തിരുവനന്തപുരം: ടെലിവിഷൻ ജേർണലിസ്റ്റിൽ നിന്ന് സിനിമാക്കാരനായ രതീഷ് രഘുനന്ദനൻ. സത്യന്റെ ജീവചരിത്രം ഉൾപ്പെടെയുള്ള സിനിമാ സംരഭവവുമായി മുമ്പോട്ട് പോകുമ്പോഴാണ് കോവിഡ് എത്തിയത്. അതുകൊണ്ട് വർക്കുകൾ അണിയറയിലും. ഇതിനിടെയിലും തന്നെ ജേർണലിസ്റ്റാക്കിയ അനുഭവം വിശദീകരിക്കുകായണ് രതീഷ് രഘുനന്ദനൻ. അമൃതാ ടിവിയിലെ ബെസ്റ്റ് സിറ്റിസൺ ജേർണലിസ്റ്റ് എന്ന റിയാലിറ്റി ഷോയിൽ വിജയിച്ചാണ് രതീഷ് മാധ്യമപ്രവർത്തകനായത്. ഈ ഷോയിലെ വിജയത്തോടെ അമൃതാ ടിവിയുടെ ഭാഗമാവുകയായിരുന്നു രതീഷ്.

ഹരീഷ് വാസുദേവൻ, ഡോ സിജിത്ത്, ബേണി മോൾ... പിന്നെ രതീഷും... ബെസ്റ്റ് സിറ്റിസൺ ജേർണലിസ്റ്റിന്റെ ആദ്യ പതിപ്പിലെ ഫൈനലിസറ്റുകളായിരുന്നു ഇവർ. ഈ സംഘത്തിൽ നിന്നാണ് ചോറ്റാനിക്കരയിലെ ആ റിപ്പോർട്ടിംഗുമായി രതീഷ് ഒന്നാമാനയാത്. ഫെയ്‌സ് ബുക്കിലാണ് 2008ലെ ആ അനുഭവം രതീഷ് വിശദീകരിക്കുന്നത്.

രതീഷ് രഘുനന്ദനന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

മുന്നിൽ പൂർണ്ണ നഗ്‌നയായി അവൾ. എന്റെ അരയിലൊരു ചെറിയ കഠാര. കയ്യിൽ കടലാസ്സിൽ പൊതിഞ്ഞ ചെറിയ കാമറ. പുറത്തു നിന്നു പൂട്ടിയ ലോഡ്ജു മുറി. റിയാലിറ്റി ഷോയുടെ ഫൈനൽ ഞങ്ങൾ നാലഞ്ചു പേരുടെ ജീവൻ വച്ചുള്ള കളിയായി മാറിയത് വളരെ പെട്ടന്നാണ്. കടുത്ത മത്സരമായി മാറിക്കഴിഞ്ഞിരിക്കുന്നു. ജീവൻ രക്ഷിക്കാനായുള്ള മത്സരം.

ജീവിതത്തിൽ പലകളികൾ കളിച്ചെങ്കിലും രക്ഷപ്പെടണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച് കളിച്ച കളിയായിരുന്നു ബെസ്റ്റ് സിറ്റിസൺ ജേർണലിസ്റ്റ്. അമൃതാ ടിവിയിൽ 2007 കാലത്താണ് ഷോ വരുന്നത്. അപ്രതീക്ഷിതമായി ഫൈനൽ റൗണ്ടിലെ നാലുപേരിൽ ഒരാളായി ഞാൻ മാറി. ഹരീഷ് വാസുദേവൻ ഡോ സിജിത്ത് Cijith Sreedhar ബോണി മോൾ പിന്നെ ഈ ഞാനും. ഫൈനൽ റൗണ്ടിലേക്കെത്തുമ്പോഴേക്കും വലിയ ജനശ്രദ്ധ കിട്ടിയ റിയാലിറ്റി ഷോ ആയി മാറിയിരുന്നു ബിസിജെ. ഫൈനൽ റൗണ്ടു വരെ പുനലൂരെയും പരിസരത്തെയും വാർത്താ പ്രാധാന്യമുള്ള സംഭവങ്ങൾ കണ്ടെത്തി അവതരിപ്പിച്ച് കടന്നുകൂടുകയായിരുന്നു.

