പത്തനംതിട്ട: രണ്ടുകാലുമുള്ളവർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്നു വിട്ടു നിൽക്കാൻ കുറുക്കു വഴി തേടുമ്പോൾ അരയ്ക്ക് താഴെ തളർന്ന ഉദ്യോഗസ്ഥൻ തന്നെ പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നാവശ്യപ്പെട്ട്  ജില്ലാ കലക്ടർക്ക് കത്തു നൽകി.

ജില്ലാ പഞ്ചായത്ത് ഓഫീസിൽ ജോലി ചെയ്യുന്ന 90% വൈകല്യമുള്ള വികലാംഗ ജീവനക്കാരനും വിവരാവകാശ പ്രവർത്തകനുമായ റഷീദ് ആനപ്പാറയാണ് തെരഞ്ഞെടുപ്പ് ജോലി ചെയ്യാൻ സന്നദ്ധത അറിയിച്ച് കലക്ടർക്ക് കത്തു നൽകിയത്.

തെരഞ്ഞെടുപ്പ് ജോലിയിൽ നിന്നും വികലാംഗരെ ഒഴിവാക്കുന്ന നടപടി അവരോടു കാണിക്കുന്ന അവഗണനയും, ഒറ്റപ്പെടുത്തലുമാണെന്ന് റഷീദ് പറയുന്നു. എത്ര കൂടിയ വൈകല്യമുള്ളയാളായാലും അയാൾക്ക് ഏതു തരത്തിലിരുന്നു ജോലി ചെയ്യാൻ കഴിയുമോ അത് ചെയ്യുന്നതിനാവശ്യമായ അനുകൂല സാഹചര്യം സർക്കാർ ഒരുക്കി കൊടുക്കണം. വികലാംഗനായതിന്റെ പേരിൽ തന്നെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കരുതെന്നും സൗകര്യപ്രദമായ ബൂത്ത്  തനിക്ക് നൽകണമെന്നും റഷീദ് കലക്ടർക്ക് നൽകിയ കത്തിലൂടെ ആവശ്യപ്പെട്ടു.

ജില്ലാ പഞ്ചായത്തിലെ ജീവനക്കാരിൽ ചിലരെ ഇലക്ഷൻ ഡ്യൂട്ടിക്കു നിയോഗിച്ചു കൊണ്ടുള്ള ആദ്യ ലിസ്റ്റിൽ തന്റെ പേര് ഇല്ലായെന്നും അടുത്ത ലിസ്റ്റുകളിൽ കാണുമെന്നു പ്രതീക്ഷിക്കുന്നതായും റഷീദ് പറഞ്ഞു. അരലക്ഷത്തിന് മുകളിൽ ശമ്പളം കൈപ്പറ്റുന്നവർ പോലും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്നൊഴിവാകാൻ സകലതന്ത്രങ്ങളും പയറ്റുമ്പോഴാണ് പരസഹായം ഇല്ലാതെ ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് ചലിക്കാൻ പോലും കഴിയാത്ത റഷീദ് മാതൃകയാകുന്നത്.