കൊച്ചി: സംസ്ഥാനത്തെ റേഷൻ കാർഡുകൾ പുതുക്കാൻ നടത്തിയ ഡാറ്റ എൻട്രി വർക്കിൽ വ്യാപക ക്രമക്കേട്. കാർഡ് ഉടമകളുടെ പഴയ വിവരങ്ങൾ മാത്രമാണ് പുതുതായി നടത്തിയ ഡാറ്റ എൻട്രി വർക്കിൽ നടത്തിയിട്ടുള്ളത്.

സംസ്ഥാനത്ത് ആകെ 82,60,619 കാർഡ് ഉടമകളാണുള്ളത്. ഇതിൽ അറുപത് ശതമാനത്തിലേറെ കാർഡുകളിൽ പഴയ വിവരങ്ങൾ മാത്രമാണ് നൽകിയിട്ടുള്ളത്. ഒരു കാർഡിന് സർക്കാർ 25 രൂപയോളം നൽകിയാണ് പുതുക്കിയ കാർഡിനായി ഡാറ്റ എൻട്രി നടത്തിയത്.

സി ഡിറ്റ്, അക്ഷയ, കുടുംബശ്രീ, താലൂക്ക് സപ്ലൈ ഓഫീസ് വഴിയാണ് ഓൺലൈനായി ഡാറ്റ എൻട്രി നടത്തിയത്. ഈ വർഷം മാർച്ച് മുതലാണ് ഡാറ്റ എൻട്രി വർക്കുകൾ തുടങ്ങിയത്.

മെയ് മാസത്തിൽ മുൻഗണനാ ലിസ്റ്റിന്റെ കരടു രേഖ താലൂക്ക് സപ്ലൈ ഓഫീസുകളിൽ പ്രസിദ്ധീകരിച്ചിരുന്നു. റേഷൻ കാർഡിന്റെ അച്ചടി ഈ വർഷം ജൂൺ 21 ന് തുടങ്ങി ഈ മാസം 31 ന് പൂർത്തിയാക്കും എന്നാണ് സർക്കാർ റേഷൻകാർഡ് പുതുക്കൽ പുനഃക്രമീകരിച്ച സമയ വിവരപട്ടികയിൽ പറഞ്ഞിരുന്നത്. പുതിയ റേഷൻ കാർഡ് വിതരണം ജൂലൈ ഒന്നു മുതൽ വിതരണം തുടങ്ങുമെന്നാണ് സർക്കാറിന്റെ വെബ്‌സൈറ്റിൽ പറയുന്നത്. ഇപ്പോഴത്തെ സമയക്രമം അനുസരിച്ച് ഈ മാസം ഒന്നാം തീയ്യതി മുതൽ പുതിയ കാർഡ് നിലവിൽ വരേണ്ടതാണ്.

നിലവിലുള്ള കാർഡുകളുടെ കാലാവധി ഈ മാസം ഒന്നാം തീയ്യതിയോടെ പൂർത്തിയാകും എന്നാണ് സർക്കാർ തന്നെ വൃക്തമാക്കിയിരുന്നത്. എന്നാൽ കാർഡ് പുതുക്കാൻ നടത്തിയ ഡാറ്റ എൻട്രി വർക്കിലെ വ്യാപകമായ തെറ്റ് കാരണം അച്ചടി ജോലികളിലേക്ക് കടക്കാൻ സാധിച്ചിട്ടില്ല. പുതുക്കിയ കാർഡിൽ പഴയ നമ്പർ മാറില്ലെന്നും പ്രത്യേക കാരണങ്ങൾ ഉണ്ടെങ്കിലും മാറുകയും ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഡാറ്റ എൻട്രി നടത്തിയതിൽ പലതിന്റേയും പഴയ കാർഡ് നമ്പർ തന്നെ മാറ്റിയാണ് അടിച്ചിട്ടുള്ളത്.