പുനലൂർ തൂക്കുപാലം, ഇരുപത്തിനാലു വയസിനുള്ളിൽ എട്ടു പ്രസവിച്ച ശാലിനിയുടെ ജീവിതം, കൊട്ടാരക്കരയിലെ തുടർക്കൊലപാതകങ്ങൾ അങ്ങിനെ പലതും. ഫൈനലിലേക്കെത്തിയപ്പോൾ ഷോ ഡയറക്ടർ സുപച്ചേട്ടനാണ് Supa Sudhakaran പറയുന്നത്, - നീ ഈ പുനലൂരൊന്നു വിട്ടു പിടിക്ക്.. നാട്ടുകാർക്ക് ഇഷ്ടപ്പെടുന്ന എന്തേലും ഒന്നു കണ്ടുപിടിക്ക്.. ജയിക്കുന്നതും തോൽക്കുന്നതുമൊന്നുമല്ല കാര്യം.. ഷോ തകർക്കണം.. പുള്ളി, പുള്ളിയുടെ പ്രശ്നമാണ് പറഞ്ഞത്. എങ്കിലും ഫൈനൽ റൗണ്ട് സ്റ്റോറിക്കായി പുനലൂർ വിട്ടുപിടിക്കാൻ തീരുമാനിച്ചു.
എന്റെ സ്റ്റോറി ഷൂട്ടിനായി അമൃതാ ടിവിയിൽ നിന്നും ക്രൂ എത്തി. രജനീഷ് Rejaneesh VR മഹേഷ് Mahesh Viswanathan സന്തോഷ് പിണറായി, നിധീഷ്. ക്രൂ എത്തിയിട്ടും എനിക്ക് എന്തു ചെയ്യണമെന്ന് ഒരു എത്തും പിടിയും കിട്ടിയിട്ടില്ല. ഫൈനലാണ്, കാഴ്‌ച്ചകാരെ പിടിച്ചിരുത്തുന്ന എന്തെങ്കിലും വേണം. അയൽവാസിയായ വെണ്ടർ സജിച്ചായൻ Saji Vazhathoppu മുൻപൊരിക്കൽ പറഞ്ഞത് പെട്ടന്ന് ഓർമ്മ വന്നു. കേരളത്തിലെ ഒരു പ്രമുഖ ധ്യാനകേന്ദ്രത്തിനുള്ളിൽ നടക്കുന്ന ലൈംഗിക ചൂഷണങ്ങളേക്കുറിച്ചാണ്. എങ്ങിനെയും ധ്യാനകേന്ദ്രത്തിനുള്ളിൽ കടന്നു ഒളികാമറ ഓപ്പറേഷൻ നടത്താം എന്നൊരു ഐഡിയ വരുന്നു. സുപച്ചേട്ടനോട് കാര്യം പറയുന്നു. അപ്രൂവ്ഡ്! അമൃതാ ടിവിയുടെ ക്വാളിസ് തൃശ്ശൂരിലേക്ക്..

യാത്ര തുടങ്ങിക്കഴിഞ്ഞാണ് ഓർത്തത്, ഒരു സോഴ്സുമില്ല അവിടെ.. പരിചയക്കാരോ സഹായിക്കാനോ ആരുമില്ല. എങ്കിലും ശ്രമിച്ചു നോക്കാമെന്നു തീരുമാനിച്ചു മുന്നോട്ടു. എറണാകുളത്തെത്തി ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോൾ കാമറമാൻ മഹേഷേട്ടനാണ് ഒരു സ്റ്റോറി ഐഡിയ പറയുന്നത്. വലിയ ആരാധനാലയങ്ങളുടെ പരിസരത്തെ ലോഡ്ജുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ലൈംഗിക വ്യാപാരത്തെ കുറിച്ചാണ്. ആദ്യം കേട്ടപ്പോൾ എനിക്ക് വലിയ കാര്യമായി തോന്നിയില്ല. പക്ഷെ മഹേഷേട്ടന്റെ ഡീറ്റെയിലിങ് എന്നെ ത്രസിപ്പിച്ചു. സംഗതി കൈവിട്ടുള്ള കളിയാണെങ്കിലും കളിച്ചു നോക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. അതിന്റെ കാരണം ഇനിയങ്ങോട്ടു നടക്കാൻ പോകുന്ന തീക്കളിയെക്കുറിച്ചു ഞങ്ങൾക്കു വലിയ പിടിയില്ലായരുന്നു എന്നതാണ്.

