പൂണെ: കോഴിക്കോട് പായിമ്പ്ര സ്വദേശി രസീല രാജു പൂണെ ഇൻഫോസിസ് ഓഫീസിൽ കൊല്ലപ്പെട്ട കേസിൽ പ്രതി അസം സ്വദേശി ബാബർ സൈക്കിയയ്ക്കു വേണ്ടി കോടതിയിൽ ഹാജരായത് പ്രമുഖ അഭിഭാഷകനായ ബി.എ. ആളൂർ. സൗമ്യ വധക്കിലെ പ്രതി ഗോവിന്ദ ചാമിക്കു വേണ്ടി ഹാജരായതും ലക്ഷങ്ങൾ പ്രതിഫലം പറ്റുന്ന ആളൂരായിരുന്നു.

രസീല മരണക്കേസിൽ പ്രതിയുടെ കസ്റ്റഡി കാലാവധി തീരുകയായിരുന്ന ഇന്ന് ആഡ്വ. ആളൂർ ശിവാജി നഗർ ജൂനിയർ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പ്രതിക്ക് വേണ്ടി ഹാജരായി. ശനിയാഴ്ച മുന്നരയോടെ രണ്ട് ജൂനിയർ വക്കീലുമാർക്കൊപ്പമാണ് കോടതിയിൽ എത്തിയത്. എന്നാൽ ആളൂരിന്റെ വാദം കേട്ട ശേഷം പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ച് കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി പ്രതിയുടെ കസ്റ്റഡി കാലാവധി ഏഴ് ദിവസത്തേക്ക് കോടതി നീട്ടി.

കഴിഞ്ഞയാഴ്ചയായിരുന്നു പൂണെ ഇൻഫോസിസിലെ സോഫ്റ്റ്‌വെയർ എൻജിനയറായിരുന്ന രസീല രാജുവിനെ കമ്പ്യൂട്ടർ കേബിൾ കഴുത്തിൽ ചുറ്റി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സെക്യൂരിറ്റി ജീവനക്കാരൻ ബബൻ സൈക്യയെ അന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തു.

കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂർ ജിഷ വധക്കേസ് പ്രതി അമീറുളിന്റെ വക്കാലത്ത് ഏറ്റെടുത്തതും ആളൂരായിരുന്നു. കൂടാതെ കേരളത്തിലുൾപ്പെടെ രാജ്യവ്യാപകമായി കവർച്ച നടത്തിയ ബണ്ടി ചോർ എന്ന കുറ്റവാളിക്കുവേണ്ടി ആളൂർ ഹാജരായിട്ടുണ്ട്. ജിഷ വധക്കേസിലും അധോലോക നേതാവ് ഛോട്ടാരാജന്റെ കേസിലും ഹാജരാവാൻ തയ്യാറായെങ്കിലും അത് നടില്ല.

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദചാമിക്ക് വേണ്ടി വാദിക്കാൻ 15 ലക്ഷത്തിലധികം രൂപ ഫീസ് ഇനത്തിൽ കൈപ്പറ്റിയെന്നും ആളൂർ വെളിപ്പെടുത്തിയിരുന്നു. ഫീസ് വാങ്ങുന്നത് ഒരു അഭിഭാഷകന്റെ അവകാശമാണെന്നും ഇക്കാര്യത്തിൽ പ്രത്യേകിച്ച് നിയമമൊന്നുമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. താൻ വാദിച്ച ഒരു കേസിലെ പ്രതികൾ ആവശ്യപ്പെട്ടതിനനുസരിച്ചാണ് ഗോവിന്ദചാമിക്ക് വേണ്ടി ഹാജരായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇവർ ആരാണെന്ന് വെളിപ്പെടുത്താൻ ആളൂർ തയാറായില്ല.