പേരുകൾ, ആധാർ നമ്പർ, അക്കൗണ്ട് നമ്പർ തുടങ്ങി എല്ലാം തെറ്റാണ്. ഭൂരിഭാഗം ലിസ്റ്റിലും പഴയ വിവരങ്ങൾ അങ്ങനെ നൽകുക മാത്രമാണ് ചെയ്തിട്ടുള്ളത്. കൂട്ടത്തെറ്റ് ശ്രദ്ധയിൽപ്പെട്ടതോടെയാണ് തിരുത്താനും ഓൺലൈനായി അവസരം നൽകിയത്. വിളിച്ചുതിരുത്താൻ ഫോൺ നമ്പറും നൽകിയിട്ടുണ്ട്. എന്നാൽ ഓൺലൈനിൽ കാർഡ് ഉടമക്ക് കയറി നേരിട്ടു തെറ്റ് തിരുത്താനാവില്ല. തെറ്റ് തിരുത്താനുള്ള നിർദേശങ്ങൾ നൽകാൻ മാത്രമേ കഴിയൂ. തെറ്റ് തിരുത്താനുള്ള നിർദേശങ്ങൾ നൽകി കഴിഞ്ഞാൽ തിരുത്താൻ നൽകിയ വിവരങ്ങൾ അപ്പോൾ തന്നെ ലഭ്യമാകാത്ത സ്ഥിതിയാണ്. ഓൺലൈനായി നൽകിയ വിവരങ്ങൾ പ്രകാരം തെറ്റ് തിരുത്തേണ്ടത് സിവിൽ സപ്ലൈസ് വിഭാഗം തന്നെയാണ്. ലക്ഷക്കണക്കിനു തെറ്റുകളുള്ളതിനാൽ നിലവിലുള്ള ജോലിക്കാരെ ഉപയോഗിച്ച് ഇത് പൂർത്തീകരിക്കാനാവില്ല. റേഷൻ കാർഡ് പുതുക്കാനുള്ള കാർഡ് വിതരണം നടത്തിയത് റേഷൻ കാർഡുകൾ വഴിയും അതത് സ്ഥലത്തെ ക്യാമ്പുകൾ മൂലവുമാണ്. തെറ്റ് തിരുത്താനും ഇതേപോലുള്ള ക്യാമ്പുകൾ നടത്തേണ്ട അവസ്ഥയാണ്.

ഗ്രാമീണരിൽ ഭൂരിഭാഗത്തിനും ഓൺലൈനായി തെറ്റ് തിരുത്താനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ കഴിയില്ല. സ്വകാര്യ ഇന്റർനെറ്റ് ബൂത്തുകളിൽ ഇതിനായി വലിയ തുക നൽകേണ്ട അവസ്ഥയാണ്. പിന്നെ അങ്ങനെ ചെയ്താലും തെറ്റ് തിരുത്തുമെന്ന് ഉറപ്പിക്കാൻ കഴിയില്ല. പിന്നീട് നൽകിയിട്ടുള്ള ഫോൺ നമ്പർ പലപ്പോഴും പ്രവർത്തനരഹിതമാണ്. ചിലപ്പോൾ ഫോൺ അടിക്കില്ല, അല്ലെങ്കിൽ നിങ്ങൾ വിളിക്കുന്ന നമ്പർ തിരക്കിലാണ്, അതുമല്ലെങ്കിൽ റിങ് ചെയ്താലും എടുക്കില്ല ഇതൊക്കെയാണ് അവസ്ഥ.

ഡാറ്റ എൻട്രി നടത്തിയ റേഷൻകാർഡിലെ വിവരങ്ങളിലെ തെറ്റ് കണ്ടുപിടിക്കാൻ മാന്വലായി പ്രിന്റ് എടുത്ത് കാർഡ് ഉടമകൾക്ക് നൽകണം. എന്നാൽ അതിനു തയ്യാറാവാതെ നിലവിലുള്ള വിവരങ്ങൾ വച്ച് കാർഡ് വിതരണം നടത്തിയാൽ ആ കാർഡ് വീണ്ടും മാറ്റേണ്ട അവസ്ഥ തന്നെയുണ്ടാകുമെന്ന് ഈ രംഗവുമായി ബന്ധപ്പെട്ടവർ പറയുന്നു. അതേസമയം റേഷൻകാർഡിൽ ഡാറ്റ എൻട്രി നടത്തിയ വകയിൽ ഉണ്ടായ ക്രമക്കേടിനെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ഐടി അസോസിയേഷനുകൾ ആവശ്യപ്പെടുന്നുണ്ട്.