ചോറ്റാനിക്കര.
ദിവസേന ആയിരങ്ങൾ വന്നുപോകുന്ന ക്ഷേത്ര പരിസരം. നിറയെ ലോഡ്ജുകൾ. ഇത്തരം ഇടങ്ങളിൽ നടക്കുന്ന പതിവ് കലാപരിപാടികൾ എല്ലാവർക്കുമറിയാം. സ്ത്രീകളെയും കൂട്ടിച്ചെന്നാൽ ഒരു പ്രശ്നവുമില്ലാതെ കാര്യം സാധിച്ചു മടങ്ങാം. റെയിഡോ മറ്റു കുഴപ്പങ്ങളോ ഒന്നും തന്നെയില്ല. എന്നാൽ ചോറ്റാനിക്കരയിൽ കാര്യങ്ങൾ കുറേക്കൂടി പുരോഗമിച്ചിരിക്കുന്നു. ആവശ്യക്കാർക്ക് ആഗ്രഹം മാത്രം മതി. സ്ത്രീകൾ റെഡിയാണ്. ലോഡ്ജുടമകൾ സ്ത്രീകളെ ലോഡ്ജുകളിൽ താമസിപ്പിച്ചിരിക്കുന്നു. നമ്മൾ റിസപ്ഷനിൽ ചെന്ന് കാര്യം പറഞ്ഞ് റേറ്റുറപ്പിച്ചാൽ മതി. അഞ്ഞൂറ്, ആയിരം, രണ്ടായിരം എന്നിങ്ങനെ പോകുന്നു റേറ്റുകൾ. റേറ്റു കൂടുന്നതിനനുസരിച്ച് നമ്മുടെ മുന്നിലേക്കെത്തുന്ന സ്ത്രീകളുടെ നിലവാരവും നമുക്കനുവദിക്കപ്പെടുന്ന സമയവും വ്യത്യാസപ്പെടും. മിക്കവാറും എല്ലാ ഇടത്തരം ലോഡ്ജുകളിലും ഈ സെറ്റപ്പുണ്ട്. തമിഴ്‌നാട്ടിൽ നിന്നും കർണ്ണാടകയിൽ നിന്നുമുള്ള പെൺകുട്ടികളെയും സ്ത്രീകളെയും കൊണ്ടു താമസിപ്പിച്ച് ഭക്തിയുടെ മറവിൽ നടത്തുന്ന ലൈംഗിക കച്ചവടം. ഇങ്ങിനെയൊന്നിനെ കുറിച്ച് അക്കാലത്ത് ആരും കേട്ടിരുന്നില്ല. അഞ്ഞൂറിന് ഇരുപത് മിനിറ്റ്... ആയിരത്തിന് അൽപ്പം കൂടി സമയമുണ്ടാകും. സ്ത്രീകളുടെ കാഴ്ചയിലെ മേന്മയാണ് തുകയിൽ ഏറ്റക്കുറച്ചിലുണ്ടാക്കുന്നത്.

