കോഴിക്കോട്: കോഴിക്കോട്ട് കഴിഞ്ഞ ദിവസം ഒരു കുടുംബത്തിലെ മൂന്നുപേർ പനിബാധിച്ച് മരിച്ച സംഭവം അതീവ ഗുരുതര സ്ഥിതിവിശേഷമെന്ന് വിലയിരുത്തി ആരോഗ്യ വകുപ്പ്. സാധാരണയായി കേരളത്തിൽ കണ്ടുവരുന്ന പനിയല്ലെന്ന് സ്ഥിരീകരിച്ചതോടെ ആരോഗ്യ പ്രവർത്തകർക്കുതന്നെ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ് അധികൃതർ. വൈറസ് ബാധയാണ് പനിബാധയ്ക്ക് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇവ മൃഗങ്ങളിൽ നിന്നാണ് മനുഷ്യരിലേക്ക പകരുന്നതെന്നും സ്ഥിരീകരിച്ചു. മൃഗങ്ങളിൽ വൈറസ് എത്തുന്നതാകട്ടെ വവ്വാലുകളും മറ്റും കടിച്ചിരുന്ന പഴങ്ങളിൽ നിന്നുംമറ്റും ആണെന്നാണ് സൂചന. ഇക്കാര്യത്തിൽ കൂടുതൽ പരിശോധനകൾ നടന്നുവരികയാണ്. ഇത്തരത്തിൽ രോഗപ്പകർച്ച കണ്ടെത്തുന്നത് കേരളത്തിൽ ആദ്യമാണ്. അതിനാൽ അതീവ ജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്.

അപൂർവയിനം വൈറസ് ബാധയെന്ന് ആരോഗ്യ മന്ത്രി ശൈലജ വ്യക്തമാക്കി. വൈറസ് പകരുന്നത് മൃഗങ്ങളിൽ നിന്ന് വവ്വാലുകളും മറ്റും കടിച്ചിടുന്ന പഴങ്ങളിൽ നിന്നാകാമെന്ന് കണ്ടതോടെയാണ് വൈറസ് മനുഷ്യരിൽ കൂടുതൽ ശക്തമായി വൈറസ് ബാധിക്കുന്നതായി കണ്ടെത്തി. ഇതോടെയാണ് കോഴിക്കോട് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. ഇത്തരത്തിൽ പനിബാധയുമായി എത്തുന്നവരെ പ്രവേശിപ്പിക്കാൻ പ്രത്യേക ഐസൊലേഷൻ വാർഡ് കോഴിക്കോട് മെഡിക്കൽ കോളേജിൽ തുറക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

ആരോഗ്യ പ്രവർത്തകരും മുൻകരുതൽ സ്വീകരിക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. കേരളത്തിൽ ഇതുവരെ ഇത്തരമൊരു രോഗം സ്ഥിരീകരിച്ചിട്ടില്ല. കൂടുതൽ പരിശോധനകൾ നടന്നുവരികയാണെന്ന് ആരോഗ്യവകുപ്പ് അധികൃതരും സ്ഥിരീകരിച്ചു. അതേസമയം ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും എന്നാൽ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

മരിച്ചത് പേരാമ്പ്രയ്ക്കടുത്ത് മൂന്നുപേർ

പേരാമ്പ്രയ്ക്കടുത്ത് ചങ്ങരേത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ പനി ബാധിച്ച് മരിച്ചതോടെയാണ് ഇത്തരമൊരു പനി പടരുന്ന കാര്യം ശ്രദ്ധയിൽപ്പെടുന്നത്. ഈ സാഹചര്യത്തിൽ സുരക്ഷ നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ് മുന്നോട്ടുപോകുകയാണ്. കോഴിക്കോട് പന്തിരിക്കര സൂപ്പിക്കടക്ക് സമീപം വളച്ചുകെട്ടി വീട്ടിലെ മൂന്ന് പേർ ആണ് മരിച്ചത്. രണ്ടാഴ്ചയ്ക്കിടെയാണ് മൂ്ന്നുപേർ മരിച്ചത്.

