ്റ് ഉപയോഗിച്ചുള്ള പ്രക്രിയ മാത്രമാണ് പോംവഴിയെന്ന് വിലയിരുത്തി.

രോഗിയുടെ തുടയിലെ രക്തധമനിയിലൂടെ അയോട്ടയിലെ യഥാർഥ രക്തനാളിയിലേക്ക് ഒരു വയർ കടത്തിവിട്ട് അതിനെ സംരക്ഷിച്ച് നിർത്തുകയും രോഗിയുടെ അവയവങ്ങളിലേക്കുള്ള രക്തയോട്ടം തടസ്സമില്ലാതെ നിലനിർത്തുകയും ചെയ്തതിന് ശേഷം ആനയുടെ തുമ്പിക്കൈയുടെ ആകൃതിയിലുള്ള ഗ്രാഫ്റ്റ് അയോട്ടയിൽ ഘടിപ്പിക്കുകയുമാണ് ചെയ്തത്. രോഗിയുടെ ശരീരം പൂർണമായും ശീതീകരിച്ചാണ് (ഹൈപ്പോതെർമിയ ടെക്‌നിക്ക്) 14 മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തിയത്. സിടിവി എസ് സർജന്മാരായ ഡോ. മനോജ് നായർ, ഡോ. ജോർജ് വർഗീസ് കുര്യൻ എന്നിവരെ കൂടാതെ ഡോ. രോഹിത് നായർ, ഡോ. സുരേഷ് ജി. നായർ, ഡോ. ജോയെൽ, ഡോ. അനുപമ എന്നിവർ അടങ്ങുന്ന മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ ചെയ്തത്. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ പ്രധാന അവയവങ്ങളെല്ലാം തന്നെ ശരിയായി പ്രവർത്തിച്ചു തുടങ്ങിയിരുന്നു.

ഇത്തരം സങ്കീർണ കേസുകളുടെ ചികിത്സയിൽ ഫ്രോസൺ എലിഫന്റ് ട്രങ്ക് പ്രക്രിയ വലിയ മുന്നേറ്റമാണെന്ന് പ്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. മനോജ് നായർ പറഞ്ഞു. മുൻകാലങ്ങളിൽ ഹെമിആർച്ച് റീപ്ലേസ്‌മെന്റ് എന്ന പ്രക്രിയയിലൂടെയാണ് ഇത്തരം കേസുകൾ ചികിത്സിച്ചിരുന്നത്. ഇത് ഏറെ സങ്കീർണവും മരണസാധ്യത കൂടുതലുള്ളതുമാണെന്നും ഡോ. മനോജ് നായർ വ്യക്തമാക്കി.