ഞങ്ങൾ ഓപ്പറേഷന് തയ്യാറെടുത്തു. ചെറിയ കാമറ കടലാസിൽ പൊതിഞ്ഞ് ചെറിയ ബാഗിലൊളിപ്പിച്ചു. കഴുത്തിലെ ചരടിലൊളിപ്പിച്ച കോഡ്ലെസ്സ് ലേപ്പൽ മൈക്ക്. ലോഡ്ജിനരുകിൽ പാർക്കു ചെയ്തിരിക്കുന്ന വണ്ടിയിലും കാമറയുണ്ട്. കയ്യിലെ ഒളികാമറയുമായി ലോഡ്ജിനുള്ളിലേക്ക് പോകാനായി ഞാൻ തയ്യാറെടുത്തു. അപ്പോഴാണ് കാമറമാൻ മഹേഷേട്ടന്റെ പരിചയക്കാരനായ ചേട്ടനെ കാണുന്നത്. ചേട്ടൻ ചോറ്റാനിക്കരക്കാരനാണ്. ഒരു ലോക്കൽ സഹായത്തിനായി മഹേഷേട്ടൻ കാര്യം പറഞ്ഞു. -മഹേഷെ.. ആവശ്യമില്ലാത്ത പരിപാടിയാണിത്.. നിങ്ങള് വിചാരിക്കും പോലെയൊന്നുമല്ല കാര്യങ്ങൾ. ലോഡ്ജിനകത്ത് നല്ല ക്രിമിനലുകളെ താമസിപ്പിച്ചിട്ടുണ്ട്. അവന്മാരാണ് അകത്ത് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. അകത്തേക്ക് കയറാൻ എളുപ്പമായിരിക്കും. പക്ഷെ നിങ്ങള് വിചാരിക്കും പോലെ എളുപ്പത്തിൽ പുറത്തേക്ക് വരാൻ പറ്റിയേക്കില്ല.. മുട്ടൻ പണി കിട്ടും.. വിട്ടു പൊയ്ക്കോ.. അതായിരിക്കും നല്ലത്... നാട്ടുകാരും ചോറ്റാനിക്കര ക്ഷേത്ര ഭാരവാഹികളും വിചാരിച്ചിട്ട് ഇന്മാരെ ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല.. പിന്നാ നിങ്ങള്.. പണി കിട്ടുമേ മഹേഷെ.. വേണ്ടാ..
ചേട്ടന്റെ മറുപടി ഞങ്ങളെ വല്ലാതെ ഭയപ്പെടുത്തി. ക്രിമിനൽ സഹായമില്ലാതെ ഇങ്ങിനെയുള്ള പരിപാടികൾ നടക്കില്ലായെന്ന് ഞങ്ങൾക്ക് അപ്പോഴാണ് ബോധ്യം വന്നത്. രതീഷ് റെഡിയാണെങ്കിൽ ഞങ്ങൾ എന്തിനും റെഡിയാണെന്നു രജനീഷ് പറഞ്ഞതോടെ ഞാൻ രണ്ടും കൽപ്പിച്ച് ലോഡ്ജിനുള്ളിലേക്ക് പോകാൻ തീരുമാനിച്ചു.

ഒളികാമറ കൈയിലെടുത്തു. ബാഗിനുള്ളിൽ കിടന്ന എന്റെ സന്തതസഹചാരിയായ ചെറിയ കഠാരയെടുത്തു അരയിലേക്ക് തിരുകി.
ലോഡ്ജിനരുകിൽ പാർക്കു ചെയ്തിരിക്കുന്ന വണ്ടിക്കുള്ളിലെ കാമറയിലേക്ക് എന്റെ കഴുത്തിലെ ചരടിലൊളിപ്പിച്ച മൈക്കിലെ ശബ്ദമെത്തും. ലോഡ്ജിനുള്ളിൽ
എനിക്ക് എന്തു സംഭവിക്കുന്നുവെന്ന് എന്നോടൊപ്പമുള്ളവർക്ക് അറിയാൻ ഈ ശബ്ദം മാത്രമാണ് വഴി. അഥവാ ഞാൻ പെട്ടു പോയാൽ ഇവർക്ക് അകത്തേക്ക് എത്താനാകണമെന്നുമില്ല. മറ്റുള്ളവർക്ക് മനസിലാകാത്ത വിധത്തിൽ കാമറയിൽ പരമാവധി ദൃശ്യങ്ങൾ പകർത്തി ഞാൻ ലോഡ്ജിനുള്ളിലേക്ക് നടന്നു. റിസപ്ഷനിൽ ഒരു തമിഴൻ. ഞാൻ ചെന്തമിഴിൽ തന്നെ കാര്യം പറഞ്ഞു. - എതാവുത് നടക്കുമാ.. ആളിരുക്കാ...
തമിഴൻ റേറ്റു പറഞ്ഞു. തുക സമ്മതിച്ചതോടെ മറ്റൊരുവനെ കൂട്ടി അകത്തേക്ക് പറഞ്ഞു വിട്ടു. മുറി തുറന്നു പെൺകുട്ടിയെ കാണിച്ചു തരും. ഓക്കെയാണെങ്കിൽ ഒപ്പം വരുന്നവന്റെ കയ്യിൽ പണം കൊടുത്തിട്ട് മുറിക്കുള്ളിലേക്ക് കയറാം. മുഷിഞ്ഞ ബനിയനും ലുങ്കിയും ധരിച്ച കുടവയറനൊപ്പം ഞാൻ വീണ്ടും അകത്തേക്ക് പോകുകയാണ്. കോഡ്ലെസ്സ് മൈക്കിന്റെ പരിധി വിട്ടാൽ പുറത്തു വണ്ടിയിലിരിക്കുന്നവർക്ക് അകത്ത് എന്താണ് നടക്കുന്നതെന്ന് ഒരു പിടിയും കിട്ടില്ല. വരാന്തയിലും മറ്റും വേറെയും ആളുകളുണ്ട്. ഗുണ്ടകളോ താമസക്കാരോ..
അവരിൽ ചിലർ കുഴപ്പക്കാരാണെന്ന് ഒറ്റനോട്ടത്തിലറിയാം. ഞാനും അത്രമോശമല്ലെന്ന തോന്നലും അരയിലെ കഠാരയുമാണ് ധൈര്യം പകരുന്നത്.