രോഗനിർണയം ഇനിയും കൃത്യമായി നടത്താനായിട്ടില്ലെന്നതിലാണ് ആശങ്ക. പ്രദേശത്ത് നൂറോളം പേർക്ക് പനി ബാധിച്ചിട്ടുണ്ട്. ഇപ്പോൾ രോഗം ബാധിച്ചവർക്ക് പാരസെറ്റമോൾ ഗുളിക മാത്രമാണ് നൽകുന്നത്. ഇത് പക്ഷേ വൈറസിനെ ചെറുക്കാൻ പറ്റുന്നതല്ല. ഇതോടെ ജനങ്ങളും ആശങ്കയിലാണ്. പനി ബാധിച്ചവരെ ചികിത്സിച്ചവരെയും പരിചരിച്ചവരെയും കരുതലോടെയിരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പനി ബാധ കണ്ടെത്തിയ പ്രദേശത്തെ പതിനഞ്ചോളം കുടുംബങ്ങളെ വേറെ താമസ സ്ഥലത്തേക്ക് മാറ്റിയിട്ടുമുണ്ട്.

മരണങ്ങൾ സംഭവിച്ചതിന് പിന്നിൽ വൈറൽ എൻസഫിലിറ്റിസ് വിത്ത് മയോക്കഡിറ്റിസ് എന്ന രോഗമാണെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് പേർ മരിച്ചത് കൂടാതെ നാല് പേർ രോഗം ബാധിച്ച് ചികിത്സയിലായതും ആരോഗ്യവകുപ്പ് മാർഗനിർദ്ദേശം പുറപ്പെടുവിക്കാൻ കാരണമായി. ഇതിൽ ഒരാൾ ഗുരുതരാവസ്ഥയിലാണ്. അതേസമയം, രോഗം ബാധിച്ചവരിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങാൻ രണ്ടാഴ്ച വരെ സമയമെടുക്കും. ഈ സാഹചര്യത്തിലാണ് പനി, ചുമ, മയക്കം തുടങ്ങിയ രോഗലക്ഷണങ്ങൾ കാണുക.

സാധാരണ പനിക്ക് സമാനമായ ലക്ഷണങ്ങൾ ആയതിനാൽ തിരിച്ചറിയാൻ വൈകുന്ന സാഹചര്യവുമുണ്ട്. ഇത്തരം രോഗലക്ഷണങ്ങൾ ഉള്ളവരോടും ഇവരോട് അടുത്ത് ഇടപഴകുന്നവരോടും ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. രോഗികളുമായി അടുത്തിടപഴകിയവരുമായി ബന്ധപ്പെട്ട് വിശദമായ മെഡിക്കൽ റിപ്പോർട്ട് തയ്യാറാക്കാൻ ചങ്ങരോത്ത് മെഡിക്കൽ ഓഫീസർക്ക് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. മെഡിക്കൽ കോളേജിൽ പ്രത്യേക സംഘം രൂപീകരിക്കും. ഇക്കാലയളവിൽ ചക്കയും മാങ്ങയുമെല്ലാം രാത്രികാലങ്ങളിൽ വവ്വാൽ ഉൾപ്പെടെയുള്ളവ കടിച്ച് താഴെയിടുക പതിവാണ്. ഇവയിൽ വൈറസിന്റെ സാന്നിധ്യമുണ്ടാവാമെന്നാണ് മുന്നറിയിപ്പ്. ഇവയിൽ നിന്ന് വളർത്തു മൃഗങ്ങൾക്കോ അവയിൽ നിന്ന് മനുഷ്യരിലേക്കോ രോഗം പകരാൻ സാധ്യതയുണ്ടെന്ന സാഹചര്യമാണ് ആരോഗ്യവകുപ്പ് വിലയിരുത്തലിൽ വ്യക്തമായിട്ടുള്ളത്.

രോഗം പടരാൻ സാധ്യതയുള്ളതിനാൽ ആളുകൾ പക്ഷി മൃഗാദികൾ തിന്നശേഷം മരത്തിൽ നിന്ന് വീഴുന്ന പഴങ്ങൾ കഴിക്കരുത്. ഇതിലൂടെയാണ് പ്രധാനമായും രോഗം പടരുന്നതെന്നാണ് സൂചന. ആരോഗ്യവകുപ്പ് ജീവനക്കാർ പനിയും ചുമയും ബാധിച്ച രോഗികളുമായി ബന്ധപ്പെടുമ്പോൾ മാസ്‌കും ഗ്ലൗസും ധരിക്കണമെന്നും നിർദ്ദേശിച്ചു. എല്ലാ സ്ഥാപനങ്ങളും പിപിഇ കിറ്റ് വാങ്ങണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.