കുടവയറൻ നടന്ന് ഒരു മുറിയുടെ മുന്നിലേക്ക് വന്നു നിന്നു. - ഇരുപത്തിയൊന്നു .. ഞാൻ ഉറക്കെ വായിച്ചു. പുറത്തു വണ്ടിയിലിരിക്കുന്നവർക്കു കേൾക്കാനായിട്ടാണ് ഞാൻ റൂം നമ്പർ ഉറക്കെ വായിച്ചതെന്നു തിരിഞ്ഞു നോക്കിയ തമിഴനു പിടികിട്ടിയില്ല. കയ്യിലെ ബാഗിലൊളിപ്പിച്ച കാമറ ഇതെല്ലാം പകർത്തുന്നുമുണ്ട്. തമിഴൻ ലോക്കഴിച്ച് കതക് അൽപ്പം തുറന്നു. ആ ചെറിയ ഗ്യാപ്പിലേക്ക് ഒരു പെൺകുട്ടി വന്നുനിന്നു. കഷ്ടിച്ച് ഇരുപത് വയസ്സു പ്രായം കാണും. കുടവയറൻ ചോദ്യരൂപേണ എന്നെ നോക്കി. ഞാൻ ഓക്കെയെന്ന് തലകുലുക്കി. പണം നൽകി ഞാൻ മുറിക്കുള്ളിലേക്ക് കയറുമ്പോൾ കുടവയറൻ - ഇരുപത് മിനിറ്റേ...
ഞാൻ തിരിഞ്ഞ് നോക്കുമ്പോഴേക്കും അയാൾ കതകടച്ചു. പുറത്തു നിന്നും ഡോർ ലോക്ക് ചെയ്യുന്ന ശബ്ദം കേട്ടപ്പോഴാണ് എന്റെ കിളി പറന്നത്. ഇനി ഞാൻ വിചാരിക്കുമ്പോൾ എനിക്ക് പുറത്തു പോകാനാകില്ല. എവിടെയെങ്കിലും പാളിയാൽ... മൂന്നു പേരുമായി റിയാലിറ്റി ഷോയുടെ ഫൈനൽ നടക്കും. ഷോ തുടങ്ങും മുൻപ് എന്റെ ചിത്രം കാണിക്കും. എല്ലാവരും എന്നെ സ്മരിക്കും...!
കട്ടിലിനരുകിലേക്കത്തുമ്പോഴേക്കും ജയന്തി തയ്യാറായിക്കഴിഞ്ഞിരുന്നു. ആകെയുണ്ടായിരുന്ന നൈറ്റി തലവഴി ഊരിമാറ്റി കട്ടിലിലേക്ക് കയറിക്കിടന്നു കഴിഞ്ഞു അവൾ. ഞാൻ കയ്യിലെ ബാഗുമായി കട്ടിലിലേക്കിരുന്നു. അവളെ നോക്കിച്ചിരിച്ചു. ജയന്തിയുടെ മുഖത്ത് പരുഷ ഭാവം. - എന്ന സാർ.. പണ്ണിത്തൊലൈങ്ക സാർ..

ഞാൻ ജയന്തിയുടെ കൈപിടിച്ച് എഴുന്നേൽപ്പിച്ചു. നൈറ്റിയെടുത്ത് അവളുടെ ശരീരത്തിലേക്കിട്ടു. അവളുടെ മുഖത്ത് അദ്ഭുതം. - എന്ന സാർ, സ്റ്റാർട്ടിങ് പ്രശ്ചനയാ..?
നൈറ്റികൊണ്ട് നഗ്‌നത മറയ്ക്കണമെന്ന ചിന്ത ജയന്തിയിൽ കണ്ടതേയില്ല. ചെറിയ ചിരിയിൽ നിന്നും ഞങ്ങൾ വർത്തമാനമാരംഭിച്ചു. ആദ്യമായിട്ടാകും അവൾ എന്നെപ്പോലെയൊരു സംസാരപ്രിയനെ കാണുന്നത്. ആ മറിയിലേക്കെത്തുന്ന സംസാരപ്രിയന്മാർ ഇങ്ങിനെയായിരിക്കില്ലല്ലോ. മാത്രമല്ല, അവരാരും റിയാലിറ്റി ഷോയിൽ മത്സരിക്കുന്നുമുണ്ടാകില്ല. എന്റെയുള്ള് പടപടാ അടിച്ചുകൊണ്ടേയിരിക്കുന്നു.
ദിവസം എത്ര പേര് വരും.. നിനക്ക് എത്ര കിട്ടും എന്നിങ്ങനെ ചോദ്യങ്ങൾ നീളുന്നു. ഇടയ്ക്ക് ജയന്തി എന്നെ ഓർമ്മപ്പിച്ചു. - സർ.. ട്വന്റി മിനിറ്റ്സ് താൻ ഇരുക്ക്..
ഞാൻ അത് കേൾക്കാത്തത് പോലെ വർത്തമാനം തുടർന്നു. ഊര്.. പേര് അങ്ങിനെ ഓരോന്നായി. നീ എങ്ങിനെ ഇവിടെയെത്തിയെന്ന ചോദ്യത്തിന് മുന്നിൽ പതിയെ ജയന്തി സൈലന്റായി. കുനിഞ്ഞിരുന്നു കരഞ്ഞു തുടങ്ങി. ജയന്തിയുടെ സഹോദരന്റെ ഭാര്യ ക്ലീനിങ് ജോലിക്കെന്നും പറഞ്ഞ് ഇവിടേക്ക് കൊണ്ടു വന്നതാണ് ജയന്തിയെ. ഏഴു മാസങ്ങളായി ഈ മുറിക്കുള്ളിലാണ്.. ദിവസവും പത്തും പതിനഞ്ചും പേർ വരെ.. മൂന്നു നേരം വാതിൽ അൽപ്പം തുറന്നു ഭക്ഷണം ഉള്ളിലേക്ക് വയ്ക്കും.

കേരളത്തിലെ കാമാത്തിപുരയ്ക്കുള്ളിലാണ് ഇരിക്കുന്നതെന്ന് തോന്നിപ്പോയി എനിക്ക്. നിലവിളിച്ചു കരഞ്ഞ ആദ്യ ദിവസങ്ങളിൽ ജയന്തിയുടെ കഴുത്തിൽ കുടുക്കിട്ടു മുറുക്കി കെട്ടിത്തൂക്കി. എന്നിട്ട് അറുത്തു താഴെയിട്ടു. അതോടെ ജയന്തിയിലെ നിലവിളികളവസാനിച്ചു. എന്നെങ്കിലും അക്കാ വന്ന് തിരിച്ച് കൊണ്ടുപോകുമെന്ന് ഇപ്പോഴും വിചാരിക്കുന്നുണ്ട് പാവം. ജയന്തി എന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി അക്കായെ വിളിച്ചു. അവർ തെറിവിളിയോടെ ഫോൺവച്ചു. അതിന്റെ അപകടം രണ്ടു മിനിറ്റിനുള്ളിൽ ഞാൻ മനസ്സിലാക്കി. ഇരുപത് മിനിറ്റ് തികയും മുമ്പേ വാതിലിൽ രണ്ടു തവണ ആരോ തട്ടി. ഞാൻ ഞെട്ടിയെഴുന്നേറ്റു. ജയന്തിയുടെ മുഖത്തും ഭയം. ജയന്തി കണ്ണീരോടെ എന്റെ നെറ്റിയിലൊരു ഉമ്മ തന്നു- പോങ്കെ സാർ .. പോയിട്ടു വാങ്കെ..
ഒരു മിനിട്ടു കഴിയുമ്പോഴേക്കും വാതിൽ തുറന്നു കുടവയറൻ- സാർ..
ടൈം ആയാച്ചു സർ...

മുറിക്ക് പുറത്തേക്ക് ഇറങ്ങുമ്പോൾ അയാൾ എന്നെ തറപ്പിച്ചു നോക്കി. പണി പാളിയെന്നുറപ്പിച്ചു നടപ്പ് വേഗത്തിലാക്കി ഞാൻ. പുറത്തെത്തിയിട്ടാണ് ഞാൻ ശ്വാസമെടുക്കുന്നത്.
റിയാലിറ്റി ഷോയുടെ കാര്യമൊക്കെ ഞാൻ മറന്നിരുന്നു. ജയന്തിയുടെ ഉമ്മ എന്റെ നെറ്റിയിൽക്കിടന്നു പൊള്ളുന്നു. ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിലെത്തി കാര്യം പറഞ്ഞു ഞങ്ങൾ. അവർ തിരിഞ്ഞു നോക്കിയില്ല.
മാസപ്പടിയുടെ ഗുണം!

എന്തു ചെയ്യുമെന്നാലോചിച്ച് ചോറ്റാനിക്കര ക്ഷേത്രത്തിന് മുന്നിൽ നിൽക്കുമ്പോൾ ഏതോ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനം വരുന്നു. കൈകാണിച്ചു നിർത്തി. റൂറൽ എസ്‌പി പത്മനാഭൻ കുടുംബവുമൊത്ത് ക്ഷേത്രദർശനത്തിന് വന്നതാണ്. ഒളികാമറയിലെ ദൃശ്യങ്ങൾ കണ്ട അദ്ദേഹം ചോറ്റാനിക്കര എസ്ഐയെ വിളിച്ചു ലോഡ്ജിൽ പോയി നോക്കാൻ ആവശ്യപ്പെട്ടു. എസ്ഐയുമൊത്ത് ഞങ്ങൾ വീണ്ടും ലോഡ്ജിലേക്ക്. ഉണ്ടായിരുന്ന ചെറിയ ബാഗുമെടുത്ത് പൊലീസ് ജീപ്പിലേക്ക് കയറുമ്പോൾ ജയന്തി എന്നെ നോക്കി ചെറുതായി ഒന്നു ചിരിച്ചു. മരിക്കുവോളം ഞാൻ മറക്കില്ല ആ ചിരി. അറസ്റ്റുകൾ ഉണ്ടായി. ലോഡ്ജ് അടച്ചു പൂട്ടി.
ജയന്തിയുടെ ജീവിതം എന്നെ റിയാലിറ്റി ഷോ വിജയിയാക്കി. എനിക്കൊരു നല്ല ജീവിതം തന്നു. ജയന്തിയെ മിക്ക മെയ് മാസങ്ങളിലുമോർക്കും. കാരണം 2008 ജൂൺ അഞ്ചിനായിരുന്നു ബെസ്റ്റ് സിറ്റിസൺ ജേർണലിസ്റ്റ് ഗ്രാൻഡ് ഫിനാലെ!

ഈ അതിസാഹസികതയിൽ എന്നോടൊപ്പം നിന്ന അസിസ്റ്റന്റ് കാമറമാൻ സന്തോഷ് പിണറായി പിന്നീട് വാഹനാപകടത്തിൽ മരണമടഞ്ഞത് വേദനിപ്പിക്കുന്ന ഓർമ്മ.
ചോറ്റാനിക്കരയിൽ കാര്യങ്ങൾ പഴയപടിയായി... ഇപ്പോഴും അതങ്ങിനെ തന്നെയെന്നാണ് വിവരം.
എഴുത്തിനിടയിലെ ചില പേരുകൾ മനപ്പൂർവ്വം മാറ്റിയെഴുതിയതാണ്. അറിയുന്നവർ അത് തിരുത്തരുതെന്നപേക്ഷ.
ഫൈനലിൽ ജയിക്കില്ലെന്നുറപ്പിച്ച് എന്റെ സ്റ്റോറി ഷൂട്ടിൽ നിന്നൊഴിഞ്ഞു മാറിയവർക്ക് നന്ദി. മഹേഷും രജനീഷും സന്തോഷുമൊക്കെയാണ് താരങ്ങൾ. സുപാ സുധാകരനും. അവരുടെ ചങ്കുറപ്പില്ലെങ്കിൽ ഇന്നത്തെ ഞാനില